ശാസ്ത്രരംഗത്തെ ഒരു നിർണായക കണ്ടുപിടിത്തമായിരുന്നു യൂറോപ്പിലെ ഓട്സി ദി ഐസ്മാൻ എന്ന ചരിത്രപ്രസിദ്ധ മമ്മി. 3350-3105 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഓട്സിയുടെ മമ്മി പ്രകൃതിദത്തമായി സംരക്ഷിക്കപ്പെട്ട ഏറ്റവും പഴക്കമുള്ള മനുഷ്യമമ്മികളിലൊന്നാണ്. ആൽപ്സ് പർവതനിരകളിലെ തണുത്തുറഞ്ഞ മഞ്ഞിൻ പാളികൾക്കിടയിൽ ഓട്സിയെ കണ്ടെത്തുമ്പോൾ മൃഗത്തോലിനാലുണ്ടാക്കിയ ഒരു മേലങ്കിയും അരപ്പട്ടയും അയാളുടെ ശരീരത്തിലുണ്ടായിരുന്നു. ചെമ്പുയുഗത്തിലെ സവിശേഷമായ വേഷവിധാനം.
വസ്ത്രങ്ങൾ, അമ്പുകൾ, ചെമ്പ് കത്തി എന്നിവയും ഓട്സിയുടെ മമ്മിക്കൊപ്പമുണ്ടായിരുന്നു. വയറ്റിൽ അവസാന ഭക്ഷണാവശിഷ്ടങ്ങൾ വരെ നിലനിന്നതിനാൽ യൂറോപ്പിലെ ചെമ്പുകാല മനുഷ്യരുടെ ജീവിതത്തെ കുറിച്ച് അത്യപൂർമായ തെളിവുകൾ നൽകിയ കണ്ടെത്തലായി ഓട്സി വിലയിരുത്തപ്പെട്ടു. തോളിന്റെ ഭാഗത്തായി ഒരു അമ്പിന്റെ തല കണ്ടെത്തിയതോടെ മരണം വേട്ടയ്ക്കിടെയാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുകയും ചെയ്തു. പുരാവസ്തുശാസ്ത്രം, വൈദ്യശാസ്ത്രം, ജനിതകശാസ്ത്രം എന്നിവ ഒരുമിച്ച് ഉപയോഗിച്ച് ഒരു വ്യക്തിയുടെ ജീവിതവും മരണവും ഇത്ര വിശദമായി പഠിക്കാനായ അപൂർവ ഉദാഹരണം എന്നിടത്താണ് ഓട്സിയുടെ പ്രസക്തി.
ഇങ്ങനെ എല്ലാംകൊണ്ടും 'സ്പെഷ്യൽ ട്രീറ്റ്മെന്റോടെ' സംരക്ഷിക്കപ്പെട്ടു വരുന്നതിനിടെ, ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം അതിനിർണായകമായ മറ്റൊരു കണ്ടുപിടിത്തം ഓട്സിയെ സംബന്ധിച്ച് നടത്തി. ചരിത്രാതീതകാലത്തിന് മുമ്പുള്ള ഒരു ബാക്ടീരിയയും ഏതാനും യീസ്റ്റ് വകഭേദങ്ങളും, ഓട്സിയുടെ ശരീരത്തിൽ വളരുന്നുണ്ട്.
തണുത്ത അന്തരീക്ഷങ്ങളിൽ സുലഭമായി വളരുന്ന ഗ്ലേഷിയോസൈന വാട്സോണി, മ്റാകിയ റോബർട്ടി, ഫീനോലിഫെരിയ ഗ്ലാഷിയാലിസ്, ഗോഫിയോസൈന എന്നീ യീസ്റ്റ് വെറൈറ്റികളാണ് ഓട്സിയുടെ ശരീരത്തിൽ കണ്ടെത്തിയത്. 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് ഇവയുടെ വളർച്ചയിലധികവും. അതായത്, മമ്മി കണ്ടെത്തിയ ശേഷം ഇത് സംരക്ഷിക്കാൻ മ്യൂസിയം അധികൃതർ ഉപയോഗിച്ച ഫിനോൾ അണുനാശിനികൾ ഭക്ഷിച്ചാവാം യീസ്റ്റ് വളർന്നത്.
ഈ യീസ്റ്റിനെ വളർത്തിയെടുക്കാൻ ഗവേഷകർക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. അതുപയോഗിച്ച് ബ്രെഡ് വരെ അവരുണ്ടാക്കിയതായാണ് വിവരം. ഈ കണ്ടെത്തലുമായി ബന്ധപ്പെട്ടുയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്, നിലവിലെ സംരക്ഷണ സാഹചര്യങ്ങൾ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ പൂർണമായും തടയുന്നുണ്ടോ, അതോ അതിന്റെ വേഗത കുറയ്ക്കുക മാത്രമാണോ ചെയ്യുന്നത് എന്നതാണ്.
ശവശരീരം അഴുകാൻ കാരണമാകുന്ന ഭൂരിഭാഗം ജീവികളുടെ വളർച്ചയെ അതിശൈത്യം തടയുന്നുണ്ടെങ്കിലും, തണുത്ത അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട ചില സൂക്ഷ്മാണുക്കൾക്ക് അതിജീവിക്കാനും പ്രവർത്തിക്കാനും കഴിയുമെന്നാണ് നിലവിലെ കണ്ടെത്തലിലൂടെ മനസ്സിലാകുന്നത്.
ഈ സാഹചര്യങ്ങളിൽ അത്തരം ശീതസഹിഷ്ണു സൂക്ഷ്മാണുക്കൾ കാലക്രമേണ മമ്മിയുടെ ക്രമേണയുള്ള നാശത്തിന് കാരണമാവുകയും ചെയ്യുമോ എന്ന ആശങ്ക ശാസ്ത്രജ്ഞർക്കുണ്ടായിരുന്നു.
മുൻ പഠനങ്ങളിൽ മമ്മിയുടെ ടിഷ്യൂകളിൽ സൂക്ഷ്മാണുക്കളുടെ ഡി.എൻ.എ കണ്ടെത്തിയിരുന്നെങ്കിലും, അവ മരിച്ചതാണോ, പ്രവർത്തനരഹിതമായ അവസ്ഥയിലാണോ, അതോ ഇപ്പോഴും ജൈവപരമായി സജീവമാണോ എന്ന് നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ, മമ്മിയുടെ സംരക്ഷണ പരിസരത്തിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം സൃഷ്ടിക്കുന്ന സാധ്യതകളെക്കുറിച്ച് ഗവേഷകർക്ക് വ്യക്തമായ ധാരണ ലഭിച്ചിരുന്നില്ല. ഇതിലാണിപ്പോൾ വ്യക്തതയുണ്ടായിരിക്കുന്നത്.
English Summary: Otzi is significant because he represents a rare case where archaeologists, medical researchers, and geneticists have been able to reconstruct an individual's life and death in remarkable detail. While the Iceman has long been preserved under what can only be described as "special treatment," scientists recently made another important discovery about him.
Researchers found that a prehistoric bacterium and several yeast species are growing on Otzi's body. The microorganisms identified include the cold-loving species Glaciozyma watsonii, Mrakia robertii, Phenoliferia glacialis, and Goffeauzyma—yeast varieties that thrive in freezing environments. These organisms were detected on the Iceman's remains, offering new insights into the microbial life associated with his preservation.