ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ പ്ലെയിങ് ഇലവനില്‍ നിന്ന് പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും രംഗത്ത്. സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, വസീം ജാഫര്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയ പ്രമുഖരാണ് സെലക്ഷന് തീരുമാനത്തെ ചോദ്യം ചെയ്തത്.
ബേസിന് റിസര്‍വില്‍ നടന്ന ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡ്, പിന്നീട് ശക്തമായി തിരിച്ചുവന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയില്‍ കളി അവസാനിപ്പിച്ചതോടെ ടീം സെലക്ഷനെതിരായ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിട്ടുണ്ട്. 173 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി കളം നിറഞ്ഞ ഹെന്റി നിക്കോള്‍സും (113), ഗ്ലെന്‍ ഫിലിപ്സുമാണ് (118) കിവീസിനെ കരകയറ്റിയത്.
അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍
സിറാജിന് പകരം ജസ്പ്രീത് ബുംറ, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ പേസ് നിരയില്‍ അണിനിരത്തിയത്. ഇതിനൊപ്പം സീനിയര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തി. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ 26.81 ശരാശരിയില്‍ 43 വിക്കറ്റുകളുമായി ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി നില്ക്കുന്ന താരമാണ് സിറാജ്. വിദേശ സാഹചര്യങ്ങളിലെ സിറാജിന്റെ മികച്ച റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ഈ തീരുമാനം അപ്രതീക്ഷിതമായി.
മുന്‍ താരങ്ങളുടെ പ്രതികരണങ്ങള്‍
വേഗത, സ്കില്‍, സീം മൂവ്മെന്റ് എന്നിവയാണ് മാനദണ്ഡമെങ്കില്‍ സിറാജ് എവിടെയായിരുന്നു എന്നാണ് മുന്‍ പരിശീലകന് രവി ശാസ്ത്രി എക്സിലൂടെ ചോദിച്ചത്. പരിചയസമ്പത്തിന് തീര്‍ച്ചയായും വിലയുണ്ടെന്നും ശാസ്ത്രി കുറിച്ചു. സെലക്ടര്‍മാരുടെ തീരുമാനം തന്നെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തതായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. ബുംറയുടെ അഭാവത്തില്‍ ബൗളിംഗ് നിരയെ നയിച്ച സിറാജുമായി മാനേജ്മെന്റ് സത്യസന്ധമായ ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടങ്കയ്യന്‍ ബാറ്റര്‍മാരെ നേരിടാന്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയത് മനസ്സിലാക്കാം, എന്നാല്‍ സിറാജിനെ ഒഴിവാക്കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. 'ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് അവന്റെ അഭാവം അനുഭവപ്പെടുന്നുണ്ട്. കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും ബാറ്റര്‍മാരെ തളര്‍ത്താനും കഴിയുന്ന സിറാജിന്റെ തട്ടകമാണിത്', ജാഫര്‍ പ്രതികരിച്ചു. സിറാജിന്റെ ബൗളിങിനോ താളത്തിനോ യാതൊരു കുഴപ്പവുമില്ലെന്നും പരിചയസമ്പന്നനായ താരത്തെ തഴഞ്ഞ് പുതുമുഖങ്ങളെ പരിഗണിച്ചത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സിറാജിനെയും ജഡേജയെയും ഒരുമിച്ച് ഒഴിവാക്കിയതില്‍ ആകാശ് ചോപ്രയും ആര്. അശ്വിനും ഞെട്ടല്‍ രേഖപ്പെടുത്തി.
ന്യായീകരിച്ച് ടീം മാനേജ്മെന്റ്
എന്നാല്‍ ടീം കോമ്പിനേഷന്‍ സംബന്ധിച്ച തീരുമാനത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങ് പരിശീലകന് സിതാന്‍ഷു കൊടകും ന്യായീകരിച്ചു. എല്ലാ ഫാസ്റ്റ് ബൗളര്‍മാരും മികച്ച ഫോമിലായതിനാല്‍ സിറാജിനെയും ഗുര്‍നൂര്‍ ബ്രാറിനെയും പുറത്തിരുത്തുക എന്നത് പ്രയാസമേറിയ തീരുമാനമായിരുന്നുവെന്ന് ഗില്‍ ടോസ് വേളയില്‍ പറഞ്ഞു. 'അഞ്ച് ദിവസത്തെ മത്സരത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തത്,' സിതാന്‍ഷു വ്യക്തമാക്കി. സിറാജിന്റെ ഫോമിലോ ഫിറ്റ്നസിലോ യാതൊരു പ്രശ്നവുമില്ലെന്നും എതിര് നിരയിലെ നാല് ഇടങ്കയ്യന്‍ ബാറ്റര്‍മാരെ ലക്ഷ്യമിട്ടാണ് സുന്ദറിനെ കളിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം ദിനം ബുംറ മൂന്ന് വിക്കറ്റും കാംബോജും ആകാശ് ദീപും ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും സുന്ദറിനും വിക്കറ്റുകളൊന്നും നേടാനായില്ല.
Former cricketers and commentators, including Sunil Gavaskar, Ravi Shastri, Wasim Jaffer and Harsha Bhogle, have questioned India's team management over the decision to drop Mohammed Siraj from the playing XI for the first Test against New Zealand. Siraj was left out despite being India's leading wicket-taker in the ongoing World Test Championship cycle, with 43 wickets at an average of 26.81. India instead opted for Jasprit Bumrah, Akash Deep, Anshul Kamboj and Prasidh Krishna in the pace attack. Ravindra Jadeja was also dropped, with Washington Sundar taking his place.