Sports

വീണ്ടുമൊരു രണ്ടാം സ്ഥാനം? അവസാന ലാപ്പില്‍ തുടര്‍ച്ചയായി ആഴ്‌സണലിന് കാലിടറുന്നതെവിടെ!

എത്തിഹാദിലെ മത്സരത്തിനുപിന്നാലെ കിരീടപ്പോരില്‍ ആഴ്‌സണലിന് ആശങ്ക

Madism Desk

സീസണിലെ ഏറ്റവും പ്രധാനമായ മത്സരത്തില്‍ എത്തിഹാദില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മൈക്കല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണലിന് മറുപടിയുണ്ടായില്ല. വീണ്ടും 'ബോട്ടിലേഴ്‌സ്' വിളികള്‍ ആഴ്‌സണലിനെ തേടിയെത്തുന്നു.

സീസണിലെ ഗംഭീര തുടക്കങ്ങള്‍ക്ക് ശേഷം ഒടുവില്‍ കലമുടയ്ക്കുന്നശീലം ആഴ്‌സണലിനെ എല്ലായ്‌പ്പോഴും തേടിയെത്തുന്നത് വെറും ദൗര്‍ഭാഗ്യമല്ല. അതിനുപിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്.

അര്‍ട്ടേറ്റ മറന്നുപോയ 'ഗെയിം പ്ലാന്‍'

ഇന്നലത്തെ കളിയില്‍ ഒരു സമനില പോലും ആഴ്‌സണലിന് ജയത്തിന് തുല്യമായിരുന്നു. വളരെ ശക്തമായ ഏകോപനമുള്ള പ്രതിരോധം സൃഷ്ടിച്ച് കൗണ്ടര്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കുന്ന രീതിയാണ് ലീഗിലെ 'ബിഗ് സിക്‌സ്' ടീമുകള്‍ക്കെതിരെ ആഴ്‌സണല്‍ പുറത്തെടുക്കാറുള്ളത്. ഇതേ രീതി ഉപയോഗിച്ച് കളിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം, ചെല്‍സി എന്നീ ടീമുകള്‍ക്കെതിരെ വെറും രണ്ട് കളികള്‍ മാത്രമാണ് അര്‍ട്ടേറ്റയും സംഘവും തോറ്റത്.

എന്നാല്‍ പതിവിന് വിപരീതമായി 'പ്രസ്സിങ് ഫുട്‌ബോളാണ്' ആഴ്‌സണല്‍ ഇന്നലെ കളിച്ചത്. അവശ്യഘട്ടങ്ങളിൽ പ്രതിരോധ നിരയിലേക്ക് ഇറങ്ങാൻ വൈമുഖ്യം കാണിക്കാറുള്ള ഹവേര്‍ട്‌സ്, മഡ്വെക്കെ, മാര്‍ട്ടിനെല്ലി എന്നിവരാണ് ആക്രമണം നയിച്ചത്. ഇത് മിഡ്ഫീല്‍ഡിലേക്ക് പന്തെത്തിക്കുന്നതിലുള്ള സിറ്റി പ്രതിരോധനിരയുടെ ജോലി എളുപ്പമാക്കി. പ്രസ്സിങ്ങിനെ നിഷ്പ്രയാസം മറികടക്കുന്ന സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, റയാന്‍ ചെര്‍ക്കി, റോഡ്രി എന്നിവര്‍ക്ക് മധ്യനിരയില്‍ ധാരാളം സ്‌പേസ് ലഭിച്ചു. ആദ്യഗോള്‍ വന്ന വഴിയിലും പിച്ചിലൂടെ സ്വതന്ത്രനായി സഞ്ചരിച്ച് ബോക്‌സിനകത്ത് കടക്കുന്ന ചെര്‍ക്കിയെ കാണാം.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കരബാവോ കപ്പ് ഫൈനല്‍ തോറ്റ ശേഷം പഴയ ആഴ്‌സണലിനെ നമ്മള്‍ കണ്ടിട്ടില്ല. പതിവിന് വിപരീതമായി 2 സ്‌ട്രൈക്കര്‍മാരെ അണിനിരത്തിയാണ് അര്‍ട്ടേറ്റ ഇറങ്ങിയത്. ഇത് ആഴ്‌സണലിന്റെ സ്വാഭാവികമായ ആക്രമണരീതിയെ ഇല്ലാതാക്കി. പ്രതിരോധത്തെ സഹായിക്കാനായി പിന്നിലേക്കിറങ്ങാത്ത രണ്ട് ഫോര്‍വേഡുകള്‍ മൂലം മധ്യനിരക്ക് ഇരട്ടിപ്പണിയായി. പിന്നീടുള്ള എല്ലാ മത്സരങ്ങളിലും ഇതേ രീതിയാണ് അര്‍ട്ടേറ്റ പിന്തുടര്‍ന്നത്. ഏറെക്കുറെ സമാനമായ പിഴവുകളാണ് ഇന്നലേയും സംഭവിച്ചത്.

