ഭൂമിയെ വലം വയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടുകയാണ്. സെപ്റ്റംബർ 4ന് വൈകിട്ട് 7.40ഓടെ, ആകാശം കനിഞ്ഞാൽ ബഹിരാകാശ നിലയം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലായിടത്തും നിലയം കാണാനാകുമെന്നാണ് റിപ്പോർട്ടുകൾ.
വൈകിട്ട് 7.40നും 7.50നും ഇടയിലുള്ള സമയം നിലയം ദൃശ്യമാകുമെന്നാണ് വിവരം. ഏകദേശം മൂന്ന് മുതൽ നാല് മിനിറ്റ് വരെ കാണാനാകും. തെക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് ഉയർന്ന് ആകാശത്തിന്റെ മധ്യത്തിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് നിലയം സഞ്ചരിക്കുക. വിമാനങ്ങളെ പോലെ മിന്നിമറയുന്ന ലൈറ്റുകൾ ഇതിനുണ്ടാകില്ല. ഒരു നക്ഷത്രം പോലെ, നേർരേഖയിൽ സഞ്ചരിക്കുന്ന പ്രകാശബിന്ദുവായാണ് കാണപ്പെടുക. വൻ വേഗതയിലാവും സഞ്ചാരം.
നിലയം കാണാൻ ടെലസ്കോപ്പോ ബൈനോക്കുലറോ ആവശ്യമില്ല. മഴമേഘങ്ങളില്ലെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാനാകും. ലൊക്കേഷൻ അനുസരിച്ച് ദൃശ്യമാകുന്ന സമയത്തിൽ മിനിറ്റുകളുടെ വ്യത്യാസം വരാം. നാസയുടെ 'Spot The Station' ആപ്പോ വെബ്സൈറ്റോ ഉപയോഗിച്ച് നിങ്ങളുടെ നഗരത്തിലെ കൃത്യമായ സമയം അറിയാവുന്നതാണ്.
കാണാനുള്ള മികച്ച മാർഗ്ഗങ്ങൾ
തുറസ്സായ സ്ഥലം തിരഞ്ഞെടുക്കുക: തെക്കുപടിഞ്ഞാറൻ (South-West) ആകാശത്തേക്ക് തടസ്സങ്ങളില്ലാതെ നോക്കാൻ സാധിക്കുന്ന കെട്ടിടങ്ങളുടെ ടെറസോ മൈതാനങ്ങളോ തിരഞ്ഞെടുക്കുക.
പ്രകാശമലിനീകരണം കുറയ്ക്കുക: സ്ട്രീറ്റ് ലൈറ്റുകളുടെയോ മറ്റ് വെളിച്ചങ്ങളുടെയോ നേരെ നോക്കാതിരുന്നാൽ ആകാശത്തെ കാഴ്ച കൂടുതൽ വ്യക്തമാകും.
ക്യാമറയിൽ പകർത്താൻ: മൊബൈൽ ക്യാമറയിൽ 'Night Mode' അല്ലെങ്കിൽ 'Long Exposure' (3-5 സെക്കൻഡ്) ഉപയോഗിച്ചാൽ ബഹിരാകാശ നിലയം സഞ്ചരിക്കുന്ന വഴിയുടെ പ്രകാശരേഖ (light streak) കൃത്യമായി ഫോട്ടോ എടുക്കാൻ സാധിക്കും.
ബഹിരാകാശ നിലയം എന്തുകൊണ്ട് തിളങ്ങുന്നു?
മനുഷ്യൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കൃത്രിമോപഗ്രഹമാണ് ISS (ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പം). ഇതിലുള്ള ഭീമാകാരമായ സോളാർ പാനലുകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇതൊരു വലിയ തിളക്കമുള്ള നക്ഷത്രം പോലെ കാണപ്പെടുന്നത്. ഭൂമിയിൽ ഇരുട്ടാവുകയും എന്നാൽ ബഹിരാകാശ നിലയത്തിൽ സൂര്യപ്രകാശം പതിക്കുകയും ചെയ്യുന്ന സന്ധ്യാസമയങ്ങളിലാണ് ഇവ വ്യക്തമായി ദൃശ്യമാകുന്നത്.
വരും ദിവസങ്ങളിലെ അവസരങ്ങൾ
സെപ്റ്റംബർ 4-ന് മേഘാവൃതമായ അന്തരീക്ഷം കാരണം കാണാൻ സാധിച്ചില്ലെങ്കിലും വിഷമിക്കേണ്ടതില്ല. തുടർന്നുള്ള ദിവസങ്ങളിലും (സെപ്റ്റംബർ 5, 6, 7 തീയതികളിലും) സന്ധ്യാസമയത്ത് കേരളത്തിന് മുകളിലൂടെ ISS കടന്നുപോകുന്നുണ്ട്.
ബഹിരാകാശ നിലയം എന്ന അത്ഭുതം
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇത്, വെറും 90 മിനിറ്റ് കൊണ്ട് ഒരു തവണ ഭൂമിയെ ചുറ്റിവരുന്നുണ്ട്. 2000 നവംബർ 2 മുതൽ തുടർച്ചയായി മനുഷ്യർ നിലയത്തിൽ താമസിച്ച് ഗവേഷണം നടത്തി വരികയാണ്.
ഇന്ത്യൻ വംശജനായ അനിൽ മേനോനും നിലവിൽ ബഹിരാകാശ നിലയത്തിലുണ്ട്. ദീർഘകാല ബഹിരാകാശവാസത്തിൽ, ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ മനുഷ്യരുടെ രക്തയോട്ടത്തെയും വെയിനുകളുടെ ഘടനയെയും എങ്ങനെ ബാധിക്കുന്നു എന്ന് പഠനം നടത്താനാണ് ഇദ്ദേഹം നിലയത്തിൽ എത്തിയിരിക്കുന്നത്. നാളെ നിലയത്തിലേക്ക് നോക്കുമ്പോൾ, ഈ പഠനങ്ങളിലേർപ്പെട്ടിരിക്കുന്ന, അനിൽ മേനോൻ അടക്കമുള്ളവരെയാകും നമ്മൾ നോക്കുക.
The International Space Station (ISS) orbiting Earth will be visible in Kerala’s night sky. If the skies are clear, the space station can be seen with the naked eye at around 7:40 pm on September 4. Reports suggest it will be visible across Kerala, from Thiruvananthapuram to Kasaragod.