Kerala

തെരഞ്ഞെടുപ്പ് ചട്ടലംഘനം, തൃശൂരിൽ അനധികൃത കിറ്റ് വിതരണം; കേസ് രജിസ്റ്റർ ചെയ്ത് തൃശൂർ വെസ്റ്റ് പൊലീസ്

തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പരിശോധനയിൽ 26 കിറ്റുകൾ പിടിച്ചെടുത്തു

Madism Desk

തൃശൂർ: തൃശൂരിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് അനധികൃത കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തൃശൂർ വെസ്റ്റ് പൊലീസ്. തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സംഭവം പുറത്തുവന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഡോ. ബിന്ദു ടി. എൻ.യുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ച ഫ്ലയിംഗ് സ്ക്വാഡ്-1 ഒളരി പാർത്തസാരഥി ക്ഷേത്രത്തിനും കാർത്തിക സൂപ്പർ മാർക്കറ്റിനും സമീപം ശനിയാഴ്നച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ശിവരാമപുരം കോളനിയിൽ ആളുകൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 26 കിറ്റുകൾ സംഘം പിടിച്ചെടുത്തു. ഓരോ കിറ്റിനും ഏകദേശം 900 രൂപ വിലവരുന്ന സാധനങ്ങളാണ് ഉണ്ടായിരുന്നത്.

സ്ഥലത്തെ പരിശോധനയിൽ രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് തന്നെ 75 കിറ്റുകൾ കൂടി വിതരണം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഭാരതീയ ന്യായ സംഹിതയിലെ 170(1)(1), 173 വകുപ്പുകളും, ജനപ്രതിനിധിത്വ നിയമത്തിലെ 123(A)(1) വകുപ്പും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നോൺ-കോഗ്നിസബിൾ സ്വഭാവമുള്ള കേസായതിനാൽ മജിസ്‌ട്രേറ്റിന്റെ മുൻ അനുമതി നേടി തുടർന്ന് നടപടികൾ സ്വീകരിച്ചു.

ഇതിനിടെ, എഫ്‌ഐആർ നമ്പർ 280/2026 ആയി കേസ് രജിസ്റ്റർ ചെയ്ത തൃശൂർ വെസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു.

English Summary: Thrissur West Police registered a case after an election flying squad seized illegal distribution kits worth ₹900 each in violation of election rules