ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവൻശി. ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിൽ 11 പന്തിൽ വൈഭവ് അർധ സെഞ്ചുറി നേടി. അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ലിസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചുറിയിൽ ലോക റെക്കോർഡിട്ടത്.
29 പന്തിൽ 10 ഫോറും എട്ട് സിക്‌സും സഹിതം 94 റൺസുമായി വൈഭവ് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. 324.14 സ്‌ട്രൈക് റേറ്റിലാണ് വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയിൽ ലോക റെക്കോർഡ് സ്വന്തമാക്കാൻ ആറ് റൺസ് മാത്രം വേണ്ടപ്പോൾ ആണ് വൈഭവിന്റെ വിക്കറ്റ് വീണത്.
2023 ൽ ഓസ്ട്രേലിയയുടെ ജേക് ഫ്രേസർ മക് ഗുർക്ക് ആണ് 29 പന്തിൽ സെഞ്ചുറി നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ആണ് (31 പന്തിൽ സെഞ്ചുറി) രണ്ടാം സ്ഥാനത്ത്.
നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടി വൈഭവ് വെടിക്കെട്ടിനു തുടക്കമിടുകയായിരുന്നു. തുടർന്ന് ബൗണ്ടറികളുടെ ഘോഷയാത്രയായിരുന്നു. അർധ സെഞ്ചുറിക്കായി നേരിട്ട 11 പന്തിൽ പത്തും ബൗണ്ടറികൾ. ഒരുഘട്ടത്തിൽ ഇന്ത്യയുടെ പ്രൊജക്ടഡ് സ്‌കോർ 950 ലേക്ക് വരെ എത്തി.
അതേസമയം ത്രിരാഷ്ട്ര പരമ്പരയിലെ കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് ഏറ്റുമുട്ടിയിരുന്നു. സൂപ്പർ ഓവറിൽ ഇന്ത്യ തോറ്റതിനു പിന്നാലെ ശ്രീലങ്കൻ താരങ്ങൾ വൈഭവിനെ പരിഹസിക്കുകയും പിന്നീട് തർക്കത്തിലേക്ക് എത്തുകയും ചെയ്തു. ശ്രീലങ്കൻ താരവുമായി വൈഭവ് കൈയാങ്കളിയിലെത്തുമെന്ന ഘട്ടം വരെ എത്തി. അന്നത്തെ സ്ലെഡ്ജിങ്ങിനുള്ള മറുപടിയാണ് വൈഭവ് ഇന്ന് ശ്രീലങ്കയ്ക്കു ബാറ്റ് കൊണ്ട് നൽകിയതെന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്.
Summary: Vaibhav Suryavanshi created a world record in List A cricket during the India A vs Sri Lanka A match, smashing a half-century in just 11 balls. He set the record for the fastest List A fifty, hitting five fours and five sixes.
The young batter narrowly missed out on a century, departing for 94 off just 29 balls, an innings that included 10 fours and eight sixes. His explosive knock came at a staggering strike rate of 324.14.
Vaibhav was only six runs away from breaking the world record for the fastest century in List A cricket when he lost his wicket, leaving fans disappointed.