Cricket

ക്രിക്കറ്റില്‍ ഇനി അര്‍ഹതയുള്ളവര്‍ മാത്രം ടീമിലേക്ക്, സെലക്ഷന്‍ കമ്മിറ്റിയെ നിയന്ത്രിക്കാന്‍ AI വരുന്നു; എന്താണ് എംപിസിഎ മോഡല്‍?

മനുഷ്യസഹജമായ താല്പര്യങ്ങളോ മുന്‍വിധികളോ ഇല്ലാതെ, ഡാറ്റ മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ക്രിക്കറ്റിലും കൊണ്ടുവരികയാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍

Sports Desk

'അവന് നല്ല കഴിവുണ്ടായിരുന്നു, പക്ഷേ സെലക്ഷന്‍ കമ്മിറ്റിയില്‍ സ്വാധീനമില്ലാത്തതുകൊണ്ട് ടീമില്‍ കയറാന്‍ പറ്റിയില്ല...' - ക്രിക്കറ്റ് മൈതാനങ്ങളുടെ ഗാലറികളിലും ചായക്കടകളിലും നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു സങ്കടമാണിത്. മനുഷ്യസഹജമായ താല്പര്യങ്ങളോ മുന്‍വിധികളോ ഇല്ലാതെ, ഡാറ്റ മാത്രം നോക്കി സംസാരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ച് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈയൊരു അദൃശ്യമായ നെപ്പോട്ടിസത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ഒരുങ്ങുകയാണ്.

എന്താണ് ഈ 'MPCA മോഡല്‍'?

ലളിതമായി പറഞ്ഞാല്‍, ഇനി മുതല്‍ ഒരു കളിക്കാരന്റെ അര്‍ഹത തീരുമാനിക്കുന്നത് അയാളുടെ പേരോ പശ്ചാത്തലമോ സ്വാധീനങ്ങളോ ആയിരിക്കില്ല. മറിച്ച് അയാള്‍ കളിക്കളത്തില്‍ ഉണ്ടാക്കുന്ന പ്രകടനം മാത്രമായിരിക്കും. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനായി 'എമര്‍ജന്റ്' എന്ന പ്രമുഖ എഐ സ്റ്റാര്‍ട്ടപ്പുമായി കൈകോര്‍ത്ത് ഒരു പുതിയ ഡിജിറ്റല്‍ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ ഒരു കളിക്കാരന്റെ കരിയറിലെ ഓരോ റണ്‍സും, വിക്കറ്റും, സ്‌ട്രൈക്ക് റേറ്റും, എന്തിനേറെ പറയുന്നു നിര്‍ണായക ഘട്ടങ്ങളിലെ പ്രകടനങ്ങള്‍ പോലും ഈ എഐ സിസ്റ്റം കൃത്യമായി വിശകലനം ചെയ്യും.

1. തത്സമയ ഡാറ്റാ ശേഖരണം

മത്സരങ്ങള്‍ക്ക് ശേഷം ലീഗ് മത്സരങ്ങളിലെയും ആഭ്യന്തര ടൂര്‍ണമെന്റുകളിലെയും കളിക്കാരുടെ റണ്‍സ്, വിക്കറ്റുകള്‍, ഇക്കണോമി റേറ്റ് തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യപ്പെടുന്നു.

2. എഐ വിശകലനം

സിസ്റ്റം ഈ ഡാറ്റ നിഷ്പക്ഷമായി പരിശോധിക്കുകയും ഫോമിലുള്ള മികച്ച കളിക്കാരുടെ ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുന്നു. ഇതില്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് സ്ഥാനമില്ല.

3. സെലക്ഷന്‍ കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കല്‍

തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുന്നിലേക്ക് ഏറ്റവും അര്‍ഹരായ കളിക്കാരുടെ ലിസ്റ്റ് എഐ സമര്‍പ്പിക്കുന്നു.

4. ഉത്തരവാദിത്തം രേഖപ്പെടുത്തല്‍

സെലക്ടര്‍മാര്‍ക്ക് സ്വന്തം തീരുമാനമെടുക്കാം. പക്ഷേ, എഐ നിര്‍ദ്ദേശിച്ച ഒരു കളിക്കാരനെ ഒഴിവാക്കണമെങ്കിലോ, ഡാറ്റയില്‍ ഇല്ലാത്ത ഒരാളെ ഉള്‍പ്പെടുത്തണമെങ്കിലോ അതിനുള്ള 'കൃത്യമായ കാരണം' സെലക്ടര്‍മാര്‍ക്ക് രേഖപ്പെടുത്തേണ്ടി വരും.

