14ാം വയസ്സിൽ കോഡിംഗ് തുടങ്ങിയതാണ് അമേരിക്കയിൽ പഠിച്ചുവളർന്ന ഇന്ത്യൻ വംശജനായ അമൻ സാംഗർ. തുടക്കത്തിലതൊരു രസമായിരുന്നെങ്കിൽ പിന്നീടങ്ങോട്ടതൊരു ഹരമായി. ഒടുവിൽ ആ ഹരമൊരു കമ്പനി തുടങ്ങുന്നതിലേക്ക് അമനെ എത്തിച്ചു. ആ കമ്പനി ഇപ്പോൾ ഇലോൺ മസ്ക് ഇതാ പൊന്നും വില കൊടുത്ത് വാങ്ങാൻ പോകുന്നു.
വിലയെന്നാൽ കോടികളാണ്... കൃത്യമായി പറഞ്ഞാൽ 60 ബില്യൺ ഡോളറിന്- അഥവാ 5,670 കോടി രൂപയ്ക്ക്. അമനും നാല് സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ കർസർ എന്ന എഐ കമ്പനിയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വാങ്ങുന്നത്. ചൊവ്വാഴ്ച, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി കർസറിനെ ഏറ്റെടുക്കാനുള്ള കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. സ്പേസ് എക്സിന്റെ വിപണി മൂല്യം 2.5 ട്രില്യൺ ഡോളർ കടന്നതിന് ദിവസങ്ങൾക്കു ശേഷമാണ് ഈ നീക്കം.
യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ സമർപ്പിച്ച രേഖകൾ പ്രകാരം, കർസറിന്റെ മാതൃകമ്പനിയായ അനിസ്‌ഫിയർ ഇൻകിനെ സ്പേസ്‌എക്‌സ് ഏറ്റെടുക്കും. ഏറ്റെടുക്കൽ പൂർത്തിയായാൽ അനിസ്‌ഫിയർ സ്പേസ്‌എക്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി മാറും.
2026-ലെ മൂന്നാം പാദത്തിനുള്ളിൽ ലയന നടപടികൾ പൂർത്തിയാകുമെന്നാണ് ഇലോൺ മസ്കിന്റെ കമ്പനി അറിയിച്ചിരിക്കുന്നത്. മിഷേൽ ട്രുവൽ, സുവൈലേഹ് ആസിഫ്, ആർവിഡ് ലുന്നെമാർക്ക് എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകർ.
ന്യൂയോർക്കിൽ വളർന്ന അമൻ സാംഗറിന്റെ കുടുംബത്തിന് ശക്തമായ ഇന്ത്യൻ വേരുകളുണ്ട്. 25-കാരനായ അമന്റെ പിതാവ് അരവിന്ദ് സാംഗർ, ഐഐടി ബോംബെയിലെ പൂർവവിദ്യാർഥിയും ഹെഡ്ജ് ഫണ്ട് രംഗത്തെ വിദഗ്ധനുമാണ്. മാതാവ് ശിൽപ സാംഗർ ഒരു ദന്തരോഗവിദഗ്ധയും സംരംഭകയുമാണ്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഥം യു.എസ്.എ എന്ന സംഘടനയുടെ ബോർഡ് അംഗവുമാണ് അവർ.
സ്ക്വാഷ് കളിയിൽ താൽപര്യമുള്ള അമൻ 14-ാം വയസ്സിൽ തന്നെ കോഡിങ് പഠിച്ചു തുടങ്ങിരുന്നു. പ്രോഗ്രാമിങ്ങിനോടും കൃത്രിമ ബുദ്ധിയോടും ചെറുപ്പം മുതൽ ഉണ്ടായിരുന്ന താൽപര്യം അമനെ സംരംഭകത്വത്തിലേക്ക് നയിച്ചു.
കമ്പ്യൂട്ടറുകളോടുള്ള ഇഷ്ടം ഒടുവിൽ മസാച്യൂസെറ്റ്സ് ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനനവും നേടി നൽകി. അവിടെ വെച്ചാണ് ട്രുവെൽ, അസിഫ്, ആർവിഡ് എന്നിവരെ അമൻ പരിചയപ്പെടുന്നത്.
ഫോബ്സ് റിപ്പോർട്ട് പ്രകാരം, കർസറിൽ ചേരുന്നതിന് മുമ്പ് അമൻ സാംഗർ പ്രമുഖ ഹെഡ്ജ് ഫണ്ടായ ബ്രിഡ്ജ്‌വാട്ടർ അസോസിയേറ്റ്സിലും ഗൂഗിളിലും ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. കൂടാതെ, അദ്ദേഹം സ്വന്തമായി ഒരു എഐ കൺസൾട്ടൻസി സ്ഥാപനവും ആരംഭിച്ചിരുന്നു.
