ഒടുവില്‍ ആ അധ്യായവും അവസാനിക്കുന്നു. ചെന്നൈയുടെ പ്രിയപ്പെട്ട തല മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ചെന്നൈയുടെ മുഖമായി നിലകൊണ്ട ധോണിയുടെ തീരുമാനത്തോടെ ഐപിഎല്ലിലെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. 2027 സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ടീം മെന്ററായി ധോണി പുതിയ ചുമതല ഏറ്റെടുക്കും.
ഐപിഎല്‍ 2027 താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള അവസാന തീയതിയില്‍ ആണ് ധോണിയുടെ നിര്‍ണായക പ്രഖ്യാപനം പുറത്തുവരുന്നത്. നേരത്തെ സഹീര്‍ ഖാനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവരുമ്പോഴും ചെന്നൈയുടെ ക്രിക്കറ്റ് തീരുമാനങ്ങളിലും താരങ്ങളുടെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ സാന്നിധ്യം തുടരുമെന്ന സൂചനയാണ് മെന്റര്‍ ചുമതല ഏറ്റെടുക്കുന്നതിലൂടെ നല്കുന്ന സൂചന.
ചെന്നൈയും ധോണിയും
2008ല്‍ ഐപിഎല്ലിന്റെ ആദ്യ സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖമായിരുന്നു ധോണി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ മഞ്ഞക്കടലും ധോണിക്കായി ആര്‍പ്പുവിളിക്കുന്ന ആരാധകരും ഐപിഎല്ലിന്റെ തന്നെ അടയാളങ്ങളായി മാറി. വിജയങ്ങളും പരാജയങ്ങളും കിരീടങ്ങളും കടന്ന് ക്രിക്കറ്റിനപ്പുറത്തേക്ക് ഈ ബന്ധം വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍; പത്ത് ഫൈനലുകള്‍
ക്യാപ്റ്റനെന്ന നിലയില്‍ ചെന്നൈയെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച ധോണിയുടെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലായിരുന്നു ചെന്നൈയുടെ കിരീടനേട്ടങ്ങള്‍. ഇതോടെ അഞ്ച് കിരീടങ്ങളുമായി മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമെന്ന നേട്ടവും ചെന്നൈ സ്വന്തമാക്കി.
2010ലും 2014ലും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ നേടി. പത്ത് തവണ ഐപിഎല്‍ ഫൈനലിലെത്തിയ ടീമിനെ സ്ഥിരതയുടെ പര്യായമാക്കുന്നതിലും ധോണിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.
2016, 2017 സീസണുകളില്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട വിലക്കിനെ തുടര്‍ന്ന് ചെന്നൈ ഐപിഎല്ലില്‍ നിന്ന് പുറത്തായപ്പോഴും ധോണിയും ടീമുമായുള്ള ബന്ധത്തിന് മാറ്റമുണ്ടായില്ല. ആ രണ്ട് സീസണുകളില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനായി കളിച്ച ധോണി 2018ല്‍ ചെന്നൈയിലേക്ക് തിരിച്ചെത്തി. തിരിച്ചുവരവ് സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചായിരുന്നു ധോണിയുടെ മറുപടി.
2023ലെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തോല്‍പ്പിച്ചാണ് ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കിയത്. മഴമൂലം തടസ്സപ്പെട്ട മത്സരത്തില്‍ അവസാന പന്തുകളില്‍ രവീന്ദ്ര ജഡേജ നേടിയ ബൗണ്ടറികളാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. മത്സരശേഷം ജഡേജയെ എടുത്തുയര്‍ത്തി ആഘോഷിക്കുന്ന ധോണിയുടെ ചിത്രം ആരാധകര്‍ക്ക് ഇന്നും മറക്കാനാകാത്തതാണ്. അവസാന കിരീട നേട്ടത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ധോണി ഐപിഎല്ലിനോട് വിട പറയുന്നത്.
2023ലെ കിരീടനേട്ടത്തിന് പിന്നാലെ കളി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധോണി ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം 2024 സീസണില്‍ തിരിച്ചെത്തിയ ധോണി തന്റെ ബാറ്റിങ് ശൈലിയിലും റോളിലും മാറ്റം വരുത്തി. മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നതിന് അവസാന ഓവറുകളില്‍ ക്രീസിലെത്തി വെടിക്കെട്ട് പ്രകടനം നടത്തി.
2023ല്‍ 182ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 104 റണ്‍സാണ് ധോണി നേടിയത്. 2024ല്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 220.54 സ്ട്രൈക്ക് റേറ്റില്‍ 161 റണ്‍സും നേടി. 2025 സീസണില്‍ ചെന്നൈയുടെ എല്ലാ 14 മത്സരങ്ങളിലും കളിച്ച ധോണി 196 റണ്‍സും സ്വന്തമാക്കി.
2025ല്‍ നായകന് ഋതുരാജ് ഗെയ്ക്വാദിന് കൈമുട്ടിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നപ്പോള്‍ വീണ്ടും ചെന്നൈയുടെ നായകസ്ഥാനത്തേക്ക് ധോണി തിരിച്ചെത്തി. എന്നാല്‍ ആ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ചെന്നൈയുടെ ഫിനിഷ്. ടീമിന്റെ ചരിത്രത്തിലെ അപൂര്‍വമായ തിരിച്ചടികളിലൊന്നായിരുന്നു അത്.
2026 സീസണ് ധോണിയുടെ അവസാന കളിക്കാരന് എന്ന നിലയിലുള്ള സീസണായിരുന്നെങ്കിലും പരിക്കുകളും ശാരീരികക്ഷമതാ പ്രശ്നങ്ങളും കാരണം ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാനായില്ല. ഇതോടെയാണ് കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലിനോട് വിടപറയാനുള്ള തീരുമാനത്തിലേക്ക് ധോണി എത്തിയത്.
കണക്കുകള്‍ക്കപ്പുറം ധോണി
278 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും 5,439 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 24 അര്‍ധസെഞ്ചുറികളും 264 സിക്സറുകളും 375 ഫോറുകളും ഈ കരിയറിന്റെ ഭാഗമാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ധോണിക്കുണ്ട്.
എന്നാല്‍ ബാറ്റിങ്ങിലെ കണക്കുകള്‍ക്കപ്പുറമാണ് ചെന്നൈക്ക് ധോണി നല്കിയ സംഭാവന. മിന്നല്‍ വേഗത്തിലുള്ള സ്റ്റംപിങ്ങുകള്‍, മത്സരസാഹചര്യങ്ങള് മുന്‍കൂട്ടി വായിക്കാനുള്ള കഴിവ്, അപ്രതീക്ഷിത ബൗളിങ് മാറ്റങ്ങള്‍, സമ്മര്‍ദഘട്ടങ്ങളിലും പതറാത്ത മനോഭാവം എന്നിവ ധോണിയുടെ നായകത്വത്തിന്റെ പ്രത്യേകതകളായിരുന്നു.
The IPL era of Chennai Super Kings legend MS Dhoni has come to an end as the former India captain announces his retirement from the Indian Premier League after nearly two decades with the franchise. Dhoni will take up a new role as Team Mentor of CSK from the 2027 season. The announcement came on the final day of the IPL 2027 player retention deadline. Despite stepping away from playing, Dhoni is expected to remain closely involved in the franchise's cricketing decisions and the development of its players. His new role follows the appointment of Zaheer Khan as the team's head coach.