''ഞങ്ങളുടെ ട്വന്റി-20 ശൈലി ഞങ്ങള്‍ പൂര്‍ണമായും പുനഃപരിശോധിക്കേണ്ടതുണ്ട്,'' ലോകകപ്പിലെ ദയനീയമായ പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ അമോല്‍ മുജുംദാര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞ വാക്കുകളാണിത്. ലോകകപ്പ് നേടുകയെന്ന വലിയ ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലേക്കു വണ്ടി കയറിയ ഇന്ത്യന്‍ ടീമിന്റെ സ്വപ്നങ്ങള്‍ ലോര്‍ഡ്സിന്റെ മണ്ണില്‍ ഒരൊറ്റ ഞായറാഴ്ചകൊണ്ട് തകര്‍ന്നടിഞ്ഞു.
ഓസ്ട്രേലിയക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ തോറ്റ്, സെമി കാണാതെ പുറത്തായ ഇന്ത്യന്‍ ടീമിന് എവിടെയാണ് പിഴച്ചത്?
ടൂര്‍ണമെന്റിലുടനീളം അഗ്രസീവ് ക്രിക്കറ്റ് കളിക്കുമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ അവകാശവാദം. എന്നാല്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീം പൂര്‍ണ്ണമായും പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. ഇതേ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന വ്യക്തമായ സൂചനയുണ്ടായിട്ടും ടോസ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
170 റണ്‍സ് ജയിക്കാന്‍ മതിയെന്ന അമിത ആത്മവിശ്വാസത്തില്‍, അനുഭവസമ്പന്നരായ തങ്ങളുടെ ബാറ്റിങ് നിരയുടെ സമ്മര്‍ദം കുറയ്ക്കാന്‍ നോക്കിയ ഇന്ത്യ, ഒടുവില്‍ അതിന്റെ ഇരട്ടി ഭാരം വച്ചുകൊടുത്തത് പകുതി മാത്രം രാജ്യാന്തര പരിചയമുള്ള തങ്ങളുടെ ബൗളിങ് നിരയുടെ ചുമലിലാണ്. ഈ തീരുമാനം ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെറിയ സ്‌കോര്‍ പിന്തുടരാന്‍ പാടുപെട്ട ഓസീസിന്, കൃത്യമായ ഒരു ലക്ഷ്യം മുന്‍പില്‍ കിട്ടിയതോടെ കളി തങ്ങളുടെ ശൈലിയിലേക്കു മാറ്റാന്‍ സാധിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിന്റെ തുടക്കത്തില്‍ നല്ല ഫോമിലായിരുന്ന ജെമീമ റോഡ്രിഗസിനെ അന്തിമ ഇലവനില്‍ പല പൊസിഷനുകളിലായി മാറ്റിമാറ്റി പരീക്ഷിച്ചത് അവരുടെ താളം തെറ്റിച്ചു. ഓസ്ട്രേലിയക്കെതിരെ മൂന്നാം നമ്പറിലിറങ്ങിയ ജെമീമ റണ്‍റേറ്റ് ഉയര്‍ത്താന്‍ വല്ലാതെ ബുദ്ധിമുട്ടി (19 പന്തില്‍ 21 റണ്‍സ്). വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും അവസാന നാല് ഓവറുകള്‍ ബാക്കിനില്‍ക്കെ സിക്‌സറുകള്‍ അടിക്കാന്‍ കെല്‍പ്പുള്ള റിച്ചാ ഘോഷിനെ ഇറക്കുന്നതിനു പകരം ജെമീമ ക്രീസില്‍ തുടരാന്‍ മാനേജ്മെന്റ് അനുവദിച്ചു. ഒടുവില്‍ വൈകി മാത്രം ജെമീമയെ 'റിട്ടയേര്‍ഡ് ഔട്ട്' ആക്കി റിച്ചയെ ഇറക്കിയെങ്കിലും റിച്ചയ്ക്കു നേരിടാന്‍ ലഭിച്ചതാകട്ടെ കേവലം ഒരു പന്ത് മാത്രം! ഈ തന്ത്രപരമായ പാളിച്ച റണ്‍സ് ഉയര്‍ത്തുന്നതില്‍ ഇന്ത്യക്കു വലിയ തിരിച്ചടിയായി.
റണ്‍സ് നിയന്ത്രിക്കുകയെന്ന വാക്ക് ഞങ്ങള്‍ ഡ്രസിങ് റൂമില്‍ ഉപയോഗിക്കാറില്ല, വിക്കറ്റ് എടുക്കുക മാത്രമാണു ലക്ഷ്യമെന്ന് കോച്ച് അവകാശപ്പെടുമ്പോഴും മൈതാനത്തെ കാഴ്ച മറിച്ചായിരുന്നു. അനുഭവസമ്പന്നരായ രാധാ യാദവും രേണുക താക്കൂറും റണ്‍സ് വഴങ്ങിയതോടെ വിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിന് പകരം ഡോട്ട് ബോളുകള്‍ എറിഞ്ഞ് റണ്‍സ് നിയന്ത്രിക്കാനാണ് നോക്കിയത്. പരുക്കിനെത്തുടര്‍ന്ന് പ്രമുഖ ബൌളര്‍ ശ്രേയങ്ക പാട്ടീലിനു പകുതി മത്സരങ്ങള്‍ നഷ്ടമായതും ഇന്ത്യയുടെ ബൌളിങ്ങിന്റെ മൂര്‍ച്ച കുറച്ചു. ഓസീസ് നിരയിലെ എലീസ് പെറിയുടെയും ആഷ് ഗാര്‍ഡ്‌നറുടെയും അനുഭവസമ്പത്തിനു മുന്നില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ അമ്പേ പതറിപ്പോയി.
വുുമണ്‍സ് പ്രീമിയര്‍ ലീഗ് നാല് സീസണുകള്‍ പിന്നിട്ടിട്ടും ഹര്‍മന്‍പ്രീതിനും ജെമീമയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന പുതിയ ആഭ്യന്തര ബാറ്റര്‍മാരെയൊന്നും വളര്‍ത്തിയെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. വലിയ മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതും വലിയ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്നതും ഇന്ത്യയുടെ സ്ഥിരം ബലഹീനതയായി മാറിയിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സമ്മതിക്കുന്നു.
ഈ ലോകകപ്പ് തോല്‍വി ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വലിയൊരു ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഓര്‍മിപ്പിക്കുന്നു. തന്ത്രങ്ങളിലാണോ, കളിക്കുന്ന ശൈലിയിലാണോ അതോ കോച്ചിങ് സ്റ്റാഫിലാണോ മാറ്റം വരേണ്ടതെന്നു വരും ദിവസങ്ങളില്‍ കണ്ടറിയാം. തല്‍ക്കാലം ഈ നിരാശകള്‍ മാറ്റിവെച്ച്, രണ്ടാഴ്ചകള്‍ക്കുശേഷം ഇതേ ലോഡ്സ് മൈതാനത്ത് നടക്കാനിരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതാ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.
This World Cup defeat is a reminder that Indian women's cricket needs major surgery. Whether the changes are needed in strategy, playing style, or the coaching staff will become clear in the days ahead. For now, however, the team will have to put this disappointment behind them and shift their focus to the historic first-ever women's Test at Lord's, scheduled to be played in two weeks' time.