അട്ടപ്പാടി മധു ആള്‍ക്കൂട്ടക്കൊലപാതക കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി ഹൈക്കോടതി. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ 325, 325 എ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കുമേല്‍ ചുമത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശിക്ഷാ കാലയളവ് കൂട്ടിയത്.
കേസില്‍ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും പിഴശിക്ഷയും പതിനാറാം പ്രതിക്ക് മൂന്നു മാസത്തെ തടവുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചിരുന്നത്. ഇതില്‍ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. പതിനാറാം പ്രതിയുടെ ശിക്ഷ ഒരു വര്‍ഷമായും വര്‍ധിപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരെ മധുവിന്റെ കുടുംബത്തിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഒന്നാം പ്രതി ഹുസൈന്റെ അപ്പീല്‍ അനുവദിച്ച ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച്, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരുടെ അപ്പീല്‍ തള്ളി.
പതിനാറാം പ്രതി മുനീറിനെ മൂന്നു മാസത്തേക്കാണു വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്. ഇതാണു ഒരു വര്‍ഷമാക്കി ഹൈക്കോടതി ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ പ്രതികളുടെ അപ്പീല്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അവര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ കോടതി കേട്ടു. ശിക്ഷ കുറയ്ക്കണമെന്നാണ് മിക്കവരും ആവശ്യപ്പെട്ടത്. വീട്ടിലെ സാഹചര്യങ്ങളും വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളും മക്കളുടെ കാര്യവുമൊക്കെയാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി മുക്കാലിയില്‍ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് മര്‍ദിച്ചുകൊലപ്പെടുത്തിയത്. കൈകള്‍ കെട്ടിയശേഷമായിരുന്നു ക്രൂരമര്‍ദനം. അവശനായ മധുവിനെ പ്രതികള്‍, സ്ഥലത്തെത്തിയ അഗളി പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകവെയാണു മധു മരിച്ചത്.
16 പ്രതികളുണ്ടായിരുന്ന കേസില്‍ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. നാല്, 11 പ്രതികളെ വെറുതെവിട്ടുകൊണ്ട് 2023 ഏപ്രില്‍ അഞ്ചിനാണു ശിക്ഷ വിധിച്ചത്. ഇപ്പോള്‍ ഒന്നാം പ്രതിയെ ഹൈക്കോടതി കൂടി വെറുതെവിട്ടതോടെ കുറ്റക്കാരുടെ എണ്ണം 13 ആയി കുറഞ്ഞു.
English Summary: English Summary: The Kerala High Court sentenced 12 accused to life imprisonment in the Attappadi Madhu lynching case involving the murder of tribal youth Madhu. One accused received one year imprisonment, while the first accused Hussain was acquitted. The court also restored charges under the SC/ST Prevention of Atrocities Act, overturning the trial court’s earlier decision. Appeals filed by most of the convicted accused were dismissed by the High Court. The prosecution had argued that Madhu died after being assaulted by a mob in Attappadi in 2018, a case that sparked outrage across Kerala.