മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ കരൺ ശർമ്മ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 38-ാം വയസ്സിലാണ് താരം തന്റെ ഇരുപത് വർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നത്. ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവിളിയുണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇനി കളിക്കുന്നതിൽ അർത്ഥമില്ലെന്നും, താൻ തുടരുന്നത് യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം.
ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലുമാണ് അദ്ദേഹം കളത്തിലിറങ്ങിയത്. 2014 നവംബറിലാണ് കരൺ അവസാനമായി അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. ആ വർഷം അഡ്ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏക ടെസ്റ്റ് മത്സരം. ആ കാലയളവിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യൻ സ്പിൻ നിരയിൽ കൂടുതൽ സജീവമായതോടെ കരണിന് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ കഴിയാതെ പോയി.
ഇന്ത്യൻ ടെസ്റ്റ് ക്യാപ്പ് (ക്യാപ്പ് നമ്പർ 283) ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണെന്ന് കരൺ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും തന്റെ ഈ യാത്രയിൽ സഹായിച്ച കുടുംബാംഗങ്ങൾ, പരിശീലകർ, ഫിസിയോമാർ, ഗ്രൗണ്ട്സ്മാൻമാർ എന്നിവർക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച റെക്കോർഡുള്ള താരമാണ് കരൺ ശർമ്മ. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 270 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആഭ്യന്തരതലത്തിൽ ഉത്തർപ്രദേശ്, റെയിൽവേസ്, വിദർഭ, ആന്ധ്ര് എന്നീ ടീമുകൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രധാനമായും കളിച്ചത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ പ്രമുഖ ഫ്രാഞ്ചൈസികൾക്ക് വേണ്ടി തൊണ്ണൂറിലധികം മത്സരങ്ങൾ കളിച്ച കരൺ തന്റെ കരിയറിൽ നാല് തവണ ഐപിഎൽ കിരീട നേട്ടത്തിലും പങ്കാളിയായി.
വിരമിച്ചതിന് ശേഷം ഭാവി കാര്യങ്ങളെക്കുറിച്ച് ഉടനടി മറ്റ് പദ്ധതികളൊന്നുമില്ലെങ്കിലും ക്രിക്കറ്റുമായി എപ്പോഴും ചേർന്ന് നിൽക്കാനും ഗെയിമിന് തന്റേതായ സംഭാവനകൾ നൽകാനും ആഗ്രഹിക്കുന്നുവെന്ന് കരൺ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടാമത്തെ ഇന്നിംഗ്‌സിൽ തന്നെത്തേടി വരുന്ന പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Former Indian leg-spinner and four-time IPL champion Karn Sharma has announced his retirement from all forms of cricket at the age of 38. Concluding a career that spanned over two decades, Sharma stated that with a national team call-up highly unlikely, it was the right time to step aside and not block a younger player's spot. He represented India across all three formats and claimed 270 wickets in 97 First-Class matches, alongside a successful IPL career with franchises like CSK, MI, SRH, and RCB.