Sports

മുൻ ബ്രിട്ടീഷ് കായികതാരങ്ങൾക്ക് കൂടി ശിക്ഷ; ലിയോൺ ബാപ്റ്റിസ്റ്റ് കേസിൽ പുതിയ വഴിത്തിരിവ്

പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, കോടതി നടപടികൾ ഇംഗ്ലീഷിൽ അല്ലാത്തതിനാൽ തങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലായിരുന്നില്ലെന്നും ഇവർ വാദിക്കുന്നു.

Sports Desk

മുൻ കോമൺവെൽത്ത് ​ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവും ബ്രിട്ടീഷ് അത്‍ലറ്റിക്സ് പരിശീലകനുമായ ലിയോൺ ബാപ്റ്റിസ്റ്റുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡനക്കേസിൽ, കൂടെയുണ്ടായിരുന്ന മൂന്ന് മുൻ ബ്രിട്ടീഷ് കായികതാരങ്ങളെ കൂടി മൊറോക്കൻ കോടതി ശിക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പരിശീലനത്തിനിടെ മൊറോക്കയിൽ വെച്ച് കാണാതായ എന്ന് ആദ്യം കരുതിയിരുന്ന ബാപ്റ്റിസ്റ്റ്, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് മൊറോക്കോയിൽ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ബാപ്‍റ്റിസ്റ്റിന് 10 മാസത്തെ തടവാണ് കോടതി ആദ്യം വിധിച്ചിരുന്നത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് അദ്ദേഹത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഒപ്പമുണ്ടായിരുന്ന മുൻ കായികതാരങ്ങൾക്കും ക്രിമിനൽ ശിക്ഷ ലഭിച്ചതായി വ്യക്തമാകുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്യുന്നതിൽ ബാപ്റ്റിസ്റ്റിനെ ഇവർ സഹായിച്ചു എന്നതാണ് ഇവർക്കെതിരായ കണ്ടെത്തൽ.

കോമൺവെൽത്ത് ​ഗെയിംസിൽ രണ്ട് തവണ വെള്ളി മെഡൽ നേടിയ ഹർഡിൽസ് താരം വിൽ ഷാർമാൻ, അദ്ദേഹത്തിന്റെ സഹോദരനും മുൻ ബോബ്സ്ലെഡ് താരവുമായ റിച്ചാർഡ് ഷാർമാൻ, മറ്റൊരു മുൻ ഒളിംപിക്സ് ബോബ്സ്ലെഡ് താരമായ ലമിൻ ഡീൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരെക്കൂടാതെ സംഘത്തിലുണ്ടായിരുന്ന ആഷ്‌ലി ഒ ലിയറി ജോൺസ്, ഡേവിഡ് ടക്ക് എന്നിവർക്കും ശിക്ഷ ലഭിച്ചു. അഞ്ചുപേർക്കും നാല് മാസം വീതം സസ്പെൻഡഡ് തടവുശിക്ഷയും 500 ദിർഹം (ഏകദേശം 40 പൗണ്ട്) പിഴയുമാണ് കോടതി വിധിച്ചത്. എന്നാൽ, ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

മാരാകേഷിലെ മൊണ്ടെക്രിസ്റ്റോ എന്ന നിശാക്ലബ്ബിൽ നിന്ന് പതിനാറുകാരിയായ പെൺകുട്ടിയെ ഇവർ താമസിച്ചിരുന്ന വില്ലയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് കേസ്. ബാപ്റ്റിസ്റ്റുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പണം നൽകാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നതായും എന്നാൽ അത് ലഭിച്ചില്ലെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. വില്ലയിലെ ഒരു ജീവനക്കാരൻ തന്നെ മർദ്ദിച്ചതായും പെൺകുട്ടി മൊഴി നൽകി. കോടതി രേഖകൾ പ്രകാരം പെൺകുട്ടിക്ക് കടുത്ത ശാരീരികവും മാനസികവുമായ ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാന പ്രതിയായ നാൽപ്പത്തിയൊന്നുകാരനായ ബാപ്റ്റിസ്റ്റിന് ആദ്യം പത്ത് മാസത്തെ തടവാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലിലൂടെ അത് എട്ട് മാസമായി കുറച്ചിരുന്നു.

എന്നാൽ, തങ്ങൾക്കെതിരായ കോടതി വിധി അപ്രതീക്ഷിതമാണെന്നും ഈ വിവരങ്ങൾ അറിഞ്ഞ് വലിയ ഞെട്ടലിലാണെന്നും ശിക്ഷിക്കപ്പെട്ട അഞ്ചുപേരും അഭിഭാഷകർ മുഖേന പ്രതികരിച്ചു. തങ്ങൾ ഒരിക്കലും അറസ്റ്റിലായിരുന്നില്ലെന്നും മൊറോക്ക വിടുന്നതിനു മുൻപ് അടച്ച ചെറിയ പിഴയോടെ ഈ പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെന്നാണ് കരുതിയിരുന്നതെന്നും പ്രതികൾ വ്യക്തമാക്കി. പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, കോടതി നടപടികൾ ഇംഗ്ലീഷിൽ അല്ലാത്തതിനാൽ തങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലായിരുന്നില്ലെന്നും ഇവർ വാദിക്കുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട വിവരം ബിബിസി വാർത്തയിലൂടെയാണ് തങ്ങൾ അറിയുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് വില്ലയിലെ സുരക്ഷാ ജീവനക്കാർക്കും, പെൺകുട്ടിയെ പരിചയപ്പെട്ട നിശാക്ലബ്ബിന്റെ മാനേജർക്കും ജീവനക്കാർക്കും കോടതി ശിക്ഷ നൽകിയിട്ടുണ്ട്. കുറ്റക്കാരായ എല്ലാവരും ചേർന്ന് പെൺകുട്ടിക്ക് 60,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. അതിനിടെ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മൊറോക്കൻ സംഘടനയായ 'ടച്ച് പാസ് എ മോൺ എൻഫാന്റ്', ബാപ്റ്റിസ്റ്റിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയതിൽ കടുത്ത വിമർശനം ഉന്നയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ എട്ട് മാസം എന്നത് വളരെ ചെറിയ ശിക്ഷയാണെന്നും അവർ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ബാപ്റ്റിസ്റ്റിനെ മൊറോക്കോയിൽ നിന്ന് നാടുകടത്തും.

Three former British athletes were convicted in Morocco for their involvement in a case where UK Athletics coach Leon Baptiste sexually assaulted a 16-year-old girl. The athletes, who were on holiday with Baptiste, were found guilty of participating in the enticement of a minor and received four-month suspended sentences along with fines.