കൊല്ലം: കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കേസിൽ എഴുപതിലധികം സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
2023 മേയ് 10നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. അയൽവാസിയുമായുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ സന്ദീപ് ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രതിയെ പരിശോധിക്കാനായി എത്തിയ വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു.
പ്രതി മേശയ്ക്ക് മുകളിലുണ്ടായിരുന്ന കത്രികയെടുത്ത് വന്ദനയെ ഒൻപതിലധികം തവണ കുത്തിപ്പരുക്കേൽപ്പിച്ചു. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല. വന്ദനയുടെ കഴുത്തിലും മുതുകിലും അടക്കം കുത്തേറ്റു. പ്രതിക്കൊപ്പമുണ്ടായിരുന്ന പൊലീസുകാർക്കും സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തിയ പൊലീസ് ഓഗസ്റ്റ് 23നാണു കുറ്റപത്രം സമർപ്പിച്ചത്. സന്ദീപിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം ആദ്യഘട്ടത്തിൽ തന്നെ തള്ളാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണസംഘം ഹാജരാക്കിയിരുന്നു. ഈ തെളിവുകൾ കളവാണെന്ന് വാദിക്കാൻ പ്രതിഭാഗം ശ്രമിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല.
കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന വന്ദനയുടെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാൽ വിചാരണ നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
English Summary: In the Dr. Vandana Das murder case, the trial court has sentenced accused Sandeep to life imprisonment. The verdict brings closure to a widely discussed case that had shocked Kerala.