Kerala

യുഡിഎഫ് മന്ത്രിസഭയ്ക്ക് ഏകദേശ ധാരണ; ധനകാര്യവും തുറമുഖവും സതീശന്, തിങ്കളാഴ്ച സംയുക്ത സത്യപ്രതിജ്ഞ

കോണ്‍ഗ്രസിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പും ലഭിക്കും

Madism Desk

കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം നടത്തിയ കൂടിയാലോചനകള്‍ക്കും ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശധാരണയായി. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുക. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ.

കോണ്‍ഗ്രസിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പും ലഭിക്കും. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവര്‍ മന്ത്രിമാരാകും. മുസ്ലിം ലീഗിന് അഞ്ചുമന്ത്രിസ്ഥാനങ്ങളും എം.കെ മുനീറിന് നല്‍കാന്‍ കഴിയുന്ന ഏതെങ്കിലും പദവിയും ഉണ്ടാകും. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എന്നിവരുടെ കാര്യം ഉറപ്പായി. പാറക്കല്‍ അബ്ദുള്ള, പി.കെ. ബഷീര്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍, എ.കെ.എം. അഷ്റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് പരിഗണനയില്‍.

ഒറ്റ അംഗമുള്ള മൂന്നുകക്ഷികളില്‍ സി.എം.പി നേതാവ് സി.പി. ജോണിന് അഞ്ചുവര്‍ഷ മന്ത്രിസ്ഥാനം ലഭിക്കും. കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ.ഡി.പി. നേതാവ് മാണി സി. കാപ്പന്‍ എന്നിവര്‍ മന്ത്രിസ്ഥാനം പങ്കുവെക്കും. ടേം വ്യവസ്ഥയില്‍ കാപ്പന് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. അതേസമയം, തനിക്കൊപ്പം നില്‍ക്കുന്ന ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവരിലൊരാളെ പരിഗണിക്കും. വി.ടി ബല്‍റാമും പരിഗണനയിലുണ്ട്. സണ്ണി ജോസഫിന് പുറമേ, റോജി എം. ജോണ്‍, ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് കോണ്‍ഗ്രസ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള പേരുകള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകണമെന്നാണ് പൊതുവിലുള്ള ആവശ്യം.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും നല്‍കുമ്പോള്‍ ധനവകുപ്പും തുറമുഖവും വി.ഡി സതീശന്‍തന്നെ നിലനിര്‍ത്തും. സിഎംപി നേതാവ് സി.പി ജോണിന് ഗതാഗതവകുപ്പും, സണ്ണി ജോസഫിന് റവന്യൂവും, എം. ലിജുവിന് എക്സൈസ് വകുപ്പും നല്‍കാനാണ് തീരുമാനം. ആരോഗ്യവകുപ്പ് കെ. മുരളീധരന് നല്‍കണമെന്ന് ചര്‍ച്ചകളിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ലീഗിന്റെ കൈവശമുള്ളതാണെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇതിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് കൃഷി വകുപ്പ് നല്‍കാനാണ് നിലവിലെ തീരുമാനം. കൂടാതെ ആര്‍എസ്പി ജലവിഭവ വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Following marathon discussions and bilateral talks between Congress and its allies, a broad consensus has been reached regarding the upcoming UDF cabinet. The final list of ministers will be submitted to the AICC national leadership on Sunday morning and, following their approval, the names will be handed over to the Governor by Sunday afternoon. All ministers will take the oath of office together on Monday.