Cricket

ലോകകപ്പ് നേടിയിട്ടും ക്യാപ്റ്റൻ സൂര്യകുമാർ പുറത്തേക്കോ? ബിസിസിഐയുടെ പുതിയ നീക്കത്തിനു പിന്നിലെ കാരണങ്ങള്‍! പകരം ആര്?

മുംബൈ ഇന്ത്യന്‍സ് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സീസണ്‍ സൂര്യകുമാറിന് ദുരന്തമായി മാറി

Sports Desk

മാസങ്ങള്‍ക്കു മുമ്പ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിപ്പിടിച്ചു നിന്ന സൂര്യകുമാര്‍ യാദവെന്ന 'ദേശീയ ഹീറോ'യെ ക്രിക്കറ്റ് ലോകം അത്ര പെട്ടെന്നൊന്നും മറക്കില്ല. ഒരു വര്‍ഷത്തിനിടെ ഏഷ്യാ കപ്പും ലോകകപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ക്യാപ്റ്റന്‍! എന്നാല്‍ അവിടെനിന്നും കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. ലോകകപ്പ് നേടി മാസങ്ങള്‍ക്കകം, ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുന്ന രീതിയിലേക്ക് സൂര്യകുമാറിന്റെ കരിയര്‍ എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? എന്താണ് ബിസിസിഐയുടെ പുതിയ രഹസ്യ നീക്കങ്ങള്‍ക്ക് പിന്നില്‍?

മറച്ചുവെച്ച മോശം ഫോം

യഥാര്‍ത്ഥത്തില്‍ സൂര്യകുമാറിന്റെ ഫോം ഔട്ട് പെട്ടെന്ന് സംഭവിച്ചതല്ല. 2025-ലെ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ ആഘോഷത്തിലായിരുന്നു. പാകിസ്ഥാനെതിരെ മൂന്നു വിജയം നേടിയ ആ ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ ബാറ്റിങ് ഫോം എത്രത്തോളം ദയനീയമായിരുന്നുവെന്ന് പലരും ശ്രദ്ധിച്ചില്ല. ഏഴ് മത്സരത്തിൽനിന്ന് 72 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

ടീമിന്റെ മികച്ച പ്രകടനം കൊണ്ട് മാത്രം അന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നില്ല. തുടര്‍ന്ന് നടന്ന ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക പരമ്പരകളിലും ഒരു അര്‍ദ്ധസെഞ്ച്വറി പോലും നേടാനാകാതെ സൂര്യകുമാര്‍ പതറി. ഒടുവില്‍ 2026 ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ ആഭ്യന്തര പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ നേടി അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കി. തൊട്ടുപിന്നാലെ 2026 ടി20 ലോകകപ്പ് എത്തി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യുഎസ്എയ്ക്കെതിരെ പുറത്താകാതെ 84 റണ്‍സ് നേടിയെങ്കിലും ആ ടൂര്‍ണമെന്റില്‍ സൂര്യകുമാറിന്റെ ഒരേയൊരു അര്‍ദ്ധസെഞ്ച്വറി അതായിരുന്നു. ഒൻപത് മത്സരത്തിൽനിന്ന് 30.25 ശരാശരിയില്‍ 242 റണ്‍സോടെയാണ് അദ്ദേഹം ലോകകപ്പ് അവസാനിപ്പിച്ചത്. ഇന്ത്യ കിരീടം നിലനിര്‍ത്തിയതുകൊണ്ട് മാത്രം അപ്പോഴും സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി പുകഴ്ത്തപ്പെട്ടു.

ഐപിഎല്ലിലെ തിരിച്ചടി

ലോകകപ്പിലെ മോശം ഫോം മറികടക്കാന്‍ ഐപിഎല്‍ 2026 ഒരു മികച്ച വേദിയാകുമെന്നാണ് എല്ലാവരും കരുതിയത്. സൂര്യകുമാര്‍ യാദവ് എന്ന മിസ്റ്റര്‍ 360 താരത്തെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ടൂര്‍ണമെന്റായിരുന്നു അത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആ സീസണ്‍ സൂര്യകുമാറിന് ഒരു ദുരന്തമായി മാറി. 20.77 എന്ന നിരാശാജനകമായ ശരാശരിയില്‍ വെറും 270 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. സൂര്യകുമാറിന്റെ വിഖ്യാതമായ അണ്‍കണ്‍വെന്‍ഷണല്‍ ഷോട്ടുകളുടെ ബലഹീനതകള്‍ എതിര്‍ ടീമുകള്‍ കൃത്യമായി പഠിച്ചുവെച്ചതോടെ റണ്‍സ് കണ്ടെത്താന്‍ അദ്ദേഹം പാടുപെട്ടു. ഇതോടെ ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ദ്ധരുടെയും ക്ഷമ നശിക്കാന്‍ തുടങ്ങി.

ബിസിസിഐയുടെ ഭാവി പദ്ധതികള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ നില്‍ക്കുന്നത് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. 2028-ല്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പും ഒപ്പം ലോസ് ആഞ്ചലസില്‍ അരങ്ങേറുന്ന ഒളിംപിക്‌സുമാണ് ബിസിസിഐയുടെ ലക്ഷ്യം. ഒരു ദീര്‍ഘകാല ഭാവി ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന സെലക്ടര്‍മാര്‍ക്ക് മുന്നില്‍, നിലവില്‍ 35 വയസ്സുള്ള, ഫോം ഔട്ടായ ഒരു ക്യാപ്റ്റന്‍ അനുയോജ്യമായ ഓപ്ഷനല്ല. സൂര്യകുമാറിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റാനും ടീമില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനുമുള്ള ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണമിതാണ്.

പകരക്കാര്‍ റെഡി

സൂര്യകുമാറിന് പകരമായി ബിസിസിഐക്ക് മുന്നില്‍ ശക്തരായ യുവതാരങ്ങളുടെ നിര തന്നെയുണ്ട്. ഐപിഎല്ലിലെ മികച്ച ബാറ്റിങ്ങിലൂടെയും 2025-ല്‍ പഞ്ചാബ് കിങ്സിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍സി മികവിലൂടെയും ശ്രേയസ് അയ്യര്‍ ഇപ്പോള്‍ ബിസിസിഐയുടെ പ്രധാന ചോയ്സായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവര്‍ക്കു പുറമെ സഞ്ജു സാംസണ്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരും പുതിയൊരു ബാറ്റിങ് നിരയെയും നായകനെയും തേടുന്ന ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ഏഷ്യാ കപ്പും ലോകകപ്പും നേടിയ ഒരു ക്യാപ്റ്റന് തൊട്ടടുത്ത മാസങ്ങളില്‍ തന്നെ ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥ വരുന്നത് ക്രിക്കറ്റില്‍ അപൂര്‍വമാണ്. എന്നാല്‍ ഡേറ്റയും കണക്കുകളും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്, ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാതെ പോയതും പുതിയ തലമുറയുടെ വളര്‍ച്ചയുമാണ് സൂര്യകുമാറിന് തിരിച്ചടിയായതെന്നാണ്.

English Summary: Suryakumar Yadav's dramatic decline has raised questions just months after leading India to Asia Cup and T20 World Cup titles. A prolonged dip in form, poor returns in the 2026 T20 World Cup and a disappointing IPL season have put his place in the team under scrutiny.
With an eye on the 2028 T20 World Cup and the Los Angeles Olympics, the BCCI is reportedly planning for a younger core. Emerging stars such as Shreyas Iyer, Sanju Samson, Tilak Varma and Ishan Kishan are now seen as potential successors in India's T20 setup.