സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളിലും യുഡിഎഫ് മുന്നണിയിലും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ, നിര്‍ദേശം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ജൂലൈ ഒന്നിന് ധനബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഈ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് മുന്നണിയുടെ നീക്കം.
നികുതി കുറയ്ക്കാനുള്ള തീരുമാനം എക്‌സൈസ് മന്ത്രി എം ലിജുവിനെപ്പോലും അറിയിക്കാതെയാണ് മുഖ്യമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. എം ലിജുവിന് ഈ വിഷയത്തില്‍ അതൃപ്തിയുണ്ട്. കേരളത്തില്‍ ഏത് മദ്യം വില്‍ക്കണമെങ്കിലും എക്‌സൈസ് അനുമതി ആവശ്യമാണെന്ന് മന്ത്രി എം ലിജു പറഞ്ഞു. മദ്യനയത്തില്‍ മുന്നണിയാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തി ഇത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്നും വിഷയത്തില്‍ ആദ്യം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച വേണമെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം.
മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാലും വിഎം സുധീരനും ഈ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എക്കാലത്തും ശക്തമായ ലഹരിവിരുദ്ധ-മദ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വിഎം സുധീരന്റെ ഇടപെടല്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമാക്കി. മദ്യനയത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഇത്തരം നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ബജറ്റ് നിര്‍ദേശം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഇത്തരം തീരുമാനങ്ങള്‍ എടുത്തത് സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുക എന്നത് യുഡിഎഫിന്റെ പ്രഖ്യാപിത നയമാണ്. അത് നടപ്പാക്കാന്‍ ബാധ്യസ്ഥരായ ഒരു സര്‍ക്കാര്‍ അതിന് വിരുദ്ധമായി മദ്യക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്ന രീതിയില്‍ നികുതി കുറച്ചു നല്‍കിയത് ശരിയായില്ലെന്ന് സുധീരന്‍ തുറന്നടിച്ചു. നിയമസഭയില്‍ ബജറ്റ് നിര്‍ദേശമായി ഇത് അവതരിപ്പിക്കുന്നതിന് മുന്‍പ് പാര്‍ട്ടി വേദികളിലോ യുഡിഎഫിലോ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഈ വിവാദം ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞ്, സുതാര്യമായി വേണം ജനാധിപത്യ സര്‍ക്കാരുകള്‍ മുന്നോട്ടുപോകാന്‍. മുന്‍പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണം 29-ല്‍ നിന്ന് ആയിരത്തിനടുത്തേക്ക് ഉയര്‍ത്തിയപ്പോള്‍ അതിനെ ഏറ്റവും ശക്തമായി വിമര്‍ശിച്ചയാളാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍. അന്ന് ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മാതൃകാപരമായ ഭരണമാണ് ഇപ്പോള്‍ കാഴ്ചവയ്‌ക്കേണ്ടതെന്ന് സുധീരന്‍ ഓര്‍മ്മിപ്പിച്ചു. മദ്യനയത്തില്‍ യുഡിഎഫിലും പാര്‍ട്ടിയിലും വിശദമായി ചര്‍ച്ച നടത്തി സമഗ്രമായ മദ്യനയം രൂപീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു. ധനബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഈ നികുതി ഇളവ് നിര്‍ദേശം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഘടകകക്ഷികളുടെയും സമുദായങ്ങളുടെയും കടുത്ത നിലപാട്
പ്രധാന ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഈ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിന് മുന്‍പ് തങ്ങളുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. വലിയ നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മുന്നണിയിലെ പ്രധാന കക്ഷികള്‍ അറിയണമെന്ന തത്വം ഇവിടെ ലംഘിക്കപ്പെട്ടു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതോ, മദ്യം കൂടുതല്‍ സുലഭമാക്കുന്നതോ ആയ ഒരു നയത്തോടും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തില്‍ ഉണ്ടായ ധാരണ. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ ഈ നികുതി ഇളവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ലീഗ് ശക്തമായി ആവശ്യപ്പെട്ടേക്കും.
കേരളത്തിലെ വോട്ട് ബാങ്കുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും ഒരേസ്വരത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ മദ്യനയം പാളിപ്പോയെന്നും ഇത് പുതിയ തലമുറയെ ലഹരിയിലേക്ക് നയിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നീക്കം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പുതിയ തലമുറയെ ലഹരിയിലേക്ക് നയിക്കുമെന്നും സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പരസ്യമായി വിമര്‍ശിച്ചു. ഒരു വശത്ത് ഓപ്പറേഷന്‍ തൂഫാന്‍ നടത്തുമ്പോള്‍ മറുവശത്ത് മദ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരെന്നാണ് എപി സുന്നി വിഭാഗത്തിന്റെ വിമര്‍ശനം.
