Kerala

കടക്കെണിയിൽ കേരളം, ബാധ്യത 5.07 ലക്ഷം കോടി; ധവളപത്രം പുറത്തിറക്കി വി ഡി സർക്കാർ, ചട്ടവിരുദ്ധമെന്ന് മുന്‍ ധനമന്ത്രി

ഔദ്യോഗിക രേഖകള്‍ തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പാണെന്നും ഇതില്‍ ബാഹ്യമായ ഇടപെടലുകള്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് ഒരു രാഷ്ട്രീയ രേഖയാണെന്നും അദ്ദേഹം വിമര്‍ശിച്ചു

Madism Desk

കേരളം കടുത്ത സാമ്പധ്യതയിലാണെന്ന് വ്യക്തമാക്കി ധവളപത്രം. ആകെ കടബാധ്യത 5.07 ലക്ഷം കോടിയാണ്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായാണ് വിനിയോഗിക്കപ്പെടുന്നതെന്നും നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം വ്യക്തമാക്കുന്നു.

ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം സമര്‍പ്പിച്ചത്. പിന്നാലെ മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ധനകാര്യ വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടതെന്നും ഔദ്യോഗിക രഹസ്യരേഖകള്‍ പുറത്തുനിന്നുള്ളവരെ ഏല്‍പ്പിച്ചത് ചട്ടവിരുദ്ധമാണെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. സമിതിയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടര്‍ വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി നാരായണ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാലാണ് സമിതിയുടെ കണ്‍വീനര്‍.

കടത്തില്‍ മുങ്ങിയ കേരളം

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ മൊത്തം കടബാധ്യതയുടെ കൃത്യമായ കണക്കുകള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയാണ്. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായാണ് ചെലവാകുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നു. കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ വലിയ നഷ്ടത്തിന് കാരണം. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചു.

പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കുന്നുവെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്റെ കടങ്ങൾ യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ കടങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമിതിയുടെ ശുപാര്‍ശ

വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനകമ്മിയും കുറച്ചുകൊണ്ടുവരാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ധവളപത്രം ആവശ്യപ്പെടുന്നു. അടിയന്തരമായി വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ സംസ്ഥാനം താങ്ങാനാവാത്ത സാമ്പത്തിക പതനത്തിലേക്ക് നീങ്ങുമെന്നാണ് സമിതി നല്‍കുന്ന പ്രധാന മുന്നറിയിപ്പ്. , ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

അതേസമയം, ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കേണ്ട അധികാരം സി ആന്‍ഡ് എജിക്കാണെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സമാന്തരമായി രേഖകള്‍ പുറത്തുവിടുന്നത് മുഖ്യമന്ത്രി നടത്തിയ സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനമാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പക്കലുള്ള രഹസ്യ വിവരങ്ങള്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ബാലഗോപാല്‍ വാദിച്ചു. ധനകാര്യ വകുപ്പിന്റെ മേല്‍നോട്ടമില്ലാതെ ഇത്തരം രേഖകള്‍ തയ്യാറാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതികരിച്ചിരുന്നു. ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ധവളപത്രം തയ്യാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് വലിയ ചട്ടലംഘനമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പാണെന്നും ഇതില്‍ ബാഹ്യമായ ഇടപെടലുകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു രാഷ്ട്രീയ രേഖയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുൻ സർക്കാർ പിന്തുടർന്നുപോന്ന കാര്യങ്ങൾ അതേപോലെ പിന്തുടരാനല്ല ജനങ്ങൾ തങ്ങളെ ജയിപ്പിച്ച് സഭയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വായിച്ചുപോലും നോക്കാതെ പ്രതിപക്ഷനേതാവ് നടത്തിയത് രാഷ്ട്രീയ പ്രസ്താവനയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുമധ്യത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്ലാൻ ഡോക്യുമെന്റുകൾ, ബജറ്റ് രേഖകൾ തുടങ്ങിയവ അവലോകനം ചെയ്ത് തയ്യാറാക്കിയ ഇതിൽ രഹസ്യ സ്വഭാവമുള്ള ഒന്നുമില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

മുൻകാലങ്ങളിൽ കെട്ടിപ്പൊക്കിയ സാമ്പത്തിക മിഥ്യകൾ തകർക്കാനും സംസ്ഥാനത്തിന്റെ അടിത്തറ ഭദ്രമാക്കാനും ഈ ധവളപത്രം സഹായിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചെര്‍ത്തു. സർക്കാർ മേശപ്പുറത്തുവെച്ചിരിക്കുന്ന ധവളപത്രം ക്യാബിനറ്റ് അം​ഗീകരിച്ചതാണ്. ഔദ്യോ​ഗിക രേഖയായാണ് ഇത് സഭയുടെ മുന്നിൽ വന്നത്. കെഎൻ ബാല​ഗോപാൽ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്രശ്നങ്ങൾ ഉള്ളതായി കാണുന്നില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

എന്താണ് ധവളപത്രം

ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

English Summary: Kerala's government has presented a white paper detailing the state's financial condition, debt burden, and fiscal challenges. The report, prepared by a committee headed by K. M. Chandrasekhar with members from Centre for Development Studies, recommends strict fiscal discipline and measures to reduce revenue and fiscal deficits. Former Finance Minister K. N. Balagopal and Opposition Leader Pinarayi Vijayan criticized the process, alleging that involving an external committee in preparing such a document was irregular and amounted to a violation of established procedures.