Games

ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ വീഴ്ത്തി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടവും ലോകകപ്പ് യോഗ്യതയും

സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 5-1 ന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.

Sports Desk

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ചൈനയെ കീഴടക്കി ജൂനിയർ വനിതാ ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന് തുടർച്ചയായ മൂന്നാം കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. ഈ ഗംഭീര കിരീടനേട്ടത്തോടെ വരാനിരിക്കുന്ന എഫ്ഐഎച്ച് (FIH) ജൂനിയർ വനിതാ ലോകകപ്പിനുള്ള യോഗ്യതയും ഇന്ത്യൻ ടീം സ്വന്തമാക്കി.

രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ, 17-ാം മിനിറ്റിൽ സനിക ചന്ദ്രകാന്ത് മാനെ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടർന്ന് സമനിലയ്ക്കായി ചൈന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധ നിര ഉറച്ചുനിന്നു. മത്സരത്തിലുടനീളം പക്വതയാർന്ന പ്രതിരോധം കാഴ്ചവെച്ച ഇന്ത്യ ലീഡ് നിലനിർത്തുകയായിരുന്നു.

ഫൈനലിന്റെ തുടക്കത്തിൽ ഇരു ടീമുകളും അൽപം സമ്മർദ്ദത്തിലായിരുന്നു. ആദ്യ ക്വാർട്ടറിൽ ചൈന പന്ത് കൂടുതൽ സമയം കൈവശം വെക്കുകയും ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, പക്വതയോടെ കളിച്ച ഇന്ത്യൻ നിര ചൈനയ്ക്ക് കൃത്യമായ അവസരങ്ങളൊന്നും നൽകിയില്ല. ഇതോടെ ആദ്യ ക്വാർട്ടർ ഗോളില്ലാതെ അവസാനിച്ചു.

രണ്ടാം ക്വാർട്ടർ തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ തങ്ങൾക്ക് ലഭിച്ച അവസരം ​ഗോളാക്കി മാറ്റി. മികച്ച ​ഗെയിം റീഡിങ്ങിലൂടെ ചൈനീസ് ഡിഫൻഡർമാരെ കബളിപ്പിച്ച് മുന്നേറിയ സനിക, പോസ്റ്റിന് അഞ്ച് മീറ്റർ മാത്രം അകലെ കൃത്യമായ പൊസിഷൻ കണ്ടെത്തി. സർക്കിളിലേക്ക് വന്ന പന്ത് വിദഗ്ദ്ധമായി ഡിഫ്ലെക്ട് ചെയ്ത് ചൈനീസ് ഗോൾകീപ്പർ ഷു മെങ്ജിയാവോയെ മറികടന്ന് സനിക ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

മത്സരത്തിൽ ലഭിച്ച ഏക പെനാൽറ്റി കോർണറിലൂടെ ​ഗോൾ മടക്കാൻ ചൈനയ്ക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. എന്നാൽ, ബോർഡിന്റെ അനുവദനീയമായ ഉയരത്തിനും മുകളിലൂടെയാണ് പന്ത് വലയിൽ പ്രവേശിച്ചത് എന്നതിനാൽ അമ്പയർ ​ഗോൾ നിഷേധിച്ചു. ഹോം ഗ്രൗണ്ടിലെ കാണികളെ നിരാശരാക്കിയ ഈ തീരുമാനം ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകിയത്.

ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ക്യാപ്റ്റൻ ഖൈദെം ഷിലൈമ ചാനുവിലൂടെ ഇന്ത്യ ലീഡ് ഉയർത്താൻ മികച്ചൊരു ശ്രമം നടത്തിയെങ്കിലും ചൈനീസ് ​ഗോൾകീപ്പർ അത് തട്ടിയകറ്റി. ഇതോടെ ആവേശകരമായ രണ്ടാം പകുതിക്ക് കളമൊരുക്കിക്കൊണ്ട് ഇന്ത്യ 1-0 എന്ന നിർണായക ലീഡുമായി ആദ്യ പകുതി പൂർത്തിയാക്കി.

മൂന്നാം ക്വാർട്ടറിൽ ആവേശത്തോടെ തിരിച്ചെത്തിയ ചൈന ഏഴാം മിനിറ്റിൽ തന്നെ സമനില ​ഗോളിന് തൊട്ടരികിലെത്തി. ബേസ്‍ലൈനിലൂടെ ഓടിക്കടയറിയ ഒരു ചൈനീസ് താരം ​ഗോൾ പോസ്റ്റിന് മുന്നിലേക്ക് അപകടകരമായൊരു മൈനസ് പാസ് നൽകി. എന്നാൽ, ചൈനീസ് നീക്കം കൃത്യമായി മനസ്സിലാക്കിയ ഇന്ത്യൻ പ്രതിരോധ നിര ലക്ഷ്യത്തിലെത്തും മുമ്പേ ആ പാസ് തട്ടിയകറ്റി അപകടമൊഴിവാക്കി.

അവസാന ക്വാർട്ടർ ഇന്ത്യൻ പ്രതിരോധത്തിന്റെ യഥാർത്ഥ കരുത്ത് തെളിയിക്കുന്നതായിരുന്നു. തങ്ങളുടെ സർക്കിളിന് ചുറ്റും ഒരു കോട്ട തീർത്തുകൊണ്ട് അച്ചടക്കത്തോടെയും അതീവ ജാഗ്രതയോടെയും ഇന്ത്യൻ താരങ്ങൾ നിലയുറപ്പിച്ചതോടെ ചൈനയുടെ മുന്നേറ്റങ്ങളെല്ലാം വിഫലമായി. അവസാന നിമിഷങ്ങളിലും ഒട്ടും പതറാതെ ഉറച്ചുനിന്ന ഇന്ത്യ 1-0 എന്ന അവിസ്മരണീയ വിജയത്തോടെ കിരീടം സ്വന്തമാക്കി.

ടൂർണമെന്റിലുടനീളം ഒരു കളിയിൽ പോലും തോൽവിയറിയാതെയാണ് ഇന്ത്യയുടെ ഈ രാജകീയ മുന്നേറ്റം. എലൈറ്റ് പൂളിൽ മൂന്ന് ജയവും ഒരു സമനിലയുമായി ഒന്നാമതെത്തിയ ഇന്ത്യ, സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 5-1 ന് തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.

ചരിത്രവിജയം സ്വന്തമാക്കിയ ടീമിലെ ഓരോ താരങ്ങൾക്കും 3 ലക്ഷം രൂപ വീതവും, സപ്പോർട്ട് സ്റ്റാഫിന് 1.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു.

The Indian junior women's hockey team clinched their third consecutive AHF Junior Asia Cup title by defeating hosts China 1-0 in a thrilling final. Sanika Chandrakant Mane scored the decisive goal in the 17th minute. Finishing the tournament unbeaten, the defending champions showcased exceptional defensive resilience and successfully secured their qualification for the upcoming FIH Junior Women's World Cup.