Portrait

ചന്ദ്രനാഥ് റാഥ്: വ്യോമസേന ഉദ്യോഗസ്ഥനില്‍നിന്ന് രാഷ്ട്രീയ തന്ത്രജ്ഞനിലേക്ക്; സുവേന്ദു അധികാരിയുടെ ട്രബിള്‍ ഷൂട്ടര്‍

സംസ്ഥാനത്തെ ഭരണം ഉറപ്പിച്ച് അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിജെപിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തി കൊല്ലപ്പെടുന്നത്

Madism Desk

ചരിത്രവിജയത്തിന് പിന്നാലെ ബംഗാളിനെ ഞെട്ടിച്ചിരിക്കുകയാണ് ചന്ദ്രനാഥ് റാഥി (41) ന്റെ കൊലപാതകം. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ ചന്ദ്രനാഥ് റാഥി നെ അക്രമികള്‍ ബുധനാഴ്ച നടുറോഡിലാണ് വകവരുത്തിയത്. സംസ്ഥാനത്തെ ഭരണം ഉറപ്പിച്ച് അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിജെപിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തി കൊല്ലപ്പെടുന്നത്. ഈ സാഹചര്യം ബംഗാളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

ചന്ദ്രനാഥ് റാഥ്, ട്രബിള്‍ ഷൂട്ടര്‍

തൃണമൂല്‍ ഭരണത്തില്‍ പ്രതിപക്ഷത്തിരുന്ന ബിജെപിയുടെ തന്ത്രങ്ങളില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ചന്ദ്രനാഥ് റാഥ്. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാതിരുന്ന അദ്ദേഹം ബിജെപി നേതാക്കളില്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന ആളാണ്.

വ്യോമസേനയില്‍നിന്ന് വിരമിച്ച ചന്ദ്രനാഥ് കോര്‍പ്പറേറ്റ് മേഖലയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. തുടർന്നാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ബംഗാള്‍ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യമായി മാറിയ അദ്ദേഹം സുവേന്ദു അധികാരിയുമായി വ്യക്തിപരമായും രാഷ്ട്രീയമായും ദീര്‍ഘകാല ബന്ധം പുലര്‍ത്തിയിരുന്നു.

പൂർവ്വ മേദിനിപ്പൂരിലെ ചണ്ഡിപ്പൂര്‍ സ്വദേശിയായ രഥിന്റെ ജീവിതത്തെ നയിച്ചത്, രാമകൃഷ്ണ മിഷനിലെ വിദ്യാഭ്യാസ കാലമാണ് ജീവിതത്തെ നയിച്ചത്. ഒരു ഘട്ടത്തില്‍ സന്യാസ ജീവിതത്തെക്കുറിച്ച് പോലും രഥ് ചിന്തിച്ചിരുന്നുവെന്നാണ് സൃഹൃത്തുക്കള്‍ നല്‍കുന്ന വിവരം. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം സൈനിക സേവനം.

സുവേന്ദു അധികാരി തൃണമൂലിന്റെ ഭാഗമായിരിക്കെ 2019 ല്‍ ആണ് ചന്ദ്രനാഥ് അദ്ദേഹത്തിന് ഒപ്പം എത്തുന്നത്. അന്ന് മമത സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുവേന്ദു അധികാരി. ഓഫീസ് ഏകോപനവും ഭരണപരമായ ചുമതലകളുമായി ചന്ദ്രനാഥ് അദ്ദേഹത്തിന്റെ കോര്‍ ടീമിന്റെ ഭാഗമായി. സുവേന്ദു അധികാരിയുടെ രാഷ്ട്രീയ മാറ്റത്തോടെ ബിജെപിയുടെ നിര്‍ണായകമായ സംഘടനാ ചുമതലകളിലേക്ക് എത്തി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപനം, പാര്‍ട്ടിക്കാര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അദ്ദേഹം സുവേന്ദുവിന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ചു. മമത ബാനർജിക്കെതിരെ സുവേന്ദു മത്സരിച്ച ഭവാനിപ്പൂരിൽ പ്രചാരണ രംഗത്തും ചന്ദ്രനാഥ് സജീവമായിരുന്നു.

ബംഗാളിലെ വോട്ടെടുപ്പിനുശേഷം ഏപ്രില്‍ 30-ന് മമത ബാനര്‍ജി ഭവാനിപ്പൂരിലെ സ്‌ട്രോങ്ങ് റൂം സന്ദര്‍ശിച്ചപ്പോള്‍ ബിജെപി പ്രതിഷേധം ഏകോപിപ്പിച്ചത് ചന്ദ്രനാഥ് ആയിരുന്നു. തൃണമൂലിന്റെ പ്രചാരണ വാഹനം നിയമവിരുദ്ധമായി അവിടെ പാര്‍ക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസുമായി തര്‍ക്കിക്കുകയും ഒടുവില്‍ സിആര്‍പിഎഫിന്റെ ഇടപെടലിലൂടെ ആ വാഹനം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. സുവേന്ദു അധികാരിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത് മുഴുവന്‍ ചന്ദ്രനാഥായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബം മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അമ്മ ഹസി രഥ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദവികള്‍ വഹിച്ചിരുന്നു. എന്നാല്‍ 2020-ല്‍ സുവേന്ദുവിനൊപ്പം കുടുംബം ബിജെപിയിലേക്ക് മാറി.

ബുധനാഴ്ച രാത്രി മധ്യഗ്രാമിന് സമീപം ദൊഹാരിയയില്‍ വെച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടായ ചന്ദ്രനാഥിന്റെ കൊലപാതകം പുതിയ ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിമരുന്നിട്ടുകഴിഞ്ഞു. ആക്രമണത്തിന് പിന്നില്‍ തൃണമൂലും അഭിഷേക് ബാനര്‍ജിയുമാണെന്ന ആരോപണം ബിജെപി ഉയർത്തിക്കഴിഞ്ഞു.

English Summery: Chandranath Rath, the trusted associate of Suvendu Adhikari who was recently shot dead in West Bengal’s North 24 Parganas district, had an extraordinary journey from serving in the Indian Air Force to becoming a key political aide. Rath was regarded as one of Adhikari’s closest and most dependable associates in political affairs before his tragic killing shocked the state.