ടെക്‌നോളജിയോടും കൃത്രിമ ബുദ്ധിയോടും ഉണ്ടായിരുന്ന താൽപര്യം ചെറുപ്പത്തിലേ സംരംഭകത്വത്തിലേക്ക് വഴിതെളിച്ച അമൻ, പിന്നീട് കർസറിന്റെ വിജയത്തിലൂടെ ലോക ടെക് രംഗത്തെ ശ്രദ്ധേയ യുവ സംരംഭകരിലൊരാളായി മാറുകയായിരുന്നു.
2022-ലാണ് നാൽവർ സംഘം തങ്ങളുടെ ഡെവലപ്പർ ടൂളുകളിലെയും മെഷീൻ ലേണിങ്ങിലെയും അറിവുകൾ ഒന്നിച്ച് ചേർത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചത്. അവരുടെ ലക്ഷ്യം ലളിതമായിരുന്നു: മറ്റൊരു ചാറ്റ്ബോട്ട് നിർമ്മിക്കുന്നതിന് പകരം, പ്രോഗ്രാമർമാർക്കൊപ്പം നേരിട്ട് പ്രവർത്തിച്ച് കോഡ് എഴുതാനും തിരുത്താനും മനസ്സിലാക്കാനും സഹായിക്കുന്ന ഒരു എഐ ടൂൾ സൃഷ്ടിക്കുക.
തുടക്കത്തിലിവർ മെക്കാനിക്കൽ എഞ്ചിനീയർമാർ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ (CAD) പ്രോഗ്രാമുകൾക്കായി എഐ മോഡലുകൾ വികസിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ ആ മേഖലയിലെ പരിചയക്കുറവ് കാരണം ആ പദ്ധതി വിജയിച്ചില്ല.
തുടർന്ന് അവർ തങ്ങൾക്ക് കൂടുതൽ പരിചയമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെ പ്രോഗ്രാമർമാർക്കുള്ള ഒരു "ഗൂഗിൾ ഡോക്സ്" എന്ന രീതിയിൽ പ്രവർത്തിക്കുന്ന എഐ അധിഷ്ഠിത കോഡ് എഡിറ്ററായ കർസർ അവർ വികസിപ്പിച്ചെടുത്തു. കഴിഞ്ഞ വർഷം Forbes ന് നൽകിയ അഭിമുഖത്തിലാണ് ട്രുവെൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് ഡെവലപ്പർമാരെ കോഡ് എഴുതാനും എഡിറ്റ് ചെയ്യാനുമൊക്കെ സഹായിക്കുന്ന ഏറ്റവും ലളിതമായ പ്ലാറ്റ്ഫോമാണ് കർസർ. പ്രോഗ്രാമർമാർക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനൊപ്പം കോഡ് മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും കർസർ മുന്നോട്ടുവയ്ക്കും. എത്ര കടുപ്പമേറിയ പ്രശ്നങ്ങൾക്കും കർസറിൽ പരിഹാരമുണ്ട്.
നിലവിൽ അഡോബ്, ഊബർ, ഷോപ്പിഫൈ അടക്കമുള്ള 50,000ലധികം കമ്പനികളാണ് സോഫ്റ്റ് വെയർ ഡെവലപ്പ് ചെയ്യാനായി കർസറിനെ ആശ്രയിക്കുന്നത്. കഴിഞ്ഞ നവംബറിൽ, പ്രമുഖ വെഞ്ചർ ക്യാപിറ്റൽ സ്ഥാപനങ്ങളായ Accel, Coatue എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫണ്ടിങ് റൗണ്ടിലൂടെ 2.3 ബില്യൺ ഡോളർ സമാഹരിച്ചതിന് പിന്നാലെ കർസറിന്റെ മൂല്യം 29.3 ബില്യൺ ഡോളറിലെത്തിയിരുന്നു
കൂടാതെ, അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം കമ്പനിയുടെ വാർഷിക വരുമാനം 1 ബില്യൺ ഡോളർ കടന്നിട്ടുണ്ട്. എഐ അധിഷ്ഠിത കോഡിങ് ടൂളുകളുടെ വിപണിയിൽ കർസറിന്റെ അതിവേഗ വളർച്ചയുടെ തെളിവായാണ് ഈ നേട്ടങ്ങൾ വിലയിരുത്തപ്പെടുന്നത്.
English Summary: 14-year-old American-raised Indian-origin Aman Sanger started coding at the age of 14. What began as a hobby gradually turned into a passion. Eventually, that passion led him to start a company. That company is now reportedly being bought by Elon Musk for a huge amount—literally worth billions of dollars. To be exact, it is valued at $60 billion, or ₹5,670 crore.
The AI company called Cursor, co-founded by Aman and four friends, is being acquired by Elon Musk’s SpaceX. On Tuesday, the company led by Elon Musk officially signed an agreement to acquire Cursor. This move comes just days after SpaceX’s market valuation crossed $2.5 trillion.