അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി കൂടിയാലോചനകൾ ആരംഭിച്ചു. മേയ് 19 നായിരിക്കും ടീം പ്രഖ്യാപനം.
മലയാളി താരം സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത് ഏകദിന ടീമിൽ സഞ്ജുവിനു ഇടമുണ്ടാകില്ലെന്നാണ്.
പ്രധാന വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുൽ തുടരുമെന്ന് ഉറപ്പാണ്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ ഇതുവരെ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ പന്ത് പുറത്തിരിക്കും. പകരം സഞ്ജുവല്ല, ഇഷാൻ കിഷൻ ആയിരിക്കും ടീമിൽ ഇടംപിടിക്കുക. ഇടംകൈയൻ ബാറ്റർ ആണെന്ന ആനുകൂല്യമാണ് സഞ്ജുