ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി. ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സുപ്രിം കോടതി അനുവാദം നൽകി. ഫോഗട്ടിനെ ട്രെയൽസിൽ പങ്കെടുപ്പിക്കരുതെന്ന ഗുസ്തി ഫെഡറേഷന്റെ അപേക്ഷ തള്ളിയാണ് കോടതി വിധി.
നാളെയാണ് ഗ്വാണ്ടയിൽ ഏഷ്യൻ ഗെയിംസ് ട്രയൽസ് ആരംഭിക്കുക. പ്രസവാവധി കഴിഞ്ഞ് തിരികെയെത്തിയ വിനേഷിനെ ട്രെയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യയാക്കിക്കൊണ്ട് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വിനേഷ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ വിധിക്കെതിരെ വിനേഷ് അപ്പീൽ നൽകി. തുടർന്ന് മെയ് 22ന് താരത്തിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അനുമതി ഡൽഹി ഹൈക്കോടതി നൽകി.
ഇതിനെതിരെ വീണ്ടും സുപ്രിം കോടതിയിൽ ഗുസ്തി ഫെഡറേഷൻ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണിപ്പോൾ കോടതി വിധിയെത്തിരിക്കുന്നത്. വിധിയിൽ ഗുസ്തി ഫെഡറേഷനെ കോടതി കാര്യമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ താരമാണ് വിനേഷ് എന്നും വിനേഷിന്ർറെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ, കാര്യങ്ങൾ വേറൊരു രീതിയിലായേനേ എന്നുമായിരുന്നു സുപ്രിംകോടതിയുടെ വിമർശനം.
ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതികാരസമീപനമാണ് ഗുസ്തി ഫെഡറേഷൻ കൈക്കൊള്ളുന്നത്. ഏഷ്യൻ ഗെയിംസ് ട്രയലിനു മുന്നോടിയായുള്ള ഓപ്പൺ റാങ്കിങ് ടൂർണമെന്റിനായി ഇന്നലെ ഉത്തർപ്രദേശിലെ ഗോണ്ടയിലെത്തിയ വിനേഷിനെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചിരുന്നു.
അച്ചടക്ക ലംഘനം ആരോപിച്ച് നൽകിയ കാരണംകാണിക്കൽ നോട്ടീസിന് വിശദമായ മറുപടി നൽകിയില്ലെന്നാരോപിച്ചായിരുന്നു ഫെഡറേഷന്റെ നടപടി. തുടർന്ന് അച്ചടക്കലംഘനം, പാരിസ് ഒളിംപിക്സിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കംവരുത്തി, ആന്റി ഡോപ്പിങ് ആരോപണം, വിരമിച്ചാൽ തിരകെ പ്രവേശിക്കാനുള്ള ആറുമാസ കാലാവധി പാലിക്കണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ശനിയാഴ്ച വിനേഷിന് ഫെഡറേഷൻ നോട്ടിസ് നൽകുകയും ചെയ്തു. മറുപടിക്കായി 14 ദിവസം സമയവും നൽകിയിരുന്നു. പിന്നാലെ ഗോണ്ടിയിലെത്തിയ വിനേഷ് മറുപടി നൽകിയെങ്കിലും വിശദമായ മറുപടി വേണമെന്ന് ആവശ്യപ്പെട്ടാണ്, വിനേഷിനെ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽനിന്ന് ഫെഡറേഷൻ വിലക്കിയത്.
ഗുസ്തി ഫെഡറേഷന്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് കഴിഞ്ഞാഴ്ച എക്‌സില്‍ പങ്കുവച്ച വൈകാരിക വിഡിയോ സന്ദേശത്തില്‍ വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. ബി ജെ പി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ ആറ് വനിത ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
English Summary: Wrestler Vinesh Phogat gets permission to participate in the Asian Games trials. The Supreme Court allowed her to take part in the selection trials for the Games, rejecting the Wrestling Federation’s plea against her participation. The Asian Games trials are set to begin tomorrow in Gonda. The Wrestling Federation of India had earlier barred Vinesh, who recently returned after maternity leave, from participating in the trials. However, the Supreme Court allowed her to compete, rejecting the federation’s plea against her participation.