എന്തായിരുന്നു വിവാദമായ ബജറ്റ് നിര്‍ദേശം?
കേരളത്തില്‍ നിലവില്‍ എല്ലാത്തരം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ക്കും ആല്‍ക്കഹോളിന്റെ അളവ് പരിഗണിക്കാതെ ഒരേപോലെ 251% വില്‍പ്പന നികുതിയാണ് ഈടാക്കുന്നത്. ഉയര്‍ന്ന നികുതി ഭാരം കാരണം ഇത്തരം വീര്യം കുറഞ്ഞ മദ്യപാനീയങ്ങള്‍ നിലവില്‍ കേരളത്തില്‍ വില്‍ക്കുന്നില്ല. ഇത് മാറ്റാനായിരുന്നു ബജറ്റ് നിര്‍ദേശം. ബജറ്റ് നിര്‍ദേശപ്രകാരം, ആല്‍ക്കഹോളിന്റെ അളവ് 0.5% മുതല്‍ 10% വരെ ഉള്ള പാനീയങ്ങളുടെ നികുതി 251 ശതമാനത്തില്‍ നിന്നും 120 ശതമാനമായി കുറച്ചു. ആല്‍ക്കഹോളിന്റെ അളവ് 10%-ന് മുകളിലും 20% വരെയുമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 175 ശതമാനമായും കുറച്ചിട്ടുണ്ട്.
പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രിയുടെ മറുപടിയും
നികുതി കുറയ്ക്കുന്നതിലൂടെ പ്രമുഖ മദ്യക്കമ്പനിയായ 'ബക്കാഡി'യെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് പ്രതിപക്ഷമായ സിപിഎമ്മിന്റെ പ്രധാന ആരോപണം. മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതെന്നും, എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദനാണ് ഇതിനായി ബക്കാഡി കമ്പനിയുമായി ആദ്യ ചര്‍ച്ചകള്‍ നടത്തിയതെന്നും രേഖകള്‍ നിരത്തി മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ തിരിച്ചടിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ തുടര്‍നടപടികള്‍ മാത്രമാണ് യുഡിഎഫ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണം 28-ല്‍ നിന്ന് ആയിരത്തിനടുത്തേക്ക് ഉയര്‍ത്തിയവരാണ് ഇപ്പോള്‍ ഉപദേശിക്കാന്‍ വരുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
'മദ്യനയം യുഡിഎഫ് ആണ് തീരുമാനിക്കുക. വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കേണ്ടതില്ലെന്നാണ് മുന്നണിയിലെ പൊതുഅഭിപ്രായമെങ്കില്‍ അത് ഇവിടെ വില്‍ക്കില്ല. ബജറ്റില്‍ പ്രഖ്യാപിച്ചത് കേവലം ഒരു നികുതി നിര്‍ദേശം മാത്രമാണ്. രാഷ്ട്രീയ തീരുമാനത്തിന് ശേഷം മാത്രമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂ', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാറിന്റെ ഫയലുകള്‍ കെപിസിസിയിലേക്ക് പോകില്ല. പണ്ട് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോള്‍ ഫയലുകള്‍ എകെജി സെന്ററില്‍ കൊണ്ടുപോയിരുന്നതു പോലെ ഇപ്പോള്‍ ഒരു പാര്‍ട്ടി ഓഫിസിലേക്കും ഫയലുകള്‍ പോകില്ല. ഒരു മന്ത്രിയും അതു ചെയ്യില്ല. നികുതി നിശ്ചയിക്കുന്ന ഫയല്‍ പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോകുന്ന രീതിയും മുഖ്യമന്ത്രി അറിയാതെ ഫയല്‍ അടിച്ചു മാറ്റി പാര്‍ട്ടി ഓഫിസില്‍ കൊടുക്കുന്ന രീതിയും ഈ സര്‍ക്കാറില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. എന്നാല്‍, സ്വന്തം വകുപ്പ് മന്ത്രിയെപ്പോലും അറിയിക്കാതെ എടുത്ത തീരുമാനത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ഒറ്റപ്പെട്ടു എന്നതുതന്നെയാണ് നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം.
The UDF government's proposal to reduce taxes on low-alcohol beverages has triggered a major political controversy within the ruling alliance and the Congress party. Facing strong opposition from senior Congress leaders, coalition partners, and influential community organizations, Chief Minister V.D. Satheesan has been forced to temporarily put the proposal on hold pending further discussions before the Finance Bill is presented in the Assembly.