ടീം തെരഞ്ഞെടുപ്പില് ഇന്ത്യന് ക്രിക്കറ്റ് സെലക്ടര്മാര് കൂടുതല് വ്യക്തത പുലര്ത്തണമെന്ന് മുതിര്ന്ന ഫാസ്റ്റ് ബൗളര് ഉമേഷ് യാദവ്. പ്രായം നോക്കിയല്ല, മറിച്ച് കളിക്കാരുടെ കായികക്ഷമതയും ഫോമും അടിസ്ഥാനമാക്കിയാകണം ടീം സെലക്ഷന് നടത്തേണ്ടതെന്ന് തുറന്നടിക്കുകയാണ് ഉമേഷ് യാദവ്.
ഇന്ത്യന് പേസര്മാരില് പ്രമുഖനായിരുന്ന ഉമേഷ് യാദവ്. മണിക്കൂറില് 140 കിലോമീറ്ററിലധികം വേഗതയില് സ്ഥിരമായി പന്തെറിഞ്ഞിരുന്ന താരം കൂടിയായിരുന്നു. ഇന്ത്യയാക്കായി 57 ടെസ്റ്റുകളിലും 75 ഏകദിനങ്ങളിലും ഒമ്പത് ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഉമേഷ് യാദവ് കളിച്ചിട്ടുണ്ട്. ഒക്ടോബര് 25-ന് 39 വയസ്സ് തികയുന്ന അദ്ദേഹം, ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് ഇപ്പോഴും സജീവമാണ്; ഇന്ത്യന് ടീമിലേക്ക് തിരിച്ചെത്തുക എന്ന സ്വപ്നം ഇപ്പോഴും ബാക്കിയുണ്ടെന്ന സൂചന കൂടിയാണ് ഉമേഷ് യാദവ് ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കുന്നത്.
2023-ല് നടന്ന ഒരു ടെസ്റ്റ് മത്സരത്തിലാണ് ഉമേഷ് യാദവ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അതിനുശേഷം, പരിക്കുകളും യുവതാരങ്ങളുടെ കടന്നുവരവും അദ്ദേഹത്തിന്റെ അവസരങ്ങളെ ബാധിച്ചു. ഉമേഷ് യാദവിന് സമാനമാണ് മുഹമ്മദ് ഷമിയുടേതും കരിയര്. ചാമ്പ്യന്സ് ട്രോഫിക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. പരിക്കുകളും യുവ പേസര്മാരുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ അവസരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സാഹചര്യങ്ങള് ഇങ്ങനെയെല്ലാം ആണെങ്കിലും ഇപ്പോഴും ടീമില് തിരിച്ചെത്താന് സാധിക്കുമെന്ന പ്രതീക്ഷയാണ് ഉമേഷ് യാദവ് പങ്കുവയ്ക്കുന്നത്. 'ഒന്നും ഒരിക്കലും വൈകിപ്പോയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു കളിക്കാരന്റെ പ്രകടനത്തിന്റെയും ശാരീരികക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുപ്പ് എന്നാണ് എന്റെ അഭിപ്രായം. കാരണം, ഒരാള്ക്ക് 37-38 വയസ്സായിട്ടും ഓടാനോ പന്തെറിയാനോ കഴിയുന്നില്ലെങ്കില്, അത് തുറന്നു പറയുന്നതില് തെറ്റില്ല. 'ഇനി നിനക്ക് ഇത് സാധിക്കില്ല; നിന്റെ പന്തില് പഴയ മൂര്ച്ചയില്ല, വേഗതയും കുറഞ്ഞു, ഫീല്ഡിങ്ങിലും പഴയതുപോലെ ഫിറ്റ് അല്ല' എന്ന് നേരിട്ട് പറയാമല്ലോ,' എന്നാണ് ഉമേഷ് യാദവിന്റെ വാക്കുകള്.
ആഭ്യന്തര ക്രിക്കറ്റിലും വലിയ അവഗണന നേരിട്ടിട്ടുണ്ടെന്നും ഉമേഷ് യാദവ് പറയുന്നു. പരിക്കിന്റെ കാലഘട്ടത്തില് വിതര്ഭ ക്രിക്കറ്റ് അസോസിയേഷനില് നിന്നും തനിക്ക് അര്ഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് ഉമേഷ് യാദവ് തുറന്നടിച്ചു. വിതര്ഭ ടീമില് നിന്ന് തന്നെ പുറത്താക്കാനാണ് അവിടുത്തെ കോച്ച് ശ്രമിച്ചത്. സീനിയര് കളിക്കാരനായ താന് പുറത്തായാല് ടീമില് തന്റെ ആധിപത്യം സ്ഥാപിക്കാമെന്ന് കോച്ച് കരുതിയതായും ഉമേഷ് ആരോപിച്ചു. 2026-27 ആഭ്യന്തര സീസണില് പഞ്ചാബ് ടീമിലേക്ക് മാറിയതിന്റെ കാരണം കൂടിയാണ് താരം വെളിപ്പെടുത്തിയത്.
Veteran Indian fast bowler Umesh Yadav has called for greater clarity and consistency in the national team selection process. He believes players should be selected based on their fitness and current form rather than age, stressing the need for a performance-driven approach to Indian cricket team selection.