എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിൽ ശ്രീലങ്ക എ ടീമിനെ വീഴ്ത്തി ഇന്ത്യ എ ടീം കിരീടം ചൂടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എ 311 നു ഓൾഔട്ട് ആയി.
29 പന്തിൽ 10 ഫോറും എട്ട് സിക്‌സും സഹിതം 94 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവൻശിയാണ് ഫൈനലിലെ താരം. 324.14 സ്‌ട്രൈക് റേറ്റിൽ വെടിക്കെട്ട് ഇന്നിങ്‌സ്. വീണ്ടുമൊരു ബിഗ് ഗെയ്മിൽ വൈഭവ് തിളങ്ങുമ്പോൾ 15 കാരന്റെ 'നോക്ക്ഔട്ട്' വൈഭവത്തെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.
ത്രിരാഷ്ട്ര പരമ്പരയിൽ അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് വൈഭവ് നേടിയത് 200.95 സ്‌ട്രൈക് റേറ്റിൽ 211 റൺസാണ്. അതായത് കഴിഞ്ഞ നാല് ഇന്നിങ്‌സുകളിൽ നിന്ന് 117 റൺസ്. ബിഗ് സ്റ്റേജുകളിൽ എക്‌സ്ട്രാ ഓർഡിനറി പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ശീലം വൈഭവ് തുടരുകയാണ്.
വൈഭവിന്റെ സമീപകാലത്തെ ഇന്നിങ്‌സുകൾ പരിശോധിച്ചാലും ബിഗ് സ്റ്റേജുകളിൽ താരം എത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയെന്ന് വ്യക്തമാകും. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ആ ടൂർണമെന്റിനെ വൈഭവിന്റെ ഏറ്റവും ഉയർന്ന സ്‌കോർ പിറന്നതും ഫൈനലിൽ തന്നെ.
ഐപിഎലിലും നോക്ക്ഔട്ടുകളിലെ വിശ്വസ്തൻ വൈഭവ് ആയിരുന്നു. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ എലിമിനേറ്ററിൽ 29 പന്തിൽ അടിച്ചെടുത്തത് 97 റൺസ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ രണ്ടിൽ 47 പന്തിൽ 96 റൺസെടുത്തും രാജസ്ഥാന്റെ ടോപ് സ്‌കോററായി. ഇപ്പോൾ ഇതാ ത്രിരാഷ്ട്ര പരമ്പര ഫൈനലിലെ 29 പന്തിൽ 94 റൺസും !
വൈഭവ് ഇന്ത്യയുടെ ഭാവി താരമെന്ന് ഉറപ്പിച്ചു പറയാൻ പ്രധാന കാരണവും നോക്ക്ഔട്ട് സ്റ്റേജുകളിലെ ഇംപാക്ട് ആണ്. ആരെയും കൂസാതെ എത്ര വലിയ ബൗളർ ആണെങ്കിലും ആക്രമിച്ചു കളിക്കുകയെന്ന അപൂർവ്വശൈലിയാണ് താരം നോക്ക്ഔട്ട് സ്റ്റേജുകളിൽ കാഴ്ചവയ്ക്കുന്നത്.
India A clinched the tri-series title by defeating Sri Lanka A in the final after posting a massive 377/9. The star of the match was 15-year-old Vaibhav Suryavanshi, who smashed 94 runs off just 29 balls at a stunning strike rate of 324.14. His latest match-winning knock further enhanced his reputation as a big-game performer. Vaibhav has consistently delivered in knockout matches, including the U-19 World Cup final and IPL playoffs. His fearless attacking approach against top bowlers has convinced many that he is one of India’s brightest future stars.