യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ നിയമനം പൂർത്തിയാക്കാത്തതിൽ സർക്കാരിനും മുന്നണിക്കുമെതിരെ രൂക്ഷവിമർശനവുമായി ആർഎസ്പി. ബോർഡ് കോർപ്പറേഷനുകൾക്ക് ഇപ്പോഴും നാഥനില്ലാത്ത അവസ്ഥയാണെന്നും, ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളിൽ മാത്രമാണെന്നും മുതിർന്ന ആർഎസ്പി നേതാവ് എ എ അസീസ് കുറ്റപ്പെടുത്തി.
മുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന് ചെയർമാൻ സ്ഥാനങ്ങൾ നൽകിയ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് തങ്ങൾ അറിഞ്ഞതെന്ന് എ എ അസീസ് വ്യക്തമാക്കി. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ച് യുഡിഎഫിൽ ഇതുവരെ ചർച്ചകൾ പൂർത്തിയാക്കിയിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നതെങ്കിലും കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ആശാവഹമല്ലെന്ന് അസീസ് ചൂണ്ടിക്കാട്ടി.
അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് സർക്കാരിന് അപകടകരമാണെന്നും അസീസ് മുന്നറിയിപ്പ് നൽകി. സർക്കാർ കേസുകൾ നടത്താൻ പോലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിയോഗിച്ച അഭിഭാഷകരെയാണ് ഇപ്പോഴും ആശ്രയിക്കുന്നതെന്നും അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വിമർശിച്ചു.
ആർഎസ്പിയുടെ വിമർശനങ്ങൾക്ക് പുറമെ കോൺഗ്രസിനുള്ളിലും നിയമനം വൈകുന്നതിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്. യുഡിഎഫ് സർക്കാരിൽ പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു. കൂടാതെ, ആറ് മാസമായിട്ടും കോണ്ഗ്രസിന് പദവികളായില്ല. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായിട്ടും പല നിർണായക പദവികളിലും ഇപ്പോഴും സിപിഎം നേതാക്കൾ തന്നെയാണ് തുടരുന്നത്. ഇതുകൊണ്ടുതന്നെ ഒരു ഭരണമാറ്റത്തിന്റെ യാതൊരു പ്രതീതിയും അനുഭവപ്പെടുന്നില്ലെന്നാണ് നേതാക്കളുടെ പരാതി. ഇതിനുപുറമെ, പല മന്ത്രിമാരും ജില്ലകളിൽ ഔദ്യോഗിക സന്ദർശനം നടത്തുമ്പോൾ പ്രാദേശിക കോൺഗ്രസ് നേതാക്കളെ അറിയിക്കുകയോ ഏകോപനം നടത്തുകയോ ചെയ്യുന്നില്ലെന്നും വിമർശനമുണ്ട്.
പ്രധാന നേതാക്കളായ എം എം ഹസൻ അടക്കമുള്ളവർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും, കെപിസിസി അധ്യക്ഷനും, രമേശ് ചെന്നിത്തലയും മാത്രം ചേർന്ന് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് കടുത്ത പ്രതിഷേധത്തിലാണ്. അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ കേരള കോൺഗ്രസിനും (ജോസഫ് വിഭാഗം) അതൃപ്തിയുണ്ട്. മുന്നണിയിൽ മുസ്ലിം ലീഗിന് ലഭിച്ച 22 സ്ഥാപനങ്ങളിൽ പലരും ഇതിനോടകം ചുമതലയേൽക്കുമ്പോഴാണ് മറ്റ് ഘടകകക്ഷികളും കോൺഗ്രസ് നേതാക്കളും ഈ അവഗണനയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, പദവികൾ വിഭജിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസിലെ എ ഗ്രൂപ്പ്. ഇനിയൊരു അവഗണന തുടർച്ചയായി സഹിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. ഇനി നടക്കുന്ന നിർണായക ചർച്ചകളിൽ തങ്ങളുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
The UDF government is facing severe criticism from its allies and within the Congress party over the six-month delay in Board and Corporation appointments. During the KPCC meeting, members expressed dissatisfaction, alleging undue favoritism towards the Muslim League and pointing out that CPM leaders still hold key posts. The Congress 'A' group has decided not to tolerate further neglect and is demanding mandatory representation in upcoming discussions.