മുഖ്യ പരിശീലകനായി സ്റ്റീഫൻ ഫ്‌ളമിങ് തുടരട്ടെയെന്ന് തീരുമാനിച്ച ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മെന്റ് നായകൻ ഋതുരാജ് ഗെയ്ക്വാദിനും വീണ്ടും അവസരം നൽകും. തിടുക്കപ്പെട്ട് നായകനെ മാറ്റേണ്ടതില്ലെന്നാണ് ചെന്നൈ മാനേജ്‌മെന്റിന്റെ തീരുമാനം.
തുടർച്ചയായ രണ്ടു മോശം സീസണുകൾക്കു പിന്നാലെ മാനേജ്‌മെന്റ് തലത്തിലും ക്യാപ്റ്റൻസിയിലും പൊളിച്ചെഴുത്ത് വേണമെന്ന് ചെന്നൈ ആരാധകർ വ്യാപകമായി ആവശ്യപ്പെട്ടിരുന്നു. പരിശീലകസ്ഥാനത്തുനിന്ന് ഫ്‌ളമിങ്ങിനെയും നായകസ്ഥാനത്തുനിന്ന് ഗെയ്ക്വാദിനെയും മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ ആരാധകരുടെ ഡിമാൻഡിനു തൽക്കാലം ചെവികൊടുക്കാൻ ചെന്നൈ മാനേജ്‌മെന്റ് തയ്യാറല്ല.
ഈ സീസണിലെ പ്രകടനം മാത്രം നോക്കി ഗെയ്ക്വാദിനെ നായകസ്ഥാനത്തുനിന്നു മാറ്റാൻ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. 2025 സീസണിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ഗെയ്ക്വാദ് ചെന്നൈയെ നയിച്ചത്. പരുക്കുമൂലം താരം പുറത്തായപ്പോൾ എം എസ് ധോണി നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 2026 ലേക്ക് എത്തിയപ്പോൾ 14 കളികളിൽനിന്ന് 123.44 സ്ട്രൈക് റേറ്റിൽ 337 റൺസ് മാത്രമാണ് നായകൻ ഗെയ്ക്വാദ് നേടിയത്. ക്യാപ്റ്റൻസിയിലും ഗെയ്ക്വാദ് വേണ്ടത്ര ശോഭിച്ചില്ല. 2025 ൽ പത്താം സ്ഥാനത്തും ഇത്തവണ എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തതോടെ ആരാധകരും കടുത്ത നിരാശയിലായി.
ഈ സീസണിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗെയ്ക്വാദിനെ നായകസ്ഥാനത്തുനിന്ന് തഴഞ്ഞാൽ അത് താരത്തിന്റെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ചെന്നൈ മാനേജ്‌മെന്റിനുണ്ട്. 2027 ൽ കൂടി ഗെയ്ക്വാദ് ക്യാപ്റ്റനായി തുടരണമെന്ന തീരുമാനത്തിലേക്കാണ് മാനേജ്‌മെന്റ് ഒടുവിൽ എത്തിയത്.
രാജസ്ഥാൻ റോയൽസിൽനിന്ന് ട്രേഡിങ്ങിലൂടെ ചെന്നൈയിൽ എത്തിയ മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനാകണമെന്ന ആവശ്യം ഈ സീസൺ തുടങ്ങും മുൻപേ ആരാധകർക്കിടയിൽ ഉണ്ട്. ഗെയ്ക്വാദ് തുടരുമെന്ന സാഹചര്യമായതോടെ സഞ്ജുവിനു ചെന്നൈ ക്യാപ്റ്റൻസി കിട്ടാനുള്ള വഴികളും അടഞ്ഞു. 2028 സീസൺ ആകുമ്പോഴേക്കും സഞ്ജുവിനു പ്രായം 33 ആകും. അതിനാൽ അപ്പോഴും നായകസ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്.
The management of Chennai Super Kings has decided to continue with head coach Stephen Fleming and captain Ruturaj Gaikwad despite mounting criticism following two consecutive disappointing IPL seasons. Many CSK supporters had called for a major overhaul in both the coaching staff and leadership, urging the franchise to replace Fleming and Gaikwad. However, the team management believes there is no need for a hasty change and is prepared to give the current leadership group another opportunity to turn things around.