Science

ജർമ്മനിയിൽ നിന്നല്ല, ബംഗാൾ ഉൾക്കടലിൽ നിന്ന്; ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പലുകളിൽ ലോകം കീഴടക്കിയ പാറ്റകളുടെ കഥ

പാറ്റകള്‍ ഭൂമിയിലുടനീളം വ്യാപിച്ചതിന് പിന്നില്‍ രണ്ട് പ്രധാന കുടിയേറ്റ തരംഗങ്ങളാണ്

Madism Desk

കോക്രോച്ച് ജനതാ പാര്‍ട്ടിയും പാറ്റകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മനുഷ്യരെയും ഭരണകൂടങ്ങളെയും എന്തിന്, ലോകാവസാനത്തെപ്പോലും അതിജീവിച്ച് ഈ കുഞ്ഞുജീവി മുന്നോട്ട് പോകുമെന്ന തരത്തിലുള്ള വിഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ തമാശകള്‍ക്കപ്പുറം പാറ്റകള്‍ക്ക് ലോകം ചുറ്റിയ ഒരു ശാസ്ത്രീയ സത്യമുണ്ട്. അതിന്റെ തുടക്കം ഏകദേശം 2,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നാണ്.

ജര്‍മ്മന്‍ പാറ്റകളുടെ 250 വര്‍ഷം പഴക്കമുള്ള രഹസ്യം

ജര്‍മ്മന്‍ പാറ്റകളില്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഏറ്റവും വലിയ ജനിതക പഠനത്തിന്റെ ഫലം 2024 മെയ് മാസത്തില്‍ പുറത്തുവിട്ടിരുന്നു. 17 രാജ്യങ്ങളില്‍ നിന്നും ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ഇവയുടെ ഡിഎന്‍എ പരിശോധിച്ച ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതോടെ 'ബ്ലാറ്റെല്ല ജര്‍മ്മനിക്ക' എന്ന് വിളിക്കുന്ന ജര്‍മ്മന്‍ പാറ്റകള്‍ യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയില്‍ ഉത്ഭവിച്ചവരല്ലെന്ന 250 വര്‍ഷം പഴക്കമുള്ള ഒരു ജീവശാസ്ത്ര രഹസ്യത്തിന് ശാസ്ത്രജ്ഞര്‍ വിരാമമിട്ടു. കിഴക്കന്‍ ഇന്ത്യ, മ്യാന്‍മര്‍, ബംഗാള്‍ ഉള്‍ക്കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന 'ബ്ലാറ്റെല്ല അസഹിനെയ്' വിഭാഗത്തില്‍ നിന്നാണ് ഇവ പരിണമിച്ചതെന്ന് ഗവേഷകര്‍ കണ്ടെത്തി.

ലോകമെമ്പാടുമുള്ള 281 പാറ്റകളുടെ മുഴുവന്‍ ജനിതക വിവരങ്ങള്‍ (Genome-wide analysis) വിശകലനം ചെയ്തുകൊണ്ട് വനത്തില്‍ വസിച്ചിരുന്ന ഒരു സാധാരണ പ്രാണിയുടെ വംശം എങ്ങനെയാണ് ജനവാസമുള്ള മേഖലകളിലേയ്ക്ക് രൂപാന്തരപ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ഏകദേശം 2,100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചില ഏഷ്യന്‍ പാറ്റകള്‍ ഇന്ത്യയിലെയോ മ്യാന്‍മറിലെയോ മനുഷ്യവാസസ്ഥലങ്ങളുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വനത്തില്‍ കഴിഞ്ഞിരുന്ന തങ്ങളുടെ മറ്റ് വര്‍ഗ്ഗക്കാരില്‍ നിന്ന് വ്യത്യസ്തമായി, ഇവ ഭക്ഷണത്തിനും അതിജീവനത്തിനുമായി ചൂടുള്ള മനുഷ്യ നിര്‍മ്മിത ചുറ്റുപാടുകളെ ആശ്രയിക്കാന്‍ തുടങ്ങി. തലമുറകള്‍ കഴിഞ്ഞപ്പോള്‍, പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ അതിജീവിക്കാന്‍ കഴിയാത്ത ഇവ ജനവാസമുള്ള മേഖലകളില്‍ മാത്രം ജീവിക്കുന്ന ഒരു പുതിയ ഇനമായി പരിണമിച്ചു.

ലോകം കീഴടക്കിയ രണ്ട് വലിയ കുടിയേറ്റങ്ങള്‍

പാറ്റകള്‍ ഭൂമിയിലുടനീളം വ്യാപിച്ചതിന് പിന്നില്‍ രണ്ട് പ്രധാന കുടിയേറ്റ തരംഗങ്ങളുണ്ടെന്ന് പഠനം കണ്ടെത്തി. ആദ്യത്തേത് ഏകദേശം 1,200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറോട്ട് നടന്ന കുടിയേറ്റമാണ്. ഇത് ദക്ഷിണേഷ്യയെയും മിഡില്‍ ഈസ്റ്റിനെയും ബന്ധിപ്പിച്ചിരുന്ന വ്യാപാര ശൃംഖലകളും ഇസ്ലാമിക ഭരണകൂടങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. വഴിയാണ് ഇവ പടിഞ്ഞാറോട്ട് വ്യാപിച്ചത്. രണ്ടാമത്തെ കുടിയേറ്റ തരംഗം 390 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചതാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ സമുദ്ര വ്യാപാര മാര്‍ഗ്ഗങ്ങള്‍ പാറ്റകള്‍ക്ക് സഞ്ചാരപാതകള്‍ തുറന്നുനല്‍കിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയ്ക്കിടയില്‍ സഞ്ചരിച്ചിരുന്ന കപ്പലുകളിലെ ഭക്ഷണ ചരക്കുകള്‍, തടിപ്പെട്ടികള്‍, മറ്റു ചരക്കുകള്‍ എന്നിവ വഴിയാണ് പാറ്റകള്‍ ഭൂഗണ്ഡങ്ങള്‍ കടന്നത്. രസകരമായ വസ്തുതയെന്തെന്നാല്‍, ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യയൂറോപ്പിലെ രേഖകളിലാണ് ആദ്യമായി 'ജര്‍മ്മന്‍ പാറ്റകള്‍' എന്ന പേര് പ്രത്യക്ഷപ്പെടുന്നത്. ഇതോടെയാണ് പാറ്റകള്‍ ജര്‍മ്മനിയില്‍ ഉത്ഭവിച്ചതാണെന്ന് പലരും കരുതിയത്. എന്നാല്‍ പുതിയ ജനിതക തെളിവുകള്‍ വ്യക്തമാക്കുന്നത് ഇതിന്റെ വേരുകള്‍ ദക്ഷിണേഷ്യയിലാണെന്നാണ്.

ഇന്ന് ലോകത്തിലെ ഏറ്റവും പ്രതിരോധശേഷിയുള്ള കീടങ്ങളിലൊന്നാണ് ജര്‍മ്മന്‍ പാറ്റകള്‍. ഫ്‌ളാറ്റുകള്‍, റെസ്റ്റോറന്റുകള്‍, ആശുപത്രികള്‍, മെട്രോകള്‍ എന്നിവടങ്ങളെല്ലാം ഇവയുടെ ആവാസകേന്ദ്രങ്ങളാണ്. കീടനാശിനികളോടുള്ള ഇവയുടെ അസാധാരണമായ പ്രതിരോധശേഷിയും നഗര ചുറ്റുപാടുകളുമായി വേഗത്തില്‍ പൊരുത്തപ്പെടാനുള്ള കഴിവും കാരണം ഇവയെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് ഏതാണ്ട് അസാധ്യമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആരംഭിച്ച് ലോകമെമ്പാടുമുള്ള ആകാശചുംബികളായ കെട്ടിടങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന പാറ്റകളുടെ ഈ യാത്ര മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവജാല വ്യാപനങ്ങളില്‍ ഒന്നാണ്.

English Summary: Cockroaches, often joked about as one of the world’s most resilient creatures, actually have a remarkable global migration story tied to human history. A major genetic study published in 2024 analysed the DNA of German cockroaches collected from 17 countries across six continents and found that these insects did not originate in Germany as previously believed. Instead, researchers traced their ancestry to regions around eastern India, Myanmar, and the Bay of Bengal.