Kerala

'രക്ഷാപ്രവർത്തനത്തിന് സംവിധാനമുണ്ട്, പക്ഷേ ഫണ്ടില്ലെന്ന് പറഞ്ഞു'; സർക്കാർ അനാസ്ഥയ്ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ കുടുംബം

അത്യാധുനിക സംവിധാനങ്ങളുണ്ടായിട്ടും ഫണ്ടില്ലാത്തതിന്റെ പേരിൽ രക്ഷാപ്രവർത്തനം വൈകുന്നു എന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം.

Madism Desk

നീണ്ടകരയിലും വിഴിഞ്ഞത്തും അഞ്ചുതെങ്ങിലും മീൻപിടിക്കാൻ കടലിൽപോയി കാണാതായവർക്കായി മൂന്നു കുടുംബങ്ങളുടെ കാത്തിരിപ്പ് ഒരാഴ്ചയിലധികമായി നീളുന്നു. കാണാതായ മത്സ്യത്തൊഴിലാളികളായ ഗൗതം, ഷിജിൻ, ജോൺ എന്നിവർക്കായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, സർക്കാരിനും അധികാരികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി. അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും അവഗണനയുമാണ് രക്ഷാപ്രവർത്തനം വൈകുന്നതിന്റെ കാരണമെന്നാണ് കാണാതായ ജോണിന്റെ മകൾ മാധ്യമങ്ങളോട് പ്രതികരിക്കവെ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

അത്യാധുനിക സംവിധാനങ്ങളുണ്ടായിട്ടും ഫണ്ടില്ലാത്തതിന്റെ പേരിൽ രക്ഷാപ്രവർത്തനം വൈകുന്നു എന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. കളക്ടറേറ്റിൽ പോയി ജില്ലാ കളക്ടറെ കണ്ടപ്പോൾ, നാവികസേനയുടെയും റഡാറുകളുടെയും അടക്കം എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും തങ്ങളുടെ പക്കലുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള ഫണ്ട് നിലവിൽ ലഭ്യമല്ലെന്നാണ് കളക്ടർ നേരിട്ട് അറിയിച്ചതെന്ന് ജോണിന്റെ മകൾ ജിജി വ്യക്തമാക്കി. വ്യോമസേനയുടെ സഹായത്തോടെ തിരച്ചിൽ സമയം കൂട്ടാമെന്നും തമിഴ്നാട് തീരത്തേക്ക് തെരച്ചിൽ വ്യാപിപ്പിക്കാമെന്നും കളക്ടർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, പ്രായോഗികമായ വാഗ്ദാനങ്ങളൊന്നും കൃത്യസമയത്ത് നടപ്പായില്ലെന്നും ഒരു അടിയന്തര ഘട്ടത്തിൽ പൗരന് ലഭിക്കേണ്ട മിനിമം സുരക്ഷയോ പരിഗണനയോ തങ്ങൾക്ക് ലഭിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

ദുരന്തം നടന്നിട്ട് ഇത്രയും ദിവസമായിട്ടും ബന്ധപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ഇതുവരെ കുടുംബങ്ങളെ സന്ദർശിക്കുകയോ കാര്യങ്ങൾ ചോദിച്ചറിയുകയോ ചെയ്തിട്ടില്ല എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എസി മുറികളിലിരുന്ന് കാര്യങ്ങൾ തീരുമാനിക്കാതെ തങ്ങളുടെ അടുത്തേക്ക് വന്ന് അവസ്ഥ മനസ്സിലാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. ഇതിനുപുറമെ, മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങൾ തികച്ചും നിരുത്തരവാദപരവും ഈ ദുരവസ്ഥയിൽ തങ്ങളെ ഏറെ വേദനിപ്പിക്കുന്നതുമാണെന്നും കുടുംബം ആരോപിച്ചു.

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകളോട് പരസ്യമായി പ്രതികരിച്ചതിന്റെ പേരിൽ കുടുംബം ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിൽ കഴിയുന്ന തങ്ങൾക്ക് നേരെ രാഷ്ട്രീയ അനുഭാവികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം ക്രൂരമാണെന്നാണ് കുടുംബം പറയുന്നത്. യാതൊരുവിധ രാഷ്ട്രീയവുമില്ലാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കിട്ടാൻ വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്നുമാണ് കണ്ണീരോടെ കുടുംബം ആവശ്യപ്പെടുന്നത്.

അതേസമയം, നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ കഴിഞ്ഞ ദിവസം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട സമരത്തിന് ഒടുവിൽ ഫിഷറീസ് പൊലീസ് ഉദ്യോഗസ്ഥർ സമരം ചെയ്ത രേഷ്മയുമായി നടത്തിയ ചർച്ചയിൽ തെരച്ചിൽ തുടരാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ചർച്ചയിൽ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും എന്ത് കൊണ്ട് തെരച്ചിൽ നടത്തുന്നില്ലെന്ന രേഷ്മയുടെ ചോദ്യത്തിന് നിങ്ങൾ ഇപ്പോൾ അല്ലെ ഡിമാന്റ് ചെയ്തതെന്നായിരുന്നു ഫിഷറീസ് ഉദ്യോഗസ്ഥരുടെ മറുപടി.

As the search for three missing fishermen (Gautam, Shijin, and John) from Vizhinjam enters its eighth day, their families have raised severe allegations of negligence against the state government and local authorities. John’s daughter stated that despite having access to advanced technology and Naval support, the District Collector cited a lack of funds as the reason for the delay in effective rescue operations. The family also criticized the Fisheries Minister for failing to visit them and expressed deep sorrow over allegedly insensitive remarks made by the Chief Minister and Health Minister.