Games

കോമൺവെൽത്ത് ഗെയിംസിൽ പെൺകരുത്തിന്റെ ഇടിമുഴക്കം; ലോകവേദിയിൽ അഭിമാനമായി ഇന്ത്യൻ വനിതകൾ

രാജ്യത്തിന്റെ സ്വർണ്ണനേട്ടത്തിന്റെ 60 ശതമാനത്തിലധികവും പെൺകരുത്തിന്റെ സംഭാവനയാണ്.

Sports Desk

ഗ്ലാസ്ഗോയിലെ കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഇന്ത്യയിലെ ദേശീയ ഗാനം മുഴങ്ങിക്കേട്ടപ്പോൾ, ആ സുവർണ വേദിയിൽ കൂടുതൽ തവണയും തലയുയർത്തി നിന്നത് ഇന്ത്യൻ വനിതകളായിരുന്നു. വെറുമൊരു മെഡൽ നേട്ടത്തിനപ്പുറം കാലങ്ങളായി അവർ അനുഭവിച്ച ത്യാഗത്തിന്റെയും അക്ഷീണമായ അധ്വാനത്തിന്റെയും കഥകൾ കൂടിയാണ് ലോകത്തിന് മുന്നിൽ അവർ വിളിച്ചുപറഞ്ഞത്. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി മുന്നേറിയ ഇന്ത്യൻ പെൺകരുത്തിന്റെ ചരിത്രവിജയമായാണ് 2026-ലെ കോമൺവെൽത്ത് ഗെയിംസ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ നേടിയ 13 സ്വർണ്ണ മെഡലുകളിൽ എട്ടും സ്വന്തമാക്കിയത് വനിതാ താരങ്ങളാണ്. അതായത് രാജ്യത്തിന്റെ സ്വർണ്ണനേട്ടത്തിന്റെ 60 ശതമാനത്തിലധികവും പെൺകരുത്തിന്റെ സംഭാവനയാണ്. ഒറ്റപ്പെട്ട ചില വിജയങ്ങൾ എന്നതിലുപരി ഇന്ത്യൻ കായിക മേഖലയിൽ വന്നിട്ടുള്ള വലിയൊരു മാറ്റത്തെയാണ് ഈ കണക്കുകൾ അടിവരയിടുന്നത്. ഒരു കാലത്ത് അന്താരാഷ്ട്ര വേദിയിൽ ഒരു ഇന്ത്യൻ വനിത സ്വർണ്ണം നേടുന്നത് അത്ഭുതമായി കണ്ടിരുന്നെങ്കിൽ, ഇന്ന് സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുന്നു.

ഭാരോദ്വഹനത്തിൽ മീരാബായ് ചാനു തന്റെ ആധിപത്യം തുടർന്നപ്പോൾ, ജൂഡോയിൽ ചരിത്രം കുറിച്ചുകൊണ്ട് അസ്മിത ഡേ സ്വർണ്ണം കരസ്ഥമാക്കി. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും അസ്മിത സ്വന്തമാക്കി. പാരാ അത്‌ലറ്റിക്സിൽ ശർമ്മിള ധൻകർ സ്വർണ്ണം നേടിയപ്പോൾ, ബോക്സിങ് റിങിൽ അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ പെൺപുലികൾ ഇടിമുഴക്കം സൃഷ്ടിച്ചു. പ്രീതി പവാർ, ജാസ്മിൻ ലംബോറിയ, സാക്ഷി ചൗധരി, പ്രിയ ഘാൻഘസ്, അരുന്ധതി ചൗധരി എന്നിങ്ങനെ അഞ്ച് താരങ്ങളാണ് ബോക്സിങിൽ മാത്രം സ്വർണ്ണം ഇടിച്ചുനേടിയത്. ഇത് ഒരു തലമുറയുടെയോ ഒരു പ്രത്യേക കായിക ഇനത്തിന്റെയോ മാത്രം വിജയമല്ല, മറിച്ച് ലോകോത്തര ചാമ്പ്യന്മാരെ വാർത്തെടുക്കാൻ കെൽപ്പുള്ള ശക്തമായൊരു കായിക സംസ്കാരം ഇന്ത്യയിൽ വേരുറപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഈ മെഡലുകൾക്ക് പിന്നിലെ ജീവിതയാത്രകൾ പരിശോധിക്കുമ്പോഴാണ് യഥാർത്ഥ പോരാട്ടത്തിന്റെ വ്യാപ്തി ലോകം മനസിലാക്കുന്നത്. ഈ ചാമ്പ്യന്മാരിൽ പലരും സുഖസൌകര്യങ്ങളുടെ നടുവിൽ നിന്നും കായികരംഗത്തേക്ക് വന്നവരല്ല. ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന് തികച്ചും വ്യത്യസ്തമായ ബോക്സിങ് തിരഞ്ഞടുത്ത് വിജയം വരിച്ച പ്രീതി പവാർ, കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി സ്കൂളിൽ പോവുകയും വൈകുന്നേരങ്ങളിൽ അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കുകയും ചെയ്ത ഹർജീന്ദർ കൗർ (ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ), അമ്മയായതിന് ശേഷം ഭർത്താവിനെത്തന്നെ പരിശീലകനാക്കി കായിക വേദിയിലേക്ക് ശക്തമായി തിരിച്ചെത്തിയ സീമ കാലിരാമന (ഡിസ്കസ് ത്രോയിൽ വെങ്കലം) എന്നിവരുടെയെല്ലാം കഥകൾ വലിയ അതിജീവനത്തിന്റേതാണ്.