സെലക്ഷന്‍ കമ്മിറ്റിയെ നിയന്ത്രിക്കുക എന്നാല്‍?

അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം മനുഷ്യരായ സെലക്ടര്‍മാര്‍ക്ക് തന്നെയാണ്. എന്നാല്‍ ആ തീരുമാനങ്ങളെ സുതാര്യമാക്കാന്‍ എഐ കണ്‍വെട്ടത്തുണ്ടാകും.

'ഞങ്ങള്‍ക്ക് കളിക്കാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ എല്ലാവിധ മുന്‍വിധികളും ഒഴിവാക്കണം. ഡാറ്റയ്ക്ക് പുറത്തുള്ള ഒരു തീരുമാനമാണ് സെലക്ടര്‍മാര്‍ എടുക്കുന്നതെങ്കില്‍, അതിനുള്ള കൃത്യമായ മറുപടി അവര്‍ക്ക് ബോര്‍ഡിന് നല്‍കേണ്ടി വരും. ഇത് പ്രക്രിയയിലുടനീളം ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുമെന്നാണ് മഹാനായാമന്‍ സിന്ധ്യ (എംപിസിഎ പ്രസിഡന്റ്) പറയുന്നത്.നിലവില്‍ മധ്യപ്രദേശ് ടി20 ലീഗില്‍ ഈ സിസ്റ്റം പരീക്ഷിച്ച് വരികയാണ്. വരാനിരിക്കുന്ന സെപ്റ്റംബറിലെ പുതിയ ക്രിക്കറ്റ് സീസണിന് മുന്നോടിയായി ഇത് താഴെത്തട്ടിലുള്ള എല്ലാ ജില്ലാ യൂണിറ്റുകളിലും നിര്‍ബന്ധമാക്കാനാണ് പ്ലാന്‍.

കളിക്ക് പുറത്തും കണ്ണ് വെക്കുന്ന കൃത്രിമബുദ്ധി

ഈ വിപ്ലവകരമായ മാറ്റം വെറുമൊരു ടീം സെലക്ഷനില്‍ മാത്രം ഒതുങ്ങുന്നില്ല. താഴെത്തട്ടിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കുള്ള ഫണ്ടുകളും ഗ്രാന്റുകളും അനുവദിക്കല്‍, ബില്ലുകളുടെയും ഔദ്യോഗിക രേഖകളുടെയും പരിശോധന, അസോസിയേഷന്റെ സാമ്പത്തിക ചിലവുകള്‍ കൃത്യമായി നിരീക്ഷിക്കല്‍ എന്നിവയെല്ലാം ഇനി ഈ അക പ്ലാറ്റ്ഫോം വഴിയായിരിക്കും നടക്കുക. ചുരുക്കത്തില്‍, അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഒരുപോലെ പൂട്ടുവീഴുമെന്ന് അര്‍ത്ഥം.ഇത്തരമൊരു വിപുലമായ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ സിസ്റ്റം നടപ്പിലാക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ക്രിക്കറ്റ് സംഘടനയായി മാറുകയാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍.

ഈ ഇന്ത്യന്‍ മോഡല്‍ നാളെ ആഗോളതലത്തില്‍ തന്നെ വലിയ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ മാതൃകയാക്കിയേക്കാം. ഏതായാലും ഒരു കാര്യം ഉറപ്പാണ്, ശുപാര്‍ശകളില്ലാത്തതുകൊണ്ട് മാത്രം കരിയര്‍ അവസാനിച്ചുപോകുമായിരുന്ന നാട്ടിന്‍പുറങ്ങളിലെ ഒട്ടനവധി ക്രിക്കറ്റ് പ്രതിഭകള്‍ക്ക് തങ്ങളുടെ കളി മികവ് കൊണ്ട് മാത്രം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് നടന്നു കയറാന്‍ ഈ എഐ മോഡല്‍ വലിയൊരു വഴിവിളക്കായി മാറും.

"He had the talent, but he never made the team because he had no influence with the selection committee..." It's a familiar complaint often heard in cricket stadium galleries and tea shops alike. Now, the Madhya Pradesh Cricket Association (MPCA) is turning to artificial intelligence—an unbiased system driven purely by data rather than human preferences or prejudices—to eliminate this invisible form of nepotism. Simply put, a player's selection will no longer depend on their name, background, or connections. Instead, it will be based solely on performances on the field. To achieve this, the MPCA has partnered with leading AI startup Emergent to develop a new digital evaluation system. The AI platform will analyze every aspect of a player's career, including every run scored, wicket taken, strike rate, and even performances in crucial match situations, providing an objective assessment based entirely on data.