'ചാമ്പ്യന്‍ മനോഭാവം'

പ്രീമിയര്‍ലീഗ് പോലൊരു ലീഗ് കളിക്കുമ്പോള്‍ ജേതാക്കളാവാന്‍ വേണ്ട ആദ്യത്തെ സവിശേഷതയാണ് 'ചാമ്പ്യന്‍ മനോഭാവം'. ഇടക്കിടെ വരുന്ന രാജ്യാന്തര മത്സരങ്ങളുടെ ഇടവേളകളില്‍ ടീമിന്റെ ഒത്തിണക്കം നഷ്ടമായേക്കാം. അതുമൂലം സംഭവിക്കുന്ന തോല്‍വികളില്‍ തളര്‍ന്നുപോകുന്നതാണ് ആഴ്‌സണലിന്റെ പൊതുസ്വഭാവം. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ മനോഭാവം വ്യത്യസ്തമാണ്.

10 പോയന്റിലധികം പിന്നില്‍ നില്‍ക്കുമ്പോഴും, ഒന്നാം സ്ഥാനക്കാരില്‍ അവര്‍ സമ്മര്‍ദം സൃഷ്ടിക്കും. ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, 'ആഴ്‌സണലാണ് ജേതാക്കളാകാന്‍ കൂടുതല്‍ സാധ്യത, സിറ്റിക്ക് തിരിച്ചുവരവ് അസാധ്യമാണ്' തുടങ്ങിയ പരാമര്‍ശങ്ങള്‍ പെപ് ഗ്വാര്‍ഡിയോള നടത്താറുണ്ട്. ഇതിനെ 'മെന്റല്‍ ഗെയിം' എന്നാണ് ഫുട്‌ബോളില്‍ വിളിക്കാറുള്ളത്.

ഇതുവഴി എതിരാളി അമിത ആത്മവിശ്വാസം മൂലം കളികളെ നിസ്സാരവല്‍ക്കരിച്ച് പരാജയപ്പെടുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ഇതിന്റെ തലതൊട്ടപ്പനാണ്.

ഡിസംബറിന് ശേഷമുള്ള സിറ്റി

ഡിസംബറിന് ശേഷം ലീഗ് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സിറ്റി കൂടുതല്‍ കരുത്തരാവുന്നത് കാണാം. എല്ലാ കളികളും ഫൈനലുകളായി കാണുന്ന മനോഭാവം സിറ്റി കാണിക്കുമ്പോള്‍, ലീഗിന്റെ ഒന്നാം സ്ഥാനക്കാര്‍ പലപ്പോഴും പോയിന്റ് വ്യത്യാസത്തിന്റെ ഭംഗിയില്‍ മയങ്ങി അലസരാവാറുണ്ട്. യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍, പെപ്പിന്റെ ഈ കെണിയില്‍ രണ്ട് തവണ വീണുപോയിട്ടുണ്ട്. നാല് കിരീടങ്ങള്‍ നേടി 'ക്വാഡ്‌റപ്പിള്‍' സ്വപ്‌നം കണ്ടിരുന്ന ആഴ്‌സണല്‍, തുടര്‍ച്ചയായി നാലാം സീസണിലും ലീഗിലെ രണ്ടാം സ്ഥാനക്കാരായി മാറുന്ന ദുഃസ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങി.

English Summary: Arsenal’s title hopes took another hit after a crucial loss to Manchester City, highlighting recurring tactical mistakes and lack of a winning mentality. Mikel Arteta’s shift from a disciplined counter-attacking approach to an ineffective pressing game allowed City to dominate midfield.