പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍, ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്റെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും കരുനീക്കങ്ങള്‍ക്കുമായിരുന്നു കഴിഞ്ഞ പത്ത് ദിനരാത്രങ്ങളില്‍ രാജ്യം സാക്ഷ്യം വഹിച്ചത്.
കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും കേരളത്തിലെ സംഭവങ്ങള്‍ രാഷ്ട്രീയ ആരോപണത്തിന് ഉപയോഗിച്ചു. വിമര്‍ശനനങ്ങള്‍ക്കും അരോപണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയായി വിഡി സതീശന്‍ എന്ന പേരിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തുന്നതിന് മുന്‍പ് , ആ തീരുമാനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ പരസ്യമായും രഹസ്യമായും കേരളത്തില്‍ ഉരുത്തിരിഞ്ഞിരുന്നു.
നേതൃത്വത്തെ തിരുത്തിയ അണികള്‍
ചിന്തിച്ചതിലും വലിയ വിജയം നല്‍കിയായിരുന്നു കേരളത്തില്‍ യുഡിഎഫിനെ ജനങ്ങള്‍ വിജയിപ്പിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്ന് പേരുകള്‍ ഉയര്‍ന്നുവന്നു. രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുടെ പേരുകള്‍ക്ക് അപ്പുറത്ത് കോണ്‍ഗ്രസ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കൂടി ചര്‍ച്ചകളില്‍ എത്തിയതോടെയാണ് പ്രതിസന്ധി കനത്തത്.
സംഘടനയിലെ സ്വാധീനവും എംഎല്‍എമാരുടെ പിന്തുണയും ഉയര്‍ത്തിയായിരുന്നു ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇതില്‍ കെ സി വേണുഗോപാല്‍ പക്ഷത്തിനായിരുന്നു മുന്‍ഗണന. കാര്യങ്ങള്‍ ആവഴിക്ക് പോയതോടെയാണ് സംസ്ഥാനത്ത് വിഡി സതീശനായുള്ള ജനവികാരം തെളിഞ്ഞത്. നേതാക്കള്‍ക്ക് അപ്പുറം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി ചര്‍ച്ചകളെ തള്ളിപ്പറയുന്ന നിലയുണ്ടായി. പൊതു ജനവികാരവും എതിരായി. ഇതിനിടെ നേതാക്കള്‍ക്കായി സംസ്ഥാനത്ത് ഉടനീളം ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു.
ചര്‍ച്ചകള്‍ പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ഹൈക്കമാന്‍ഡിലും അതൃപ്തി പുകഞ്ഞു. നേതാക്കളെ ഐഐസിസി ഇടപെട്ട് തന്നെ താക്കീത് ചെയ്തു. എന്നാല്‍ പ്രതിഷേധം തെരുവിലും സോഷ്യല്‍ മീഡിയിലും നിറഞ്ഞതോടെ ഹൈക്കമാന്‍ഡ് ജനവികാരത്തിന്റെ ചൂടറിഞ്ഞു.
ഘടക കക്ഷികളുടെ സമ്മര്‍ദം
ആള്‍ബലം തെളിയിക്കാന്‍ കോണ്‍ഗ്രസില്‍ മൂന്ന് നേതാക്കളും കിണഞ്ഞ് ശ്രമിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ ഘടക കക്ഷികളുടെ തീരുമാനവും നിര്‍ണായകമായി. മുസ്ലീം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് തുടങ്ങിയ ഘടക കക്ഷികള്‍ തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു.
മുസ്ലീം ലീഗ് നേതൃത്വം വി ഡി സതീശനായി തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ലീഗ് നേതാക്കള്‍ പലപ്പോഴും പരസ്യമായിത്തന്നെ വിഡി സതീശന് പിന്തുണ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കാതെ കോണ്‍ഗ്രസ് കളിക്കുന്ന ഈ കളി, കേരളത്തിലെ ജനതയെ വെല്ലുവിളിക്കുന്നതാണെന്ന് തുറന്ന് പറയാന്‍ ഷിബു ബേബി ജോണ്‍ തയ്യാറായി. അധികാരക്കസേരയിലേക്ക് അള്ളിപ്പിടിച്ചുകയറാന്‍ കൊതിക്കുന്ന നേതാക്കള്‍, സ്ഥാനമോഹികളല്ലെന്നുമാത്രം ഇനിയും വീമ്പുപറയരുത് എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഒരു പടികൂടി കടന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പ്രതികരിച്ചത്. ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ നയിക്കട്ടെ എന്നായിരുന്നു പി ജെ ജോസഫിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പിലൂടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കാത്തിരുന്ന കെ സി വേണുഗോപാലിന്റെ നീക്കങ്ങളോട് അതൃപ്തി പ്രകടിപ്പിക്കുന്നതായിരുന്നു ഈ നിലപാട്.
ഉപതെരഞ്ഞെടുപ്പ്
നിലവില്‍ ആലപ്പുഴ എംപിയായി കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാല്‍ രണ്ട് ഉപ തിരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷിയാകും. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്കും, കെസി മത്സരിക്കാന്‍ തെരഞ്ഞെടുക്കുന്ന സീറ്റിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നതോടെ ജന വികാരം എതിരായേക്കുമെന്ന ഭയം നേതൃത്വത്തില്‍ ഉണ്ടാക്കി.
ഉപതെരഞ്ഞെടുപ്പില്‍ ജനവികാരം അറിയുമെന്ന നിലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വയനാട് ഇനി സ്വപ്‌നം കാണേണ്ടെന്ന് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുന്നറിപ്പ് നല്‍കുന്ന വിധത്തില്‍ പോലും പ്രതികരണങ്ങള്‍ ഉണ്ടായി. ജനവികാരം മാനിച്ചില്ലെങ്കില്‍ വിജയത്തിന്റെ ശോഭ കെടുമെന്ന നിലയിലായിരുന്നു വിലയിരുത്തലുതള്‍.
വെള്ളാപ്പള്ളി, സുകുമാരന്‍ നായര്‍, കാന്തപുരം
വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയത് ഭൂരപക്ഷ വിഭാഗങ്ങളില്‍ അതൃപ്തി ഉണ്ടാക്കുമെന്നായിരുന്നു കോണ്‍ഗ്രസില്‍ ഉയര്‍ ആദ്യ ചര്‍ച്ച. എന്നാല്‍, ഇതിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ തള്ളുന്ന നിലപാട് സ്വീകരിച്ച് കേരളത്തിലെ പ്രമുഖ സമുദായ നേതാക്കളായ വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയത് വികാരത്തില്‍ കാതലായ മാറ്റം ഉണ്ടാക്കി.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരും വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിഡി സതീശനെ തള്ളിപ്പറഞ്ഞത്. കെ സി വേണുഗോപാലിനെ പിന്തുണച്ചും ഇരുവരും രംഗത്തെത്തി. കെ സി വേണുഗോപാലിനെ പിന്തുണച്ച് കാന്തപുരം വിഭാഗം എഐസിസിക്ക് കത്തയക്കുകയും ചെയ്തു.
English Summery: After ten days of intense discussions and political uncertainty, the Congress high command has officially announced V. D. Satheesan as the new Chief Minister of Kerala. The leadership decision sparked unprecedented debates, rumours, and strategic moves within the party, drawing national attention. Factors such as electoral performance, public acceptance, Satheesan’s role as Opposition leader, internal party support, and the stance of alliance partners reportedly influenced the high command’s final decision.