Science

ചന്ദ്രനിലേക്കൊരു യാത്ര; പക്ഷേ ശമ്പളത്തിൽ മാറ്റമില്ല! ആർട്ടെമിസ് II യാത്രികർക്ക് ലഭിക്കുന്നത് എത്ര?

ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയ ചരിത്രത്തിനൊപ്പം യാത്രികരുടെ ശമ്പള വിവരങ്ങളും പുറത്ത്

Madism Desk

നാസയുടെ ആർട്ടെമിസ് II ദൗത്യം ഏപ്രിൽ ഒന്നിന് പ്രയാണം ആരംഭിച്ചതോടെ ലോകം മുഴുവൻ ചന്ദ്രനിലേക്കുള്ള ഈ പരീക്ഷണ യാത്രയെ ഉറ്റുനോക്കുകയാണ്. ജെറമി ഹാൻസൻ, റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോക്ക്, വിക്ടർ ഗ്ലോവർ എന്നീ നാലംഗ സംഘം ഏകദേശം 11 ലക്ഷം കിലോമീറ്റർ ദൂരമുള്ള പത്ത് ദിവസത്തെ യാത്രയിലാണ് ഇപ്പോൾ. ദൗത്യം പകുതി ദൂരം പിന്നിടുമ്പോൾ, ബഹിരാകാശ യാത്രികരുടെ ശമ്പള ഘടനയെക്കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അത്യന്തം അപകടസാധ്യതയുള്ള ജോലിയാണെങ്കിലും, ഇവർക്ക് ലഭിക്കുന്ന പ്രതിഫലം സർക്കാർ നിശ്ചയിച്ചിട്ടുള്ള സാധാരണ സ്കെയിലിലാണെന്നത് ശ്രദ്ധേയമാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിന്റെ പൊതുവായ ശമ്പള ക്രമമായ 'ജനറൽ ഷെഡ്യൂൾ' (GS) അനുസരിച്ചാണ് നാസ തങ്ങളുടെ യാത്രികർക്ക് പ്രതിഫലം നൽകുന്നത്. അനുഭവപരിചയവും യോഗ്യതയും കണക്കിലെടുത്ത് സാധാരണയായി GS-13 അല്ലെങ്കിൽ GS-14 വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്താറുള്ളത്. ഇതനുസരിച്ച് ഒരു ബഹിരാകാശ യാത്രികന് പ്രതിവർഷം 90,000 ഡോളർ മുതൽ 1.5 ലക്ഷം ഡോളർ വരെയാണ് ശമ്പളമായി ലഭിക്കുക. ഇന്ത്യൻ രൂപയിൽ നോക്കിയാൽ ഇത് 85 ലക്ഷം മുതൽ 1 .42 കൊടി രൂപയോളം വരും. അതായത്, അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന ദൗത്യങ്ങളിൽ പങ്കാളികളാകുമ്പോഴും സർക്കാർ ജോലിയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് തുല്യമായ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്.

ബഹിരാകാശത്ത് ചിലവഴിക്കുന്ന സമയത്തിന് യാത്രികർക്ക് പ്രത്യേക ഓവർടൈം ആനുകൂല്യങ്ങളോ 'ഡേഞ്ചർ പേ' പോലുള്ള അധിക ബോണസുകളോ ലഭിക്കില്ലെന്നതാണ് മറ്റൊരു പ്രധാന വസ്തുത. ഭൂമിയിൽ നിന്ന് ഇത്രയധികം ദൂരെ, വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും അടിസ്ഥാന ശമ്പളത്തിന് പുറമെ സാമ്പത്തികമായി മറ്റ് ഇതര നേട്ടങ്ങളൊന്നും ഇവർക്കില്ല. എന്നാൽ പ്രവർത്തന കാലയളവും സേവനം അനുഷ്ഠിക്കുന്ന സ്ഥലവും അനുസരിച്ച് ശമ്പളത്തിൽ ചെറിയ വ്യത്യാസങ്ങൾ വരാമെന്ന് നാസ വ്യക്തമാക്കുന്നു. അതേസമയം, ദൗത്യത്തിലുള്ള കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ യാത്രികർക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം ഏകദേശം 97,000 മുതൽ 1.9 ലക്ഷം ഡോളർ വരെ ഉയർന്ന പ്രതിഫലം ലഭിക്കുന്നുണ്ട്.

നിലവിൽ ചന്ദ്രനിലേക്കുള്ള പാതയിൽ കുതിക്കുന്ന ആർട്ടെമിസ് II സംഘം ഭൂമിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തി അയച്ചിട്ടുണ്ട്. കമാൻഡർ റീഡ് വൈസ്മാൻ പകർത്തിയ ഉയർന്ന നിലവാരമുള്ള ചിത്രങ്ങളിൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെയും ഇരു ധ്രുവങ്ങളിലെയും ധ്രുവദീപ്തിയുടെയും (Auroras) ദൃശ്യങ്ങൾ വ്യക്തമാണ്. ബഹിരാകാശ പേടകത്തിന്റെ എഞ്ചിൻ പ്രവർത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ലക്ഷ്യം വെച്ചതിന് പിന്നാലെയാണ് ഭൂമിയുടെ ഈ അപൂർവ ദൃശ്യങ്ങൾ യാത്രികർ ക്യാമറയിൽ പകർത്തിയത്

English Summary: NASA astronauts on the Artemis II mission receive standard government salaries despite the risks of space travel. The crew earns between $90,000 and $150,000 annually, with no extra overtime or danger pay for the Moon mission.