Games

ഏഷ്യൻ ഗെയിംസ് 2026: ജപ്പാനിൽ ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് ദുരിതപർവ്വം; താരങ്ങൾ പെരുവഴിയിലായത് മണിക്കൂറുകൾ

പുതിയ താമസസൗകര്യം സജ്ജമായപ്പോഴേക്കും താരങ്ങളെ കൊണ്ടുവന്ന ആദ്യത്തെ വാഹനം അവിടെനിന്ന് മടങ്ങിപ്പോയിരുന്നു

Sports Desk

ജപ്പാനിലെ ന​ഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കാനെത്തിയ 35 അം​ഗ ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതങ്ങൾ. ​ഗതാ​ഗത സംവിധാനങ്ങളുടെയും താമസ സൗകര്യങ്ങളുടെയും കടുത്ത അപര്യാപ്തത കാരണം ഇന്ത്യൻ കായികതാരങ്ങളും പരിശീലകരും മണിക്കൂറുകളോളമാണ് ന​ഗോയയിലെ തെരുവുകളിൽ കുടുങ്ങിയത്. മികച്ച പ്രകടനം ലക്ഷ്യമിട്ടെത്തിയ താരങ്ങൾക്ക് തുടക്കത്തിൽ തന്നെ നേരിടേണ്ടി വന്ന ഈ ദുരനുഭവം സംഘാടകരുടെ ഭാഗത്തുനിന്നുള്ള വൻ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

സെപ്റ്റംബർ 15ന് രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യൻ സംഘം ന​ഗോയ വിമാനത്താവളത്തിൽ എത്തിയത്. രാത്രി 11 മണിയോടെ കസ്റ്റംസ് പരിശോധനകളെല്ലാം പൂർത്തിയാക്കിയ സംഘം അക്രഡിറ്റേഷൻ കേന്ദ്രത്തിലേക്ക് നീങ്ങുകയും, വെറും 15 മിനിറ്റുകൾക്കുള്ളിൽ അവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അക്രഡിറ്റേഷൻ കേന്ദ്രത്തിൽ നിന്ന് താമസസ്ഥലത്തേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാതെ വന്നതോടെ രാത്രി 11.45 മുതൽ പുലർച്ചെ മൂന്ന് മണി വരെ താരങ്ങൾക്കും പരിശീലകർക്കും യാതൊരു സൗകര്യങ്ങളുമില്ലാതെ കാത്തുകിടക്കേണ്ടി വന്നു. ഒടുവിൽ പുലർച്ചെ മൂന്ന് മണിക്ക് വാഹനം എത്തുകയും 3.30-ഓടെ സംഘം തങ്ങൾക്കായി നിശ്ചയിച്ചിരുന്ന ഹോട്ടലിൽ എത്തിച്ചേരുകയും ചെയ്തു.

എന്നാൽ, ഹോട്ടലിലെത്തിയ താരങ്ങളെ കാത്തിരുന്നത് അതിലും വലിയ ഞെട്ടലായിരുന്നു. 35 അംഗങ്ങളുള്ള വലിയൊരു സംഘത്തിനായി വെറും ഏഴ് മുറികൾ മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. സ്ഥിഗതികൾ വഷളായതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഏകദേശം 400 മീറ്റർ അകലത്തിലുള്ള രണ്ട് വ്യത്യസ്ത ഹോട്ടലുകളിലായി 18 മുറികൾ സംഘത്തിന് വേണ്ടി ഒരുക്കി. എന്നാൽ പുതിയ താമസസൗകര്യം സജ്ജമായപ്പോഴേക്കും താരങ്ങളെ കൊണ്ടുവന്ന ആദ്യത്തെ വാഹനം അവിടെനിന്ന് മടങ്ങിപ്പോയിരുന്നു.

മറ്റ് വാഹനസൗകര്യങ്ങളൊന്നും ഇല്ലാതായതോടെ അതിരാവിലെ ഭാരമേറിയ ഷൂട്ടിങ് ഉപകരണങ്ങളും വസ്ത്രങ്ങളുമടങ്ങിയ വലിയ സ്യൂട്ട്കേസുകൾ സ്വയം വലിച്ചിഴച്ച് ന​ഗോയയിലെ പൊതുനിരത്തുകളിലൂടെ താരങ്ങൾക്ക് നടക്കേണ്ടി വന്നു. വനിതാ താരങ്ങളുടെ ഭാരമേറിയ ല​ഗേജുകൾ സുരക്ഷിതമായി മുറികളിൽ എത്തിക്കാൻ പുരുഷ താരങ്ങൾക്ക് രണ്ട് ഹോട്ടലുകൾക്കുമിടയിൽ പല തവണ നടക്കേണ്ടതായും വന്നു. വിമാനമിറങ്ങി എട്ട് മണിക്കൂറിലധികം പിന്നിട്ടതിന് ശേഷം, പുലർച്ചെ അഞ്ചരയോടെയാണ് ഇന്ത്യൻ സംഘത്തിന് മുറികളിൽ പ്രവേശിക്കാനും അല്പമൊന്ന് വിശ്രമിക്കാനും സാധിച്ചത്.

സെപ്റ്റംബർ 16ന് വിശ്രമത്തിന് ശേഷം 17ന് രാവിലെ പരിശീലനം പുനഃരാരംഭിക്കാൻ ഇറങ്ങിയ താരങ്ങളെ ഗതാഗത പ്രശ്നങ്ങൾ വീണ്ടും വലച്ചു. രാവിലെ 7.00 മണിക്ക് ബസ്സിൽ കയറി 8.20ന് ഷൂട്ടിങ് റേഞ്ചിൽ എത്താനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ എല്ലാവരെയും കൊണ്ടുപോകാനായി ആകെ ഒരു ബസ് മാത്രമാണ് എത്തിയത്. ഇതോടെ ടീം അംഗങ്ങൾക്കും പരിശീലകർക്കും മൂന്നര മണിക്കൂറോളം വെറുതെ കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ രാവിലെ 10.30ന് ബസ്സിൽ കയറിയ സംഘം ഉച്ചയ്ക്ക് 12.30നാണ് പരിശീലന വേദിയിൽ എത്തിയത്.

മറ്റ് രാജ്യങ്ങളുടെ പ്രതിനിധികൾക്കും സമാനമായ ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യൻ സംഘത്തിന് നേരിടേണ്ടി വന്നത് തികച്ചും ദയനീയമായ അവസ്ഥയാണ്. സുപ്രധാനമായ മത്സരങ്ങൾക്ക് മുന്നോടിയായി കായികതാരങ്ങൾക്ക് നേരിടേണ്ടി വന്ന ഈ കടുത്ത അനാസ്ഥയും മാനസിക ബുദ്ധിമുട്ടുകളും ഏഷ്യൻ ഗെയിംസിന്റെ സംഘാടന മികവിനെതിരെ വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

The 35-member Indian shooting contingent faced a severe logistical nightmare upon arriving in Nagoya for the 2026 Asian Games. Athletes and coaches were left stranded at the accreditation center for hours without transport. Upon finally reaching their hotel, they discovered only seven rooms were booked for the entire team, forcing the Indian Olympic Association (IOA) to intervene. Athletes had to manually drag heavy shooting equipment through the streets at dawn to reach alternative accommodations. Furthermore, severe transport delays disrupted their training schedule the following day, raising serious questions about the organizers' operational readiness.