പതിനാറാം നിയമസഭയിലേക്കുള്ള മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോൺഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കേരളം സാക്ഷിയാകുന്നത് മുന്‍പെങ്ങുമില്ലാത്ത ബഹുജന പ്രതിരോധം. കോണ്‍ഗ്രസ് നിലപാടുകളെ സ്വാധീനിക്കുന്ന നിലയില്‍ പ്രവര്‍ത്തകരും പൊതു ജനങ്ങളും പരസ്യമായി പ്രതികരിക്കുന്ന നിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യവുമായി കേരളത്തില്‍ ഉടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തി.
മുഖ്യമന്ത്രി ചര്‍ച്ചകളിലെ കെ സി വേണുഗോപാലിന്റെ സാന്നിധ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എമാര്‍ക്ക് പുറത്ത് നിന്നും ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ജനവിധിയെ പരിഹസിക്കുന്നതാണെന്ന് തുറന്നു പറയാന്‍ പ്രവര്‍ത്തകരും, ജനങ്ങളും തയ്യാറാകുന്നു എന്നത് കേരളത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ സൂചനയാണ്. നേരത്തെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന് സിപിഎം സീറ്റ് അനുവദിച്ചിച്ചേക്കില്ലെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നിലപാടിന് എതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയ സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെന്ന് വിലയിരുത്തുന്നവരും കുറവല്ല.
പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച വി ഡി സതീശന് തന്നെ അവസരം നല്‍കണമെന്നാണ് ജനവികാരം. പാര്‍ട്ടി പ്രതിസന്ധികളിലൂടെ കടന്നുപോയ സമയങ്ങളില്‍ മുന്നില്‍ നിന്ന് കോണ്‍ഗ്രസിനെ നയിച്ച വ്യക്തിയാണ് വി ഡി സതീശനെന്നാണ് അനുയായികളുടെ വാദം. സര്‍ക്കാരിനെതിരായ ശക്തമായ പ്രതിപക്ഷ നിലപാടുകള്‍, ജനകീയ വിഷയങ്ങളിലെ ഇടപെടല്‍, സംഘടനാ തലത്തിലുള്ള സജീവ സാന്നിധ്യം എന്നിവ സതീശന്റെ നേതൃത്വഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യുഡിഎഫിലെ ഘടക കക്ഷികളുടെയും പിന്തുണ വി ഡി സതീശനുണ്ട്. എന്നാല്‍, കോണ്‍ഗ്രസിലെ രീതികളും സാഹചര്യങ്ങളും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഞായറാഴ്ച മുഖ്യമന്ത്രിയുടെ പേരില്‍ അന്തിമ തീരുമാനത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഘടകകക്ഷികളും കോൺഗ്രസും!
മുസ്‌ലിം ലീഗ് പിന്തുണ വി ഡി സതീശനാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് എ ഐ സി സി പ്രതിനിധികളെ കണ്ട് മടങ്ങിയ മുസ്‌ലിം ലീഗ് പ്രതിനിധികൾ വ്യക്തമാക്കിയത് 'ജനവികാരമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, എം.എൽ.എമാരുടെ പിന്തുണയുടെ എണ്ണം മാത്രമല്ല' എന്ന നിലപാടാണ്. മുസ്ലിം ലീഗ് നേതൃത്വവും സംസ്ഥാനത്തെ പൊതുജന വികാരം പരിഗണിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നത്, വി ഡി സതീശനോടുള്ള പിന്തുണയാണ്.
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും മുഖ്യമന്ത്രി സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ 'പൊതുജന പിന്തുണ' നിർണായകമാണെന്നും, സിറ്റിംഗ് എംഎൽഎയായ ഒരാൾക്കാണ് മുൻഗണന ലഭിക്കേണ്ടതെന്നുമുള്ള സൂചന നൽകിയിട്ടുണ്ട്. അതായത്, രമേഷ് ചെന്നിത്തലയോ, വി ഡി സതീശനോ മുഖ്യമന്ത്രി ആവട്ടെ. എം പി യായ കെ സി വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് വ്യക്തമാക്കിയത്. അതേസമയം പൊതുജന വികാരം വി ഡിയ്ക്കാണെന്നതും ശ്രദ്ധേയമാണ്.
ഗ്രൂപ്പും കോൺഗ്രസും!
കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കുകളില്ലെന്ന് പറയുമ്പോഴും പാർട്ടിക്കുള്ളിൽ ഒരു ഉൾപാർട്ടി രാഷ്ട്രീയമുണ്ടെന്ന് വ്യക്തമാക്കുകയാണ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ പക്ഷങ്ങൾ.
വി ഡി സതീശൻ പക്ഷം യുവ നേതൃത്വവും ശക്തമായ പ്രതിപക്ഷ മുഖവുമെന്ന ഇമേജിലൂടെ ജനകീയ സ്വീകാര്യത ഉയർത്തിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് രമേശ് ചെന്നിത്തല പക്ഷം ദീർഘകാല സംഘടനാനുഭവവും ഭരണ-രാഷ്ട്രീയ രംഗത്തെ പരിചയസമ്പത്തും മുൻനിർത്തിയാണ് മുന്നേറുന്നത്. അതേസമയം കെ സി വേണുഗോപാൽ പക്ഷം ദേശീയ നേതൃത്വവുമായി ഉള്ള അടുത്ത ബന്ധവും ഹൈക്കമാൻഡ് പിന്തുണ നേടാനുള്ള സാധ്യതയും ശക്തമായ ഘടകങ്ങളായി ഉയർത്തിക്കാട്ടുന്നു.
ഏകദേശം 47 ഓളം എംഎൽഎ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വി ഡി സതീശന് 35 മുതൽ 40 വരെയും, രമേഷ് ചെന്നിത്തലയ്ക്ക് 20 മുതൽ 25 വരെയുമാണ് എംഎൽഎ പിന്തുണയുള്ളതെന്നാണ് വിലയിരുത്തലുകൾ. ആരു മുഖ്യമന്ത്രിയാവണമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് കൈ ക്കൊള്ളാമെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ, സന്ദീപ് വാരിയർ, രമേഷ് പിഷാരടി തുടങ്ങി ഏതാനും പേർ സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ കത്ത് നൽകി. എംപിമാരായ ബെന്നി ബഹനാൻ, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, മുതിർന്ന നേതാക്കളായ വി.എം.സുധീരൻ, പി.ജെ.കുര്യൻ എന്നിവരും നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി. സുധീരന്റെ പിന്തുണ സതീശനാണെന്നാണു വിവരം.
English Summary: With confidence growing over a possible UDF victory in Kerala, discussions around the Chief Minister’s post have intensified, with rising support for V. D. Satheesan from both Congress workers and alliance partners. Supporters credit Satheesan’s leadership and aggressive opposition role against the LDF government. At the same time, Ramesh Chennithala and K. C. Venugopal remain strong contenders in the CM race.