Cricket

സൗരവ് ഗാംഗുലിയുടെ വിഖ്യാതമായ നാറ്റ് വെസ്റ്റ് ട്രോഫി ആഘോഷത്തിന് 24 വയസ്

ജേഴ്‌സി ഊരി വായുവിൽ കറക്കി ഇംഗ്ലണ്ടിനോടുള്ള പകരംവീട്ടൽ !

Sports Desk

2002 ജൂലൈ 13, ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ ജയം മൂന്ന് പന്തും രണ്ടു വിക്കറ്റും ശേഷിക്കെ. വിജയറൺ ഇന്ത്യ ഓടിയെടുത്തതും ലോർഡ്‌സിന്റെ ബാൽക്കണിയിൽ ഒരു ആഘോഷപ്രകടനം നടന്നു, ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയായിരുന്നു അതിനു നേതൃത്വം നൽകിയത്. ജേഴ്‌സി ഊരി വായുവിൽ കറക്കി ഇംഗ്ലണ്ടിനോടുള്ള പകരംവീട്ടൽ !

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 49.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യംകണ്ടു. 75 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് കൈഫാണ് കളിയിലെ താരമായത്.

വിജയറൺ ഓടുമ്പോൾ കൈഫിനൊപ്പം സഹീർ ഖാനായിരുന്നു ക്രീസിൽ. ഇന്ത്യ 146-5 എന്ന നിലയിൽ തോൽവി ഉറപ്പിച്ച മത്സരമാണ് അപ്രതീക്ഷിതമായി ജയിച്ചുകയറിയത്. യുവരാജ് സിങ് (63 പന്തിൽ 69), സൗരവ് ഗാംഗുലി (43 പന്തിൽ 60), വിരേന്ദർ സെവാഗ് (49 പന്തിൽ 45) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

കളി ഇന്ത്യ ജയിക്കുമെന്നായതോടെ നായകൻ സൗരവ് ഗാംഗുലി ടീം അംഗങ്ങൾക്കു നിർദേശം നൽകി. മത്സരശേഷം ജേഴ്‌സി ഊരി കറക്കുക. സച്ചിൻ ടെൻഡുൽക്കർ നായകന്റെ നിർദേശം സ്വീകരിച്ചില്ല. അങ്ങനെ ചെയ്താൽ ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേരില്ലെന്നു പറഞ്ഞ് സച്ചിൻ ഒഴിഞ്ഞുമാറി. ആരും ചെയ്തില്ലെങ്കിലും താൻ ജേഴ്‌സി ഊരുമെന്ന് ഗാംഗുലി ആവർത്തിച്ചു. ഒടുവിൽ മത്സരശേഷം ലോർഡ്‌സ് ബാൽക്കണിയിൽനിന്ന് ഗാംഗുലി ആ സെലിബ്രേഷൻ നടത്തി. വിഖ്യാതമായ ലോർഡ്‌സ് സെലിബ്രേഷൻ എന്നാണ് അത് പിൽക്കാലത്ത് അറിയപ്പെട്ടത്.

ഗാംഗുലിയുടെ ഈ ആഘോഷപ്രകടനം ഇംഗ്ലണ്ടിനും അവരുടെ ഓൾറൗണ്ടർ ആൻഡ്രു ഫ്‌ളിന്റോഫിനുമുള്ള മറുപടിയായിരുന്നു. 2002 ഫെബ്രുവരി മൂന്നിനു നടന്ന ഇംഗ്ലണ്ട് vs ഇന്ത്യ ഏകദിന പരമ്പരയിലെ ആറാം മത്സരമാണ് അതിനു കാരണം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 255 റൺസെടുത്തപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്‌സ് 250 ൽ അവസാനിച്ചു. ഏറെക്കുറെ ജയം ഉറപ്പിച്ച ഇന്ത്യയുടെ വാലറ്റം അതിവേഗം തകർന്നപ്പോൾ കളിയും കൈവിട്ടു. 99 പന്തിൽ 80 റൺസുമായി അന്ന് ഗാംഗുലി ഇന്ത്യയെ മുന്നിൽനിന്ന് നയിച്ചതാണ്. പക്ഷേ അഞ്ച് റൺസിന്റെ തോൽവി ! മുംബൈയിലെ വാങ്കഡെയിലാണ് ഈ കളി നടന്നത്.

ഇംഗ്ലണ്ടിനായി അവസാന ഓവർ എറിഞ്ഞത് ഫ്‌ളിന്റോഫ് ആണ്. ഈ ഓവറിലെ അഞ്ചാം പന്തിലാണ് ഇന്ത്യ ഓൾഔട്ട് ആകുന്നത്. ഇന്ത്യയെ തോൽപ്പിച്ചതിനു പിന്നാലെ ജേഴ്‌സി ഊരിയാണ് ഫ്‌ളിന്റോഫ് ആഹ്ളാദപ്രകടനം നടത്തിയത്. ജേഴ്‌സി ഊരി കറക്കിയശേഷം വാങ്കഡെയിൽ വലംവയ്ക്കുകയായിരുന്നു താരം. അന്ന് ഗാംഗുലി ഇതെല്ലാം കണ്ട് അപമാനിതനായി ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഫ്‌ളിന്റോഫിന്റെ ജേഴ്‌സി ഊരിയുടെ സെലിബ്രേഷനു ലോർഡ്‌സിൽ മറുപടി നൽകുകയായിരുന്നു ലോർഡ്‌സിലെ നാറ്റ് വെസ്റ്റ് ഫൈനലിൽ ഗാംഗുലി ചെയ്തത്.

On July 13, 2002, at the iconic Lord's Cricket Ground, India pulled off one of their most memorable victories in ODI cricket history by defeating England in the NatWest Series final. Batting first, England set a daunting target, scoring 325/5 in their 50 overs. In a high-pressure run chase, India successfully reached the target with just three balls and two wickets to spare (326/8 in 49.3 overs). The victory is famously remembered for Indian captain Sourav Ganguly’s emotional celebration on the Lord’s balcony. In a defiant response to earlier remarks made by Andrew Flintoff, Ganguly took off his shirt and swung it in the air, a gesture that became an enduring image of Indian cricket's newfound aggression and spirit.