Games

ചെസ്സിൽ വിസ്മയം തുടർന്ന് പ്രഗ്നാനന്ദ, മാഗ്നസ് കാൾസനെ വീണ്ടും തോൽപിച്ചു; അടുത്തത് നോർവെ കിരീടം

2026 നൊർവെ ചെസ് ടൂർണമെന്റിലെ എട്ടാം റൗണ്ടിലാണ് താരം ഇന്നലെ കാൾസനെ വീണ്ടും പരാജയപ്പെടുത്തിയത്

Sports Desk

ചെസ്സിൽ ഇന്ത്യൻ താര വിസ്മയം വീണ്ടും തുടരുകയാണ്. ലോക ഒന്നാം നമ്പർ താരവും ചെസ് ഇതിഹാസവുമായ മാഗ്നസ് കാൾസനെ വീണ്ടും തോൽപിച്ച് കൗമാര പ്രതിഭ ആർ പ്രഗ്നാനന്ദ ചരിത്രത്തിൽ തന്റെ സ്ഥാനം വികസിപ്പിച്ചു. ഇന്നലെ നോർവെയിൽനടന്ന 2026 നൊർവെ ചെസ്സ് ടൂർണമെന്റിലെ എട്ടാം റൗണ്ടിലാണ് താരം കാൾസനെ പരാജയപ്പെടുത്തിയത്. മെയ് 27ന് മൂന്നാം റൗണ്ടിലും വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാൾസനെ പരാജയപ്പെടുത്തിയിരുന്നു. 2024ൽ ഇതേ നോർവേ ചെസ് ടൂർണമെന്റിൽ കാർൽസനെ തോൽപ്പിച്ച താരമാണ് 20 കാരനായ പ്രഗ്നാനന്ദ.

ക്ലാസിക്കൽ ചെസ്സിൽ കഴിഞ്ഞ 19 വർഷത്തിനിടെ ഒരു ടൂർണമെന്റിൽ കാൾസനെ രണ്ടുതവണ പരാജയപ്പെടുത്തുന്ന ആദ്യ താരമായാണ് പ്രഗ്നാനന്ദയുടെ പേര് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു താരം ഇന്ത്യൻ ചെസ് ഇതിഹാസമായ വിശ്വനാഥൻ ആനന്ദ് ആയിരുന്നു. 2007ലെ ലിനാറെസ് അന്താരാഷ്ട്ര ടൂർണമെന്റിലായിരുന്നു ആനന്ദ് കാൾസനെ രണ്ടു തവണ പരാജയപ്പെടുത്തിയത്.

അതേസമയം, കാൾസനെ പരാജയപ്പെടുത്തിയതിനേക്കാൾ ടൂർണമെന്റിൽ വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും നോർവീജിയൻ താരം അതിശയകരമായി പ്രതിരോധിച്ചിരുന്നുവെന്നും സമ്മർദ്ദഘട്ടങ്ങളിലും കാൾസൻ കൃത്യമായ നീക്കങ്ങൾ കണ്ടെത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ 12 പോയിന്റുമായി പ്രഗ്നാനന്ദ ടൂർണമെന്റിൽ മൂന്നാം സ്ഥാനത്താണ്. 14 പോയിന്റുമായി അമേരിക്കൻ സ്വദേശിയായ വെസ്ലെ സോ ഒന്നാം സ്ഥാനത്തും, 13 പോയിന്റുമായി ഫ്രാൻസ് താരം അലിറേസ ഫിറൗസ രണ്ടാം സ്ഥാനത്തുമുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരമാവധി പോയിന്റ് നേടാനായാൽ ടൂർണമെന്റ് കിരീടത്തിനായോ കുറഞ്ഞത് പോഡിയം ഫിനിഷിനായോ പ്രഗ്നാനന്ദയ്ക്ക് ശക്തമായ സാധ്യതയുണ്ട്.

ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനായി 2005 ഓഗസ്റ്റ് 10നാണ് ആർ. പ്രഗ്നാനന്ദയുടെ ജനനം. ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ് പ്രഗ്നാനന്ദ. ഏഴാം വയസിൽ ഫിഡെ മാസ്റ്റർ പദവിയും, 10ാം വയസിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ മാസ്റ്റർ ഏന്ന നേട്ടവും താരം സ്വന്തം പേരിലാക്കി. റഷ്യൻ താരം സെർജി കർജകിനു ശേഷം (2018) ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടവും പ്രഗ്നാനന്ദയ്ക്കുള്ളതാണ്. റാപിഡ് ചെസ് ആണ് ഈ ഇരുപതുകാരന്റെ ഏറ്റവും സ്ട്രോങ് പോയിന്റ്.

English Summary: R Praggnanandhaa defeated world No. 1 Magnus Carlsen twice in the 2026 Norway Chess tournament, creating a historic achievement. He became the first player in 19 years to beat Carlsen twice in a single tournament after Viswanathan Anand. He currently holds third place with 12 points, behind Wesley So and Alireza Firouzja, and is still in title contention.