Kerala

കള്ളാടി മണ്ണിടിച്ചില്‍; കണ്ടെത്താനുള്ളത് അഞ്ചു പേരെ, പ്രദേശത്ത് കനത്തമഴ തുടരുന്നു, ചൂരല്‍മല ഒറ്റപ്പെട്ടു

ചൂരല്‍മല, അട്ടമല പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ അധികൃതര്‍ ചുള്ളിക്ക സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Madism Desk

വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും ഊര്‍ജ്ജിതമായി തുടരുന്നു. കരാര്‍ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിക്രം റാണ, രാഹുല്‍, മുഹമ്മദ് ഇമ്രാന്‍, രാകേഷ്, അസറുദീന്‍ അന്‍സാരി എന്നിവരെയാണ് കണ്ടെത്താനുള്ളത്. കെടാവര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിച്ചാണ് ഇന്നത്തെ തിരച്ചില്‍. മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് ഉച്ചയോടെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലിക്കാര്‍, സുരക്ഷാ ജീവനക്കാര്‍, മേല്‍നോട്ട ചുമതലയിലുള്ളവര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

അപകടത്തില്‍ അതിഥി തൊഴിലാളികളായ മൂന്ന് പേരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്നും എയര്‍ ലിഫ്റ്റ് വഴി മൃതദേഹങ്ങള്‍ ഇവരുടെ സ്വന്തം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

ചൂരല്‍മല ഒറ്റപ്പെട്ടു, ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുള്ള ഏക പാതയിലാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാല്‍ ചൂരല്‍മല, അട്ടമല പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ അധികൃതര്‍ ചുള്ളിക്ക സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വലിയൊരു ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും, കൂടെയുണ്ടായിരുന്നവരുടെ അവസ്ഥ ഓര്‍ത്തുളള ആശങ്കയിലുമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍. പദ്ധതി പ്രദേശത്തെ കണ്ടെയ്‌നര്‍ ബാരക്കുകളില്‍ താമസിച്ചിരുന്നവരാണ് പരിക്കേറ്റ് ആശുപത്രിയിലായവരില്‍ ഭൂരിഭാഗവും.

മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ ഏഴുപേര്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എന്‍ജിനിയര്‍ കുഞ്ചു (39), മേപ്പാടി മീനാക്ഷി സ്വദേശി കൂടമ്മാള്‍ (39), ഇതര സംസ്ഥാന തൊഴിലാളികളായ ദിലീപ് (19), രജനീഷ് (27), തന്മയ് ഘോഷ് (28), സൂരജ് യാദവ് (25), ഹിരകുമാര്‍ (32), സഞ്ജയ് ഠാക്കൂര്‍ (35) എന്നിവരാണ് ചികിത്സയിലുള്ളത്. ദിലീപിനും രജനീഷിനുമാണ് പരുക്ക് കൂടുതല്‍. ദിലീപിന്റെ രണ്ട് തുടയെല്ലുകള്‍ പൊട്ടി, പാദത്തിനും അരക്കെട്ടിനും മുറിവേറ്റു. രജനീഷിന്റെ രണ്ട് തുടയെല്ലിന് പൊട്ടലുണ്ട്. ഇടതുകൈക്ക് മുറിവുണ്ട്. ബാക്കിയുള്ളവര്‍ക്ക് ചെറിയ പരുക്കാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ മേപ്പാടി എസ്.ഐ സന്തോഷ് കുമാര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

Rescue operations continued for a second day after a massive landslide struck the tunnel construction site at Kalladi in Wayanad. Five contract workers remain missing, while heavy rain continues to hamper search efforts. Authorities have deployed sniffer dogs, and Kerala Chief Minister V.D. Satheesan is expected to visit the affected area to assess the situation. The landslide has cut off Chooralmala and Attamala after the only access road was blocked.