Artemis Launch 
Science

ചന്ദ്രനിലേക്ക് ചരിത്രം കുറിച്ച് ഒരു യാത്ര: ആർട്ടെമിസ് 2 മിഷൻ അറിയേണ്ടതെല്ലാം

വെറുമൊരു ചന്ദ്രയാത്രയല്ല, മറിച്ച് മനുഷ്യൻ ഭൂമിക്ക് പുറത്ത് ഒരു 'മൾട്ടി പ്ലാനറ്ററി സ്പീഷിസ്' ആയി മാറുന്നതിന്റെ ആദ്യ പടവുകളാണ് ഇന്ന് ലോകം കണ്ടത്. അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്...

Madism Desk

ഫ്ലോളിഡയിൽനിന്ന് ഇന്ന് പൂലർച്ചെ കുതിച്ചുയർന്ന ആർട്ടെമിസ് 2 ഒരു ചരിത്രനിയോഗത്തിലാണ്. ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുക എന്ന വലിയലക്ഷ്യവുമായാണ് നാല് യാത്രികർ പറന്നുയർന്നത്.ഇത് വെറുമൊരു ചന്ദ്രയാത്രയല്ല, മറിച്ച് മനുഷ്യൻ ഭൂമിക്ക് പുറത്ത് ഒരു 'മൾട്ടി പ്ലാനറ്ററി സ്പീഷിസ്' ആയി മാറുന്നതിന്റെ ആദ്യ പടവുകളാണ് ഇന്ന് ലോകം കണ്ടത്. അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുക എന്നതിലുപരി നാസ മറ്റൊന്നു കൂടി ഉന്നംവയ്ക്കുന്നുണ്ട് - ഇക്കാര്യത്തിൽ ചൈനയെ പിന്നിലാക്കുക

എന്താണ് ആർട്ടെമിസ് 2?

നാസയുടെ ആർട്ടെമിസ് പദ്ധതിയിലെ ആദ്യത്തെ മനുഷ്യവാഹക മിഷനാണിത്. 2022-ൽ നടന്ന ആർട്ടെമിസ് 1 മിഷനിൽ മനുഷ്യരില്ലാതെ പേടകം ചന്ദ്രനെ ചുറ്റി വന്നിരുന്നു. എന്നാൽ ആർട്ടെമിസ് 2-ൽ നാല് ബഹിരാകാശ സഞ്ചാരികൾ നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു. ഇവർ ചന്ദ്രനിൽ ഇറങ്ങില്ല പകരം ചന്ദ്രനെ ചുറ്റി തിരികെ ഭൂമിയിൽ എത്തും.

പ്രധാന പ്രത്യേകതകൾ:

റോക്കറ്റ്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്എസ്എൽ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

പേടകം: സഞ്ചാരികൾ യാത്ര ചെയ്യുന്നത് ഓറിയോൺ എന്ന അത്യാധുനിക പേടകത്തിലാണ്.

ദൂരപരിധി: ഭൂമിയിൽ നിന്ന് ഏകദേശം 3.7 ലക്ഷം കിലോമീറ്റർ അകലെ, ചന്ദ്രന് 7,500 കിലോമീറ്റർ അപ്പുറം വരെ ഈ പേടകം സഞ്ചരിക്കും. മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദൂരമായിരിക്കും ഇത്.

Artemis 2

എത്ര വർഷങ്ങൾക്ക് ശേഷം?

ഏകദേശം 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ പരിസരത്തേക്ക് എത്തുന്നത്. 1972-ലെ അപ്പോളോ 17 മിഷനായിരുന്നു ഇതിനുമുമ്പ് മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ അവസാന യാത്ര. അപ്പോളോ മിഷനുകൾക്ക് ശേഷം മനുഷ്യൻ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിൽ മാത്രമാണ് ഒതുങ്ങിനിന്നിരുന്നത്.

Artemis 2 crew

ആർട്ടെമിസ് 2 മിഷന്റെ ലക്ഷ്യങ്ങൾ

സുരക്ഷാ പരിശോധന: ആർട്ടെമിസ് 3 മിഷനിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിന് മുന്നോടിയായി ഓറിയോൺ പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും മറ്റ് സാങ്കേതിക വിദ്യകളും മനുഷ്യർക്ക് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുക.

റെക്കോർഡ് നേട്ടങ്ങൾ: ചരിത്രത്തിലാദ്യമായി ഒരു വനിതയും (ക്രിസ്റ്റീന കോക്ക്), ഒരു കറുത്ത വർഗക്കാരനും (വിക്ടർ ഗ്ലോവർ), ഒരു അമേരിക്കക്കാരനല്ലാത്ത വ്യക്തിയും (കാനഡയുടെ ജെറമി ഹാൻസൺ) ഈ ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു. നാലാമത്തെയാൾ മിഷൻ കമാൻഡർ റീഡ് വൈസ്മാൻ ആണ്.

ചന്ദ്രനിലെ കോളനി: ഭാവിയിൽ ചന്ദ്രനിൽ ഒരു സ്ഥിരതാമസം ഒരുക്കാനുള്ള നാസയുടെ വലിയ പദ്ധതിയുടെ അടിത്തറയാണിത്.

മിഷന്റെ വിവിധ ഘട്ടങ്ങൾ

വിക്ഷേപണം: ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുള്ള കുതിച്ചുയരൽ.

ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം: ആദ്യം ഭൂമിയെ ചുറ്റി പേടകത്തിന്റെ എല്ലാ സംവിധാനങ്ങളും കൃത്യമാണെന്ന് സഞ്ചാരികൾ ഉറപ്പുവരുത്തും.

ചന്ദ്രനിലേക്കുള്ള യാത്ര: ഇതിനുശേഷം ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് നീങ്ങും. ഇതിന് ഏകദേശം 4 ദിവസങ്ങൾ എടുക്കും.

ഫ്രീ റിട്ടേൺ ട്രാജക്റ്ററി: ചന്ദ്രനെ ഒരു വട്ടം വലംവെച്ച്, ചന്ദ്രന്റെ തന്നെ ഗുരുത്വാകർഷണം ഉപയോഗിച്ച് തിരികെ ഭൂമിയിലേക്ക് കുതിക്കുന്ന രീതിയാണിത് (സ്ലിംഗ് ഷോട്ട് പോലെ).

തിരിച്ചുവരവ്: 10 ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം പസഫിക് സമുദ്രത്തിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ ലാൻഡ് ചെയ്യും.

മനുഷ്യരാശിക്കുള്ള ഗുണങ്ങൾ

അറിവ്: ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചും പുതിയ അറിവുകൾ ലഭിക്കും.

സാങ്കേതിക വളർച്ച: അതികഠിനമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് ഭൂമിയിലെ വൈദ്യശാസ്ത്രം, വാർത്താവിനിമയം തുടങ്ങിയ മേഖലകളെയും സഹായിക്കും.

ചൊവ്വാ ദൗത്യം: ചന്ദ്രനിൽ ഒരു താവളം ഒരുക്കാൻ കഴിഞ്ഞാൽ അവിടെനിന്ന് ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്ര കൂടുതൽ എളുപ്പമാകും. 'ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക്' എന്നതാണ് നാസയുടെ ദീർ:ഘകാല ലക്ഷ്യം.

English Description:NASA's Artemis 2: Humanity's historic return to the Moon! Discover the crew, the mission goals, and how NASA is paving the way for Mars. Your ultimate Malayalam guide to the next giant leap