Kerala

'സിനിമയുടെ അധികാര ബന്ധങ്ങൾ ഐസിയെ നിശബ്ദമാക്കി'; അതിജീവിതയുടെ ധൈര്യത്തിന് സലാം പറഞ്ഞ് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി മുന്നോട്ടുവച്ച പരാതി പരിഹാര ട്രിബ്യൂണൽ എന്ന ആശയത്തെ വീണ്ടും ഗൗരവമായി പരിഗണിക്കണമെന്ന് ഡബ്ല്യുസിസി

Madism Desk

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയ്ക്കു പിന്തുണയുമായി ഡബ്ല്യുസിസി. മലയാള സിനിമ മേഖലയെ വീണ്ടും വിവാദത്തിലാക്കിയാണ് യുവനടിയുടെ ഗുരുതര ആരോപണം ഉയർന്നത്. ഓരോ സിനിമാ സെറ്റിലും ഇന്റേണൽ കമ്മിറ്റി അഥവാ ഐസി നിർബന്ധമാക്കണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടിയെങ്കിലും ഐസി ചിലപ്പോൾ ശക്തരുടെ നിയന്ത്രണത്തിലുള്ള ഉപകരണമായി മാറുകയാണെന്നും സംഘടന പ്രതികരിച്ചു.

എന്നാൽ പരാതി ഉയരുന്ന സാഹചര്യത്തിൽ ഹൈക്കോടതി നടപടിയുടെ ഭാഗമായി ഐസിയുടെ പ്രവർത്തനം നിരീക്ഷിക്കാനായി രൂപം നൽകിയ പ്രത്യേക മോണിറ്ററിങ് സംവിധാനവും അധികാര ബന്ധങ്ങളിലൂടെ ദുർബലമാക്കുന്നുവെന്ന വിമർശനവും ഡബ്ല്യുസിസി ഉന്നയിക്കുന്നുണ്ട്. പരാതിയുമായി പൊലീസിനെ നേരിട്ടു സമീപിച്ച നടിയുടെ ധൈര്യത്തിന് സലാമുണ്ടെന്നും ഡബ്ല്യുസിസി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു.

അതേസമയം, ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ സിനിമ നയം തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അത് വീണ്ടും പരിശോധനക്ക് വിധേയമാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ മേഖലയിലെ തൊഴിൽസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വം നീതിയുക്തവുമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ മുന്നോട്ടുവരുന്നത്. എന്നാൽ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം, സംഭവവുമായി ബന്ധപ്പെട്ട് നടി ആഭ്യന്തര അന്വേഷണ സമിതിയെ സമീപിച്ചിട്ടില്ല. സംഭവസമയത്ത് ഐസി അംഗങ്ങൾ നടിയെ ബന്ധപ്പെട്ടോയെന്നതും വ്യക്തമല്ലെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള സമൂഹത്തിൽ വീണ്ടും മറ്റൊരു യുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു. സംവിധായകൻ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോർട്ടിനിടയിലും സിനിമാ പോളിസിക്കിടയിലും ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?

അതെ..പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്ന്. വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.

ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവർത്തന പരിപാടികൾ കമ്മിറ്റി ഗൗരവപൂർവ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളിൽ മാത്രം കൃത്യ മാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!

IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്. അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ . ശക്തരായവർ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല, സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടത്തിൽ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും. എന്നും #അവൾക്കൊപ്പം !

English Summary: WCC extends support to survivor in the sexual harassment case against Ranjith, highlighting the failure of Internal Committees (IC) and the influence of power structures in Kerala’s film industry