വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ തകൃതി. മൂന്നു പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ണുവെച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്താകും മുഖ്യമന്ത്രി ചർച്ചകൾ നടക്കുക. ഹൈക്കമാൻഡ് നിർദേശിക്കുന്ന നേതാവിനെ എംഎൽഎമാർ പിന്തുണയ്ക്കും.
കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കസേരയിൽ കണ്ണുവെച്ചിരിക്കുന്നത്. സ്വാഭാവികമായും പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശനാണ് നറുക്ക് വീഴേണ്ടത്. എന്നാൽ കെ.സി.വേണുഗോപാലിനാണ് എംഎൽഎമാരുടെ പിന്തുണ.
കെ.സി.വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ളവരാണ് കോൺഗ്രസ് എംഎൽഎമാരിൽ കൂടുതൽ. ഹൈക്കമാൻഡിലെ കെ.സിക്കുള്ള സ്വാധീനവും അനുകൂല ഘടകമാണ്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഇരിക്കൂറിൽ സജി ജോസഫിനെ രാജിവെപ്പിച്ച് വേണുഗോപാൽ ഉപതിരഞ്ഞെടുപ്പ് നേരിടാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് കോൺഗ്രസ് അണികൾക്കു താൽപ്പര്യം. സമൂഹമാധ്യമങ്ങളിൽ സതീശനു വലിയ പിന്തുണയുമുണ്ട്. സതീശനെ തഴഞ്ഞാൽ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതിഷേധവുമായി ഇറങ്ങാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടായിരിക്കും സതീശൻ സ്വീകരിക്കുക. അങ്ങനെ വന്നാൽ അത് സംസ്ഥാന കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹത്തിനു കാരണമായേക്കുമെന്ന ഭയവും ഹൈക്കമാൻഡിനുണ്ട്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാൻ ക്ലെയിം ഉന്നയിച്ചിട്ടുണ്ട്. 2021 ൽ എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ല. അന്ന് കിട്ടാത്ത പരിഗണന ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
വി ഡി സതീശനെ ഒഴിവാക്കാൻ രമേശ് ചെന്നിത്തലയെ തൽക്കാലം പിന്തുണച്ച് ഒരു നിശ്ചിതസമയത്തിനുള്ളിൽ മുഖ്യമന്ത്രി പദം കെ സി വേണുഗോപാൽ പിടിച്ചെടുക്കാനുള്ള സാധ്യതയും കോൺഗ്രസിൽ പറഞ്ഞുകേൾക്കുന്നുണ്ട്. വി ഡി സതീശന്റെ നേതൃമികവാണ് ടീം യുഡിഎഫ് എന്ന പ്രതീതി സൃഷ്ടിക്കാനും ഇപ്പോഴത്തെ വൻ വിജയത്തിനും കാരണമായതെന്നാണ് ജനത്തിനിടയിലുണ്ട്.
ഈ സാഹചര്യത്തിൽ സതീശനെ 'സീനിയർ' കുരുക്കിൽ അകപ്പെടുത്താനാണ് നീക്കം. രമേശ് ചെന്നിത്തലയ്ക്ക് സതീശനെക്കാൾ സീനിയോറിറ്റിയെന്നും അതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിപദം നൽകണമെന്നുമുള്ള ആവശ്യം കെസി പക്ഷം ഹൈക്കമാൻഡിനു മുന്നിൽ വയ്ക്കാനാണു സാധ്യത. പ്രതിപക്ഷ നേതാവിനെ വീണ്ടും ഉയർന്ന സ്ഥാനത്തേക്കു പരിഗണിക്കുന്ന കീഴ്വഴക്കമില്ലെന്നും ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു. 2016 ൽ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കു പകരം 2021ൽ സതീശനെ ആ സ്ഥാനത്തേക്കു കൊണ്ടുവന്നതാണ് ഈ വാദമുന്നയിക്കുന്നവർ ഉയർത്തുന്നത്.
English Summary: Following UDF’s sweeping victory in the 2026 Kerala Assembly elections, intense discussions are underway over the chief ministerial post. K.C. Venugopal, V.D. Satheesan, and Ramesh Chennithala have emerged as key contenders. While Satheesan has strong grassroots and public backing, Venugopal reportedly enjoys greater MLA support and influence within the high command. Chennithala has also asserted his claim citing seniority. The final decision will rest with the Congress high command, making the situation politically delicate.