അന്തരിച്ച മുൻ സിപിഐഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് വിഎസ് അച്യൂതാനന്ദന്റെ മകൻ വിഎ അരുൺ കുമാറും രംഗത്ത്. പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അരുൺ കുമാർ ഓർപ്പെടുത്തി.
വിഎ അരുൺ കുമാറിന്റെ വാക്കുകൾ:
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
നേരത്തെ മുൻ പാർട്ടി സെക്രട്ടറിയും പിണറായി വിജയന്റെ അടുത്ത സുഹൃത്തുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. 'ഒരേ ഒരു കോടിയേരി' എന്ന വാചകത്തിലാണ് ബിനീഷ് ഫേസ്ബുക്കിൽ സഖാവ് പുഷ്പനെ സന്ദർശിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പങ്കുവെച്ചത്. പരോക്ഷമായി ഇരുവരും വിമർശിക്കുന്നത് പിണറായി വിജയനെയാണെന്ന അഭിപ്രായം കമന്റ് ബോക്സുകളിലും വിമത സിപിഐഎം ഇടങ്ങളിലും ശക്തമാണ്.
English Summary: VA Arun Kumar has indirectly criticized the party leadership after the Kerala election results, echoing similar remarks by Bineesh Kodiyeri. He emphasized that people’s interests always stand with what is right and called for a return to core values.