Science

ഭൂമിയുടെ അതേ താപനിലയിൽ പുതിയ ഗ്രഹം; ഭൂമിയുടെ പരിണാമവും മാറ്റങ്ങളും പഠിക്കാൻ പുതിയ വഴി തുറന്ന് ശാസ്ത്രലോകം

വാതകഭീമഗ്രഹങ്ങളിൽ മീഥെയ്ൻ ഉണ്ടാകാമെന്ന് പ്രവചിച്ചിരുന്നെങ്കിലും കണ്ടെത്തുന്നത് ഇതാദ്യം

Madism Desk

സൗരയൂഥത്തിൽ ജീവന്റെ തുടിപ്പുള്ള ഏക ഗ്രഹമായ ഭൂമിയിലേതുപോലെ താപനിലയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിനോളം വലിപ്പമുള്ള ടിഒഐ-199ബിയെയാണ് ഭൂമിക്ക് സമാന താപനിലയിൽ കണ്ടെത്തിയത്. ഇതൊരു വിചിത്ര കൂട്ടുകെട്ടാണെന്നാണ് ശാസ്ത്രലോകത്തിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിപ്പോയ പഠനത്തിലാണ് ശാസ്ത്രജ്ഞർ ആദ്യമായി വാതക ഭീമഗ്രഹത്തിന്റെ അന്തരീക്ഷം അതിവിശദമായി പരിശോധിക്കുന്നത്. ഈ പഠന സാധ്യതയിലൂടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പ്രത്യേകിച്ച് ഭൂമിയുടെ രൂപീകരണവും പരിണാമവും സംബന്ധിച്ച പുതിയ രഹസ്യങ്ങൾ കണ്ടെത്താമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ടിഒഐ-199ബിയിലെ പുതിയ പഠനം!

ഭൂമിയിൽനിന്ന് 330 പ്രകാശവർഷത്തിലേറെ അകലെയുള്ള, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹമാണ് ടിഒഐ-199ബി. ഇത് സ്വന്തം നക്ഷത്രത്തെ ഏകദേശം 100 ദിവസത്തിലൊരിക്കലാണ് ഭ്രമണം ചെയ്യുന്നത്.

ഗ്രഹത്തിന്റെ അന്തരീക്ഷ താപനില ഏകദേശം 175 ഡിഗ്രി ഫാരൻ ഹീറ്റാണെന്നാണ് കണക്കാക്കുന്നത്. ഈ ചൂട് മനുഷ്യർക്ക് വളരെ കൂടുതലാണെങ്കിലും, സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ മറ്റ് ഭീമഗ്രഹങ്ങളെ അപേക്ഷിച്ച് ഇത് മിത താപനിലയാണ്. ഇവിടെ മീഥെയ്ൻ ഉൾപ്പെടെയുള്ള രാസഘടകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

പഠനസാധ്യതകൾ

മിതതാപനിലയുള്ള വാതകഭീമഗ്രഹങ്ങളിൽ മീഥെയ്ൻ ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞർ നേരത്തെ പ്രവചിച്ചിരുന്നെങ്കിലും ഇത്ര വ്യക്തതയോടെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. കൂടാതെ, അമോണിയയും കാർബൺ ഡൈഓക്സൈഡും ഉണ്ടായിരിക്കാമെന്ന സൂചനകളും നിരീക്ഷണങ്ങളിൽ നിന്ന് ലഭിച്ചതയാണ് റിപ്പോർട്ട്.

ഇത്തരത്തിൽ മിതതാപനിലയുള്ള വാതകഭീമഗ്രഹങ്ങൾ വളരെ അപൂർവമായതിനാൽ, ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുകയും കാലക്രമേണ പരിണമിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് നിർണായക സൂചനകൾ നൽകാൻ ഈ കണ്ടെത്തലിന് കഴിയുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പഠനമെങ്ങനെ?

ടിഒഐ-199ബി സ്വന്തം നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ, അതിന്റെ അന്തരീക്ഷത്തിലൂടെ വരുന്ന നക്ഷത്രപ്രകാശം ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് വിശകലനം ചെയ്തു. ഗ്രഹത്തിൽ പതിക്കുന്ന ഓരോ വാതകവും പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശവും ടിഒഐ-199ബി ആഗിരണം ചെയ്യുന്നതിനാൽ, അന്തരീക്ഷത്തിലുള്ള രാസഘടകങ്ങളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെയും നേതൃത്വത്തിൽ നടത്തിയ പഠനഫലങ്ങൾ ദി അസ്‌ട്രോണോമിക്കൽ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.

പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ!

മിതതാപനിലയുള്ള ഒരു വാതകഭീമഗ്രഹത്തിന്റെ അന്തരീക്ഷം ഇത്രയും വിശദമായി പഠിക്കാൻ കഴിഞ്ഞത് ആദ്യമായാണെന്ന് ഗവേഷകർ പറയുന്നത്. ഈ കണ്ടെത്തൽ ഗ്രഹങ്ങളുടെ രാസഘടനയെയും രൂപീകരണ രീതികളെയും കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ മാതൃകകൾക്ക് കൂടുതൽ പിന്തുണ നൽകും.

ടിഒഐ-199ബി നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകാൻ എടുത്ത സമയം ഏകദേശം ഏഴ് മണിക്കൂറായിരുന്നു. സാധാരണ ഹോട്ട് ജൂപ്പിറ്ററുകളുടെ പാതയെ അപേക്ഷിച്ച് ഇത് വളരെ ദൈർഘ്യമേറിയതാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഗ്രഹം തന്റെ പ്രധാന നക്ഷത്രത്തിന് മുന്നിലൂടെ സഞ്ചരിക്കുന്നതിന് മുമ്പ്, നക്ഷത്രത്തിന്റെ അടിസ്ഥാന പ്രകാശമാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ഏകദേശം 20 മണിക്കൂർ നീണ്ട നിരീക്ഷണത്തിലൂടെയാണ് കണ്ടെത്തൽ.

ടിഒഐ-199ബി യഥാർത്ഥത്തിൽ രണ്ടാം ഭൂമിയല്ലെങ്കിലും ഭൂമിയോട് സാമ്യമുള്ള താപനിലയും സങ്കീർണമായ അന്തരീക്ഷവുമുള്ള ഈ ഗ്രഹം സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ അതിശയകരമായ വൈവിധ്യത്തിലേക്ക് പുതിയൊരു വഴി തുറക്കും.

English Summary: Astronomers have discovered a rare temperate gas giant exoplanet named TOI-199b using NASA’s James Webb Space Telescope. Located over 330 light-years away, the Jupiter-sized planet has Earth-like moderate temperatures compared to extreme hot Jupiters. Scientists detected methane and possible traces of ammonia and carbon dioxide in its atmosphere. Researchers believe the findings could provide major clues about planetary formation, atmospheric evolution, and the diversity of worlds beyond our solar system.