യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറ് മാസം പിന്നിട്ടിട്ടും ബോർഡ്, കോർപറേഷൻ ചെയർമാൻമാരുടെയും ക്യാബിനറ്റ് റാങ്കുള്ള പദവികളുടെയും വിഭജനത്തിൽ അന്തിമ തീരുമാനമാകാത്തതിനെ ചൊല്ലി മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. പദവി വിഭജനം വൈകുന്നതിലെ അമർഷത്തിനൊപ്പം മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവർത്തനശൈലിക്കെതിരെയും ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. ആർഎസ്പിയും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയതോടെ യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി പക്ഷവും പ്രതിരോധത്തിലായി.
മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പ്രവർത്തന ശൈലിയിലാണ് ആർഎസ്പിക്ക് കടുത്ത അതൃപ്തിയുള്ളത്. പദവി വിഭജനവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് ആർഎസ്പിയുടെ പ്രധാന പരാതി. ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അതിന് തയ്യാറാകാതെ, മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നതിനേക്കാൾ കുറച്ച് നാല് പദവികൾ മാത്രമാണ് വാഗ്ദാനം ചെയ്തതെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുന്നു.
വിഭജനം വൈകുന്നതിൽ മന്ത്രിസഭാ യോഗത്തിൽ തന്നെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച ചേർന്ന ആർഎസ്പി സംസ്ഥാന കമ്മിറ്റിയുെ പ്രതിഷേധം രേഖപ്പെടുത്തി. മുതിർന്ന നേതാവ് എ എ അസീസിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പരസ്യമായി ആവശ്യപ്പെട്ടു.
ആറ് മാസമായിട്ടും പദവി വിഭജനം പൂർത്തിയാക്കാത്തതിൽ എതിർപ്പ് വ്യക്തമാക്കിയ അദ്ദേഹം, ഈ മാസം തന്നെ നടപടികൾ പൂർത്തിയാക്കണമെന്നും നയപരമായ തീരുമാനങ്ങൾ യുഡിഎഫ് യോഗം ചേർന്നാകണം എടുക്കേണ്ടതെന്നും വ്യക്തമാക്കി. മുന്നണി മര്യാദ പരിഗണിച്ചാണ് ഇതുവരെ പരസ്യ പ്രതികരണങ്ങൾ മിതപ്പെടുത്തിയതെന്നും, പി ജെ ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം നൽകുമെന്ന വാർത്തകൾക്കിടെ തങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് ആർഎസ്പി നിലപാട്.
അതിനിടെ, മുസ്ലിം ലീഗിന് മാത്രം മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകുന്നുവെന്ന വികാരം മറ്റ് ഘടകകക്ഷികൾക്കിടയിലെല്ലാം ശക്തമാണ്. ലീഗിന് മുപ്പതിലധികം പദവികൾ നൽകാൻ ധാരണയായപ്പോൾ തങ്ങൾ തഴയപ്പെട്ടുവെന്നാണ് ഘടകകക്ഷികളുടെ പരാതി.
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ പ്രതിഷേധത്തിനും ഇതാണ് പ്രധാന കാരണം. പി ജെ ജോസഫിന് ക്യാബിനറ്റ് റാങ്കോടെ പദവി നൽകണമെന്ന ആവശ്യം അവഗണിച്ച മുഖ്യമന്ത്രി, തന്നെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാൻ ലീഗ് നടത്തിയ ഡൽഹി ദൗത്യത്തിനുള്ള പ്രത്യുപകാരമായാണ് ഡോ. എം കെ മുനീറിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വയോജന കമ്മീഷൻ അധ്യക്ഷ പദവി ഉൾപ്പെടെയുള്ളവയിൽ തീരുമാനമാകാത്തതിൽ മന്ത്രി മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ മുന്നണി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഘടകകക്ഷികളുടെ എതിർപ്പിനൊപ്പം കോൺഗ്രസിനുള്ളിലെ പദവി വിഭജന ചർച്ചകളും കടുത്ത അനിശ്ചിതത്വത്തിലാണ്. വിഭജന ചർച്ചകളിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്നും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസിലെ 'എ' വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഗ്രൂപ്പ് തിരിഞ്ഞുള്ള കോൺഗ്രസ് നേതാക്കളുടെ ഡൽഹി ദൗത്യത്തിന് ഹൈക്കമാൻഡ് ഇതുവരെ വലിയ വില കൽപ്പിച്ചിട്ടില്ലെന്നാണ് സൂചന.
ഹൈക്കമാൻഡ് ഇടപെട്ട് പ്രത്യേക സമിതി രൂപീകരിക്കുമെന്ന പ്രതീക്ഷയിൽ വിമത വിഭാഗം നീങ്ങുമ്പോൾ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടൽ തടയാനുള്ള ഒരുക്കത്തിലാണ് സതീശനും കൂട്ടാളികളും. കോൺഗ്രസിലെ തർക്കങ്ങൾക്കൊപ്പം ഘടകകക്ഷികളുടെ പ്രതിഷേധം കൂടി ശക്തമായതോടെ കരുതലോടെയാണ് മുഖ്യമന്ത്രി പക്ഷം നീങ്ങുന്നത്.
മുന്നണിയിലെ ഐക്യത്തെ ബാധിക്കുന്ന തരത്തിൽ ഘടകകക്ഷി നേതാക്കൾ നടത്തുന്ന പരസ്യപ്രതികരണങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശനും കെപിസിസി നേതൃത്വവും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നാനൂറിലധികം ബോർഡുകളും കോർപ്പറേഷനുകളും ഉള്ളതിനാൽ എല്ലാ കക്ഷികളുടെയും ആവശ്യങ്ങൾ പരിഗണിച്ചുള്ള വിഭജനം സങ്കീർണ്ണമാണെന്നാണ് യുഡിഎഫ് നേതൃത്വം നൽകുന്ന വിശദീകരണം.
ഇതിനിടെ, സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട നടപടികളും യുഡിഎഫിൽ എങ്ങുമെത്തിയിട്ടില്ല. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും, അത് പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. ഉപസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായരുടെ പേരാണ് നിലവിൽ പരിഗണിക്കുന്നത്. വരും ദിവസങ്ങളിൽ ഘടകകക്ഷികളുടെ പ്രതിഷേധം കൂടുതൽ തീവ്രമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
Six months into the UDF government's tenure in Kerala, internal dissent has intensified over the delayed allocation of board, corporation, and cabinet-rank positions. Constituent parties—particularly the RSP and Kerala Congress (Joseph)—have openly criticized Chief Minister V.D. Satheesan's unilateral functioning and alleged favoritism toward the Muslim League. While RSP leaders, including Shibu Baby John and N.K. Premachandran, demand immediate bilateral talks and a cabinet-rank post for A.A. Azeez, the Joseph faction is upset over being sidelined in key appointments. Simultaneously, the Congress 'A' group is preparing to approach the High Command over lack of representation, even as the formation of the UDF subcommittee on the new liquor policy remains stalled.