വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കേരളം. കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിക്കുക.
ഇന്ദിരാ ഗ്യാരണ്ടി, ക്ഷേമ പദ്ധതികള്‍, മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലെ പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം.
കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതി നാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് സൂചനയുണ്ട്.
സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാ ഗാരന്റികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ, ഭൂനിയമങ്ങളിൽ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്താണെന്നും ബജറ്റിലൂടെ അറിയാം.
ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ.ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ.മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഒരു തവണയും ശങ്കർ രണ്ട് തവണയുമാണ് ബജറ്റ് അവതരിപ്പിച്ചത്.
ധന വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന ചരിത്രത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ.ആർ ശങ്കറായിരുന്നു ഒന്നാമൻ.1960ലെ പട്ടം താണുപിളളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പി എസ് പി മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയും ധന മന്ത്രിയുമായിരുന്നു ആർ. ശങ്കർ.62 ൽ പട്ടം താണുപിളള പഞ്ചാബ് ഗവർണറായി നിയമിക്കപ്പെട്ടതോടെ ശങ്കർ മുഖ്യമന്ത്രിയായി.ധന വകുപ്പ് മറ്റാർക്കും വിട്ടുനൽകിയുമില്ല.1963 ലും 64 ലും അങ്ങനെ ആർ ശങ്കർ ബജറ്റവതരിപ്പിച്ചു.
അടുത്ത ബജറ്റ് 2016ലായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റ്.ബാർ കോഴക്കേസിൽ ധനമന്ത്രിയായിരുന്ന കെ.എം മാണി രാജി വെച്ചതോടെയാണ് ബജറ്റ് അവതരണ ചുമതല മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയിലെത്തിയത്.
മുഖമന്ത്രിയുടെ ഔദ്യോഗികവസതിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ പ്രതിപക്ഷനേതാവിന്റെ വസതിയിൽ നിന്നാണ് മുഖ്യമന്ത്രി ബജറ്റിനിറങ്ങുന്നത് എന്ന അപൂർവതയും ഇത്തവണയുണ്ട്.
English Summary: Kerala is eagerly awaiting the first budget of the V.D. Satheesan government, set to be presented today. The budget, to be presented by Chief Minister and Finance Minister V.D. Satheesan, will be a revised version of the one introduced by the previous government on January 29. Announcements related to promises such as the Indira Guarantee, welfare schemes, and Mission Samudra are expected to feature in the budget. Proposals including a hike in liquor prices, a special cess on alcohol, and an increase in the fair value of land are also reportedly under consideration.