Cricket

കോഹ്ലിയും രോഹിതുമില്ല! ഐപിഎല്‍ 2026 മികച്ച ഇലവന്‍ പുറത്ത് വിട്ട് 'മണികൺട്രോ‌ൾ '

ഐപിഎല്ലിലെ ഏറ്റവും മികച്ച തന്ത്രശാലിയായ പരിശീലകനായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ആശിഷ് നെഹ്‌റയെയാണ് തിരഞ്ഞെടുത്തത്

Sports Desk

ഐപിഎല്‍ 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിന് അഹമ്മദാബാദില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഒരുങ്ങുമ്പോള്‍, ഈ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍ മണികണ്‍ട്രോള്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ഈ സ്വപ്ന ടീമില്‍ ഇടം നേടാനായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ബീഹാറില്‍ നിന്നുള്ള അത്ഭുത ബാലനാണ് ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തല്‍.

ഓപ്പണര്‍മാര്‍: തകര്‍പ്പന്‍ ഫോമിലുള്ള യുവ താരങ്ങൾ

വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്): ഈ സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസ്. വെറും 16 ഇന്നിങ്‌സുകളില്‍ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് ഈ ബീഹാര്‍ സ്വദേശിയായ ബാലന്‍ അടിച്ചുകൂട്ടിയത്. ഈ ടീമിലെ ആദ്യ പേര് സൂര്യവംശിയുടേതാണ്.

അഭിഷേക് ശര്‍മ്മ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്): സൂര്യവംശിക്കൊപ്പം ഭാവി ഇന്ത്യന്‍ ടീമിന്റെ ഓപ്പണറാകാന്‍ കെല്‍പ്പുള്ള താരം. 204.72 സ്‌ട്രൈക്ക് റേറ്റില്‍ 563 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേക് ഓപ്പണിംഗില്‍ കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ളവനാണ്.

മധ്യനിര: കരുത്തും തന്ത്രവും

ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ് - ക്യാപ്റ്റന്‍): ഈ ഇലവന്റെ നായകന്‍. 15 ഇന്നിങ്‌സുകളില്‍ നിന്ന് 163.71 സ്‌ട്രൈക്ക് റേറ്റില്‍ 722 റണ്‍സ് ഗില്‍ അടിച്ചുകൂട്ടി. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാകാന്‍ സാധ്യതയുള്ള ഗില്ലിന് ഈ ടീമില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരും. ടീമിനെ ഫൈനലില്‍ എത്തിച്ച നായക മികവും ഗില്ലിനുണ്ട്.

ഹെന്റിച്ച് ക്ലാസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്): മിഡില്‍ ഓവറുകളിലെ രാജാവ്. 15 ഇന്നിങ്‌സുകളില്‍ നിന്ന് 160.00 സ്‌ട്രൈക്ക് റേറ്റില്‍ 624 റണ്‍സ് നേടി ക്ലാസന്‍ മധ്യനിരക്ക് കരുത്താകുന്നു.

ഇഷാന്‍ കിഷന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - വിക്കറ്റ് കീപ്പര്‍): ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഈ ഇലവനില്‍ അഞ്ചാം നമ്പറില്‍ കളിക്കേണ്ടി വരും. 15 ഇന്നിങ്‌സുകളില്‍ നിന്ന് 182.42 സ്‌ട്രൈക്ക് റേറ്റില്‍ 602 റണ്‍സ് ഇഷാന്‍ നേടിയിട്ടുണ്ട്.

റിങ്കു സിംഗ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്): ഈ ടീമിന്റെ ഫിനിഷര്‍. കെകെആര്‍ പ്ലേ ഓഫില്‍ എത്തിയില്ലെങ്കിലും 11 ഇന്നിങ്‌സുകളില്‍ നിന്ന് 148.98 സ്‌ട്രൈക്ക് റേറ്റില്‍ 295 റണ്‍സ് നേടി റിങ്കു തന്റെ ഫിനിഷിങ് മികവ് തെളിയിച്ചു.

ഓള്‍റൗണ്ടര്‍മാര്‍: സുനില്‍ നരെയ്‌നും ക്രുണാലും

ക്രുണാല്‍ പാണ്ഡ്യ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരു): സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തിളങ്ങുന്ന താരം. ആര്‍സിബിയെ ഫൈനലില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 225 റണ്‍സും 13 വിക്കറ്റുകളും നേടി ടീമിന്റെ പ്രധാന യൂട്ടിലിറ്റി പ്ലെയറായി ക്രുണാല്‍ മാറുന്നു.

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്): ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരം. ഈ സീസണിലും 6.64 എന്ന അത്ഭുതപ്പെടുത്തുന്ന ഇക്കോണമി റേറ്റില്‍ 13 ഇന്നിങ്‌സുകളില്‍ നിന്ന് 15 വിക്കറ്റുകള്‍ നരെയ്ന്‍ സ്വന്തമാക്കി.

ബൗളിംഗ് നിര: വേഗതയും സ്വിംഗും

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്): റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അല്പം പിന്നിലാണെങ്കിലും വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 15 ഇന്നിങ്‌സുകളില്‍ നിന്ന് 9.31 ഇക്കോണമിയില്‍ 25 വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്ത്തി.

ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്): പഴയ ഫോമിലേക്ക് ഭുവി തിരിച്ചെത്തിയ സീസണ്‍. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും പന്തിനെ സംസാരിപ്പിക്കാന്‍ ഭുവിക്ക് കഴിഞ്ഞു. 15 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 8.00 ഇക്കോണമിയില്‍ 26 വിക്കറ്റുകള്‍ നേടി ഇന്ത്യയിലെ ഏറ്റവും മികച്ച സീമറായി ഭുവി മാറി.

കഗിസോ റബാഡ (ഗുജറാത്ത് ടൈറ്റന്‍സ്): വിക്കറ്റ് വേട്ടയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫാസ്റ്റ് ബൗളര്‍. 16 ഇന്നിങ്‌സുകളില്‍ നിന്ന് 9.43 ഇക്കോണമിയില്‍ 28 വിക്കറ്റുകളാണ് റബാഡ ഈ സീസണില്‍ പിഴുതത്.

പരിശീലകന്‍:

ആശിഷ് നെഹ്‌റ (ഗുജറാത്ത് ടൈറ്റന്‍സ്): ഐപിഎല്ലിലെ ഏറ്റവും മികച്ച തന്ത്രശാലിയായ പരിശീലകന്‍. ഗുജറാത്തിനെ വീണ്ടും ഫൈനലിലേക്ക് നയിച്ച നെഹ്‌റ തന്നെയാണ് ഈ ടീമിന്റെയും കോച്ച്.

English Summary: Moneycontrol has named its IPL 2026 Best Playing XI, notably leaving out Indian stars Virat Kohli and Rohit Sharma. Bihar teenager Vaibhav Suryavanshi emerged as the season's biggest discovery after scoring 776 runs at a remarkable strike rate of 237.30. The team is led by Gujarat Titans captain Shubman Gill and features standout performers such as Abhishek Sharma, Heinrich Klaasen, Ishan Kishan, Sunil Narine, and Kagiso Rabada. Gujarat Titans head coach Ashish Nehra was selected as the coach of the season for guiding his side to another IPL final.