കുട്ടികൾ കണക്കിൽ പിന്നിലാകുന്നത് പലപ്പോഴും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു വലിയ തലവേദനയാണ്. എത്ര തവണ ആവർത്തിച്ചു പഠിപ്പിച്ചാലും ചില കുട്ടികൾക്ക് കണക്ക് ഒരു ബാലികേറാമലയായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് അവരുടെ ബുദ്ധിശക്തിയുടെ കുറവോ മടിയോ കൊണ്ടല്ല, മറിച്ച് അവരുടെ തലച്ചോറിന്റെ ചില പ്രത്യേകതകൾ കൊണ്ടാണെന്നാണ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഡെവലപ്മെന്റൽ ഡിസ്കാൽക്കുലിയ എന്ന അവസ്ഥയെക്കുറിച്ച് നടത്തിയ പുതിയ പഠനം, കുട്ടികൾക്ക് കണക്കിലെ കേവലം കൂട്ടലും കുറയ്ക്കലും മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത് എന്ന വലിയ യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്നു.
നിരന്തരം പരിശീലിച്ചിട്ടും കണക്കിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക്, തങ്ങളുടെ രീതി തെറ്റാണെന്ന് മനസ്സിലാക്കാനും എളുപ്പവഴി കണ്ടെത്താനും പ്രയാസമാണെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയുടെ പഠനം. ചോദ്യങ്ങൾ കഠിനമാകുമ്പോൾ പെട്ടെന്ന് മറ്റൊരു രീതിയിലേക്ക് മാറി ചിന്തിക്കാൻ ഇവരുടെ തലച്ചോറിന് സാധിക്കാത്തതാണ് ഇതിലെ പ്രധാന പ്രശ്നമെന്നാണ് ദി ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നത്.
എട്ടുമുതൽ പത്തുവരെ പ്രായമുള്ള അറുപത്തിയെട്ട് കുട്ടികളിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ഒരു കണക്കിന് പല രീതിയിൽ ഉത്തരം കണ്ടെത്താനാകും. എണ്ണി നോക്കിയോ, ഓർമ്മയിൽ നിന്ന് ഉത്തരം കണ്ടെത്തിയോ, വലിയ സംഖ്യകളെ ചെറുതായി വിഭജിച്ചോ ഒക്കെ കണക്കുകൾ ചെയ്യാം. ചോദ്യങ്ങളുടെ കടുപ്പമേറുമ്പോൾ സാഹചര്യത്തിന് അനുയോജ്യമായ രീതി തെരഞ്ഞെടുക്കുന്നതിലാണ് യഥാർത്ഥത്തിൽ ഒരു കുട്ടിയുടെ മിടുക്ക് അടങ്ങിയിരിക്കുന്നത്.
എന്നാൽ ഡിസ്കാൽക്കുലിയ ഉള്ള കുട്ടികൾക്ക് മേൽപ്പറഞ്ഞ രീതികളൊന്നും തന്നെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, ഒരു രീതി പരാജയപ്പെടുമ്പോൾ മറ്റൊന്നിലേക്ക് മാറാൻ കൂടുതൽ സമയവും ആവശ്യമായി വരുന്നു. ചോദ്യങ്ങളുടെ കാഠിന്യം മാറുമ്പോഴും തങ്ങളുടെ പഴയ രീതികൾ തന്നെ പിന്തുടരുന്ന ഇവർക്ക് പുതിയ സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും സാധിക്കുന്നില്ല.
കണക്കുകൾ ചെയ്യുമ്പോൾ കുട്ടികളുടെ തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളും ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. തലച്ചോറിന്റെ സുപ്രധാന ഭാഗങ്ങളായ ഫ്രണ്ടോപരിയറ്റൽ കോർട്ടെക്സ്, ഹിപ്പോക്യാമ്പസ്, കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ ഡിസ്കാൽക്കുലിയ ഉള്ള കുട്ടികളിൽ കാര്യമായ വ്യത്യാസങ്ങൾ ഗവേഷകർ കണ്ടെത്തി. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനും, കൃത്യമായ തീരുമാനങ്ങൾ എടുക്കാനും, ചിന്തകളെ നിയന്ത്രിക്കാനും സഹായിക്കുന്ന എക്സിക്യൂട്ടീവ് ഫംഗ്ഷനുകളുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നങ്ങൾ പ്രധാനമായും ഉടലെടുക്കുന്നത്. ഏത് വഴിയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും ഏത് അവസാനിപ്പിക്കണം എന്നും തീരുമാനിക്കുന്നത് ഈ പ്രവർത്തനങ്ങളാണ്.
ലോകമെമ്പാടുമുള്ള കുട്ടികളിൽ ഏഴുമുതൽ പത്ത് ശതമാനം വരെ പേരെ ഡെവലപ്മെന്റൽ ഡിസ്കാൽക്കുലിയ ബാധിക്കുന്നുണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങളിലെ ഈ മാറ്റങ്ങൾ മനസിലാക്കുന്നത് വഴി ഭാവിയിൽ ഈ അനസ്ഥയുള്ള കുട്ടികളെ കണക്ക് പഠിക്കാൻ സഹായിക്കുന്ന പുതിയ പരിശീലന രീതികളും ചികിത്സകളും വികസിപ്പിക്കാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഇപ്പോൾ ശാസ്ത്രലോകം. എന്ത് പഠിപ്പിക്കുന്നു എന്നതിലുപരി എങ്ങനെ ചിന്തിക്കാൻ പഠിപ്പിക്കണം എന്നതിന് പ്രാധാന്യം നൽകേണ്ടതുണ്ട് എന്നാണ് ഈ പഠനം ഓർമ്മിപ്പിക്കുന്നത്.
A recent Stanford University study reveals that children who struggle with math—a condition known as developmental dyscalculia—face difficulties not just in basic calculations, but in adapting and switching problem-solving strategies when questions get harder. Brain imaging showed differences in regions tied to executive functions, indicating that these struggles stem from neural processes rather than a lack of effort or intelligence.