Cricket

ശ്രീലങ്കയ്ക്ക് പകരം ഇന്ത്യ; 2027 വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് പുതിയ ആതിഥേയർ

മത്സരങ്ങൾ മുംബൈയിലും വഡോദരയിലും

Sports Desk

2027ൽ നടക്കുന്ന പ്രഥമ ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വേദിയാകും. ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചരിത്രപരമായ ടൂർണമെന്റ് 2027 ഫെബ്രുവരി 14 മുതൽ 28 വരെയാണ് നടക്കുകയെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഔദ്യാ​ഗികമായി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആറ് വനിതാ ടീമുകളാണ് പ്രഥമ ചാമ്പ്യൻസ് ട്രോഫിയിൽ കിരീടത്തിനായി മാറ്റുരയ്ക്കുക.

ടൂർണമെന്റ് ശ്രീലങ്കയിൽ നടത്താനായിരുന്നു ഐസിസി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ ചില ഭരണപരമായ മാറ്റങ്ങൾ ആവശ്യമായി വന്നതിനാൽ വേദി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പുതിയ വേദി കണ്ടെത്താനായി ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും പരിഗണിച്ചെങ്കിലും ഒടുവിൽ ഇന്ത്യയെ പുതിയ ആതിഥേയരായി ഐസിസി തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റേഡിയങ്ങളെയാണ് ഈ ഗ്ലാമർ ടൂർണമെന്റിനായി ഐസിസി തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലും, ഗുജറാത്തിലെ വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായാണ് മുഴുവൻ മത്സരങ്ങളും അരങ്ങേറുക.

ആതിഥേയരായ ഇന്ത്യയ്ക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ന്യൂസിലൻഡ്, ദ​ക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജൂലൈ ആറിന് പുറത്തിറക്കിയ ഐസിസി വനിതാ ടി20 റാങ്കിങിലെ ആദ്യ ആറ് സ്ഥാനക്കാരായതുകൊണ്ടാണ് ഈ ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. ലീഗ് ഘട്ടത്തിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫെബ്രുവരി ഇരുപത്തിയെട്ടിന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പുതിയ അധ്യായത്തിനാണ് ഇന്ത്യയിൽ തുടക്കമാകാൻ പോകുന്നതെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പ്രതികരിച്ചു. ലോകത്തെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ഹൈ-ക്വാളിറ്റി ടൂർണമെന്റ് വനിതാ ക്രിക്കറ്റിന് കൂടുതൽ ജനപ്രീതി നേടിക്കൊടുക്കുമെന്നും, റാങ്കിങിൽ മുന്നേറാൻ ടീമുകൾക്ക് ഇതൊരു മികച്ച പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങളുടെ ടിക്കറ്റ് വിവരങ്ങളും പൂർണ്ണമായ സമയക്രമവും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.

The ICC has officially announced that India will host the inaugural Women's Champions Trophy from February 14 to 28, 2027. Replacing the original host Sri Lanka, the cities of Mumbai and Vadodara will stage the historic tournament. The top six T20I teams—India, Australia, England, New Zealand, South Africa, and Sri Lanka—will compete in a round-robin format, with the top two teams advancing to the final.