ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും പരിചയസമ്പത്തേറെയുള്ള ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജിന് ന്യൂസീലൻഡിനെതിരായ ഏകദിന മത്സരത്തിലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ന്യൂസിലൻഡിന് എതിരായ മത്സരത്തിന് മുന്നോടിയായി ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുഹമ്മദ് സിറാജിന് അവസരം ലഭിക്കാതിരുന്നതും ചർച്ചയായിരുന്നു. സിറാജിന് അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് ആരാധകരുടെ വാദം ആവർത്തികുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ കരുത്തായ താരം ഏകദിന ക്രിക്കറ്റിൽ സ്ഥിരമായി അവഗണിക്കപ്പെടുന്നുണ്ടെന്നാണ് മുരളി കാർത്തിക് ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ന്യൂസീലൻഡിനെതിരായ ഏകദിന മത്സരത്തിൽ സിറാജും പേസർ കുൽദീപ് യാദവും ബെഞ്ചിലായിരുന്നെന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ഇരുവർക്കും അവസരം ലഭിച്ചിരുന്നില്ല.
ഇന്ത്യ എ ടീമിനായി റെഡ് ബോൾ ക്രിക്കറ്റിൽ കളിച്ചുതീർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സിറാജിനെ ഏകദിനത്തിൽ കളിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് അധികൃതർ മുന്നോട്ട് വെച്ച വാദം. എന്നാൽ ആ വാദം അംഗീകരിക്കാമെങ്കിലും ഏകദിന ക്രിക്കറ്റിൽ സിറാജിന്റെ കഴിവിലുള്ള വിശ്വാസം ടീമിന് നഷ്ടപ്പെടാൻ കാരണമെന്താണെന്ന ചോദ്യമാണ് ഉയരുന്നതെന്ന് മുരളി കാർത്തിക് ചൂണ്ടിക്കാട്ടി.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഗുർനൂർ ഇതിനോടകം രണ്ടുതവണ 96-97 റൺസ് വഴങ്ങിയിട്ടുണ്ട്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആക്വിബ് നബി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ എന്തുകൊണ്ടാണ് മുഹമ്മദ് സിറാജിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നതെന്നും അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്നും മുരളി കാർത്തിക് ചോദിച്ചു.
2019ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സിറാജ്, ഇതുവരെ 51 മത്സരങ്ങളിലാണ് ഇന്ത്യക്കായി കളിച്ചത്. ഇതിൽ 23 മത്സരങ്ങളും 2023ലായിരുന്നു. ആ വർഷം 20.68 ശരാശരിയിൽ 44 വിക്കറ്റുകൾ വീഴ്ത്തി താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ അതിനുശേഷം ആകെ പത്ത് ഏകദിന മത്സരങ്ങളിൽ മാത്രമാണ് സിറാജിന് കളിക്കാൻ അവസരം ലഭിച്ചത്. ഏകദിന കരിയറിൽ ഇതുവരെ 25.67 ശരാശരിയിൽ 77 വിക്കറ്റുകളാണ് സിറാജ് നേടിയിട്ടുള്ളത്. സ്പിന്നർ കുൽദീപ് യാദവിനും ഏകദിന മത്സരങ്ങളിൽ അവസരം നൽകാത്തത് എന്താണെന്നും മുരളി കാർത്തിക് ചോദിച്ചു.
ഒരു താരത്തിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നും സിറാജിനും കുൽദീപിനും കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കണമെന്നുമാണ് മുരളി കാർത്തിക് ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
‘‘സിറാജിന് ഇനിയെങ്കിലും അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറാജ് കളിച്ചത്. ടീമിലെ ഏറ്റവും മികച്ച ബോളറായിരുന്ന അദ്ദേഹം തന്നെയായിരുന്നു ബോളിങ് നിരയെ മുന്നിൽനിന്ന് നയിച്ചതും. അതുപോലെ കുൽദീപ് യാദവും കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കുൽദീപ് യാദവും തുടർച്ചയായി അവസരങ്ങൾ ലഭിക്കേണ്ട താരമാണ്‘‘- മുരളി കാർത്തിക് പറഞ്ഞു.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതും വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അതിനിടെ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന പരമ്പരയിൽ ബാറ്റിങ് നിരയിൽ ശുഭ്മൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർക്ക് മാറ്റമുണ്ടായിരുന്നില്ല. അക്ഷർ പട്ടേലും കെ.എൽ. രാഹുലും അഞ്ചും ആറും പൊസിഷനിലായിരുന്നു ബാറ്റിങ്ങിന് ഇറങ്ങിയത്.
ന്യൂസിലൻഡിനെതിരെ നാല് പ്രധാന പേസ് ബോളർമാരെ ഉൾപ്പെടുത്താനായിരുന്നു ഗൗതം ഗംബീറിന്റെ തീരുമാനമെങ്കിലും സിറാജിന് ടീമിൽ ഇടം ലഭിച്ചില്ല. പകരം അൻഷുൽ കംബോജ്, ആക്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ് എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ പേസ് നിര.
Former India spinner Murali Kartik has questioned Mohammed Siraj's repeated exclusion from India's ODI playing XI despite his impressive record. Siraj, who enjoyed an outstanding 2023 with 44 wickets, has featured in only a limited number of ODIs since then. Kartik believes both Siraj and Kuldeep Yadav deserve more consistent opportunities to maintain their confidence and rhythm