Kerala

വിഴിഞ്ഞത്ത് എംഎസ്‌സി നിക്ഷേപം അദാനിയുടെ മാസ്റ്റർപ്ലാൻ, ലക്ഷ്യമിടുന്നത് 2080വരെ തുറമുഖാവകാശം; അനുമതി തേടി സർക്കാറിനെ സമീപിച്ചു

ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപം എത്തുന്നതോടെ വായ്പയെ ആശ്രയിക്കാതെ അവസാനഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അദാനിക്ക് സാധിക്കും

Madism Desk

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും നിർണായകമായ നീക്കങ്ങളിലൊന്നാണ് ആഗോള ഷിപ്പിങ് ഭീമനായ എംഎസ്‌സിയുടെ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം. ഇത് ഒരു സാധാരണ ഓഹരി കൈമാറ്റമല്ല. തുറമുഖത്തിന്റെ ഭാവി വികസനവും അദാനിയുടെ ദീർഘകാല സാന്നിധ്യവും ഒരേസമയം ഉറപ്പാക്കാനുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി ആ​ഗോള ഭീമനായ എംഎസ്‌സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗം, ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന് കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയതോടെയാണ് വിഷയം പുതിയ വഴിത്തിരിവിലെത്തിയത്. തുറമുഖത്തിന്റെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ കൺസഷൻ കരാർ പ്രകാരം സർക്കാരിന്റെ അനുമതി നിർബന്ധമായതിനാൽ, ഇനി അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റെ കൈകളിലാണ്.

നിക്ഷേപത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം തുറമുഖ വികസനത്തിന് ആവശ്യമായ വൻ മൂലധനം കണ്ടെത്തുക എന്നതാണ്. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപം എത്തുന്നതോടെ വായ്പയെ ആശ്രയിക്കാതെ അവസാനഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അദാനിക്ക് സാധിക്കും. അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിങ് ശൃംഖലയിലൊന്നായ എംഎസ്‌സി വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്‌ഷിപ്പ് കേന്ദ്രമായി ഉപയോഗിക്കാൻ തുടങ്ങുകയാണെങ്കിൽ ചരക്ക് കൈമാറ്റവും തുറമുഖ വരുമാനവും ഗണ്യമായി ഉയരാനുള്ള സാധ്യതയും വർധിക്കും.

എന്നാൽ സാമ്പത്തിക നേട്ടത്തിനപ്പുറം ഈ നീക്കത്തിന് മറ്റൊരു വലിയ ലക്ഷ്യവുമുണ്ട്. 2028 ഡിസംബറിനകം അവസാനഘട്ട വികസനം പൂർത്തിയാക്കി തുറമുഖം പൂർണശേഷിയിലെത്തിക്കാൻ കഴിഞ്ഞാൽ നിലവിലെ കൺസഷൻ കാലാവധി കഴിഞ്ഞും 20 വർഷം കൂടി തുറമുഖം നടത്താനുള്ള അവകാശവാദം അദാനിക്ക് ഉന്നയിക്കാൻ കഴിയും. നിലവിൽ 2060ൽ അവസാനിക്കുന്ന കൺസഷൻ കാലാവധി അതുവഴി 2080 വരെ നീട്ടിക്കിട്ടാനുള്ള സാധ്യത തുറക്കുകയാണ്.

ഈ അവകാശം സ്വമേധയാ ലഭിക്കുന്നതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കരാറിലെ വ്യവസ്ഥകൾ പ്രകാരം സർക്കാരിന്റെ സമ്മതവും പ്രത്യേക തീരുമാനവും അനിവാര്യമാണ്. അതിനാൽ എംഎസ്‌സിയുടെ നിക്ഷേപത്തിന് സർക്കാർ അനുമതി നൽകിയാലും സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യം, സുരക്ഷാ വിഷയങ്ങൾ, തുറമുഖത്തിന്റെ നിയന്ത്രണം എന്നിവ ഉറപ്പാക്കുന്ന കർശന വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കാൻ സർക്കാരിന് അധികാരമുണ്ട്.

വിഴിഞ്ഞം പദ്ധതിയുടെ കരാർ ചരിത്രവും ഈ തീരുമാനത്തെ കൂടുതൽ നിർണായകമാക്കുന്നുണ്ട്. 2015ൽ ഒപ്പുവെച്ച യഥാർത്ഥ കരാർ പ്രകാരം 2055വരെയായിരുന്നു അദാനിയുടെ കൺസഷൻ കാലാവധി. ആദ്യഘട്ട നിർമാണം വൈകിയതിനെ തുടർന്ന് ഉണ്ടായ തർക്കങ്ങൾ ഒത്തുതീർപ്പാക്കിയ ശേഷമാണ് 2024ൽ സപ്ലിമെന്ററി കരാർ ഒപ്പുവെച്ചത്. അതിലൂടെ കാലാവധി 2060 വരെ നീട്ടുകയും, പൂർണശേഷി കൈവരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സമയപരിധി 2028 ഡിസംബറായി നിശ്ചയിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ അദാനിയുടെ ദീർഘകാല പദ്ധതിക്ക് നിർണായക അടിത്തറയായിരിക്കുന്നത്.

Adani Group has sought Kerala government's approval to transfer a 49% stake in Adani Vizhinjam Port Pvt Ltd to MSC's Terminal Investment Limited, paving the way for a ₹13,000 crore investment. The move aims to accelerate Vizhinjam Port's final development phase without relying on debt while strengthening its global transshipment role. If the project reaches full capacity by December 2028, Adani could become eligible to seek a 20-year extension of the concession period, potentially operating the port until 2080, subject to government approval.