Games

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

​ഗ്രൂപ്പ് എ-യിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് അഫ്​ഗാമിസ്ഥാൻ ഇന്ത്യക്ക് എതിരാളികളായി എത്തിയത്

Sports Desk

2026 ഏഷ്യൻ ​ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ എതിരാളികളെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകനായെത്തുന്ന ഇന്ത്യൻ ടീം നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അഫ്‍​ഗാനിസ്ഥാനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ഐസിസി റാങ്കിങ്ങിലെ മികച്ച സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിലേക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത നേടുകയായിരുന്നു. തിങ്കളാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ടൂർണമെന്റിലെ ആദ്യത്തെ മത്സരം കൂടിയാണിത്.

​ഗ്രൂപ്പ് എ-യിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് അഫ്​ഗാമിസ്ഥാൻ ഇന്ത്യക്ക് എതിരാളികളായി എത്തിയത്. നേപ്പാൾ, ജപ്പാൻ എന്നിവരായിരുന്നു ​ഗ്രൂപ്പിലെ മറ്റ് ടീമുകൾ. തങ്ങളുടെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജപ്പാനെ 48 റൺസിന് പരാജയപ്പെടുത്തിക്കൊണ്ടാണ് അഫ്​ഗാനിസ്ഥാൻ ടൂർണമെന്റിന് മികച്ച തുടക്കം നൽകിയത്. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ അവർ നേപ്പാളിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. പിന്നീട് മഴ കാരണം ജപ്പാനും നേപ്പാളും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചതോടെ, ഗ്രൂപ്പ് എ യിൽ മൂന്ന് പോയിന്റുമായി നേപ്പാൾ ഒന്നാം സ്ഥാനത്തും രണ്ട് പോയിന്റുമായി അഫ്ഗാനിസ്ഥാൻ രണ്ടാം സ്ഥാനത്തുമെത്തി. ഒന്നാം സ്ഥാനക്കാരായ നേപ്പാൾ മറ്റൊരു ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ നേരിടും.

ഇന്ത്യ, പാകിസ്ഥാൻ, ബം​ഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് പുരുഷ ക്രിക്കറ്റിൽ നേരിട്ട് ക്വാർട്ടർ പ്രവേശനം ലഭിച്ചത്. വളരെ ശക്തമായ താരനിരയുമായാണ് ഇന്ത്യ ഇത്തവണ ഏഷ്യൻ ഗെയിംസിനെത്തിയിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, അഭിഷേക് ശർമ്മ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ് എന്നിവർക്ക് പുറമെ സ്റ്റാർ പേസർമാരായ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.

മുഴുവൻ മത്സരങ്ങളും ടി20 ഫോർമാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2023-ൽ നടന്ന ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ റുതുരാജ് ഗെയ്ക്‌വാദിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം സ്വർണ്ണം നേടിയിരുന്നു. അന്ന് അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ ഉയർന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ഇത്തവണയും സ്വർണ്ണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒക്ടോബർ ഒന്നിന് സെമി ഫൈനൽ മത്സരങ്ങളും ഒക്ടോബർ മൂന്നിന് ഫൈനൽ പോരാട്ടവും നടക്കും. അടുത്തിടെ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഗെയിംസിൽ സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. പുരുഷ ടീമും സമാനമായ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.

The Shreyas Iyer-led Indian men's cricket team will face Afghanistan in the quarterfinals of the 2026 Asian Games in Aichi-Nagoya on Monday. As defending champions with a high ICC ranking, India secured a direct entry into the knockouts. Afghanistan advanced by finishing second in Group A. India heads into the T20 tournament with a star-studded squad, aiming to retain their gold medal.