കഴിഞ്ഞ ഡിസംബറിൽ മരിച്ചുപോയ തന്റെ അച്ഛനാണ് അസ്മിത ഡേ ഈ സ്വർണ്ണ നേട്ടം സമർപ്പിച്ചത്. ഗ്രാമങ്ങളിൽ നിന്നും ചെറിയ നഗരങ്ങളിൽ നിന്നും വരുന്ന ഇവർ, സാമ്പത്തികവും സാമൂഹികവുമായ തങ്ങളുടെ പോരായ്മകളെ അചഞ്ചലമായ നിശ്ചയദാർഢ്യം കൊണ്ടാണ് മറികടന്നത്. ഈ കഠിനാധ്വാനത്തിനുള്ള അർഹിച്ച അംഗീകാരം കൂടിയാണ് ഗ്ലാസ്‌ഗോയിലെ മെഡൽ നേട്ടങ്ങൾ.

കായിക രംഗത്തെ ഈ വനിതാ മുന്നേറ്റത്തെ ഏറെ അഭിമാനത്തോടെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പി ടി ഉഷ നോക്കിക്കാണുന്നത്. ഈ നേട്ടം അത്‌ലറ്റുകളുടെയും അവരുടെ കുടുംബങ്ങളുടെയും പരിശീലകരുടെയും വർഷങ്ങളുടെ സമർപ്പണത്തിന്റെ ഫലമാണെന്നും, ലോകവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആയിരക്കണക്കിന് പെൺകുട്ടികൾക്ക് ഈ വിജയങ്ങൾ വലിയ പ്രചോദനമാകുമെന്നും അവർ പറഞ്ഞു. സ്വർണ്ണ നേട്ടത്തിന് പുറമെ, ലവ്‌ലീന ബോർഗോഹെയ്ൻ, രൂപൽ, നികിത ധ്യാനി, ഹർജീന്ദർ കൗർ എന്നിവർ വെള്ളിയും സീമ കാലിരാമന, നികിത, സോണിയ ബൈശ്യ, ലിഷ ദാസ് തുടങ്ങി നിരവധി വനിതാ താരങ്ങൾ വെങ്കലവും നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയിട്ടുണ്ട്.

വെറും അക്കങ്ങളിൽ ഒതുങ്ങുന്നതല്ല ഗ്ലാസ്‌ഗോയിലെ ഇന്ത്യൻ വനിതകളുടെ ഈ സുവർണ്ണ നേട്ടം. അത് ഇന്ത്യൻ കായികരംഗത്തിന്റെ പുതിയ മുഖമാണ്. സാഹചര്യങ്ങളെക്കാളും സാമ്പത്തിക പിൻബലത്തേക്കാളും ഉപരി നിരന്തരമായ പരിശ്രമം കൊണ്ടുമാത്രം ലോകനെറുകയിൽ എത്താമെന്ന് അവർ ഓരോരുത്തരും തെളിയിച്ചിരിക്കുന്നു. വരാനിരിക്കുന്ന കായിക മാമാങ്കങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ പെൺകരുത്ത് രചിച്ച ഈ പുതിയ സുവർണ്ണ അധ്യായം.

Indian women athletes spearheaded the country's success at the 2026 Glasgow Commonwealth Games, securing 8 out of India's 13 gold medals. Standout performances came from weightlifter Mirabai Chanu, judoka Asmita Dey, and five gold-winning boxers, including Preeti Pawar and Jaismine Lamboria. Beyond the impressive medal tally, their victories underscore inspiring stories of resilience, sacrifice, and the remarkable rise of women from modest backgrounds to the pinnacle of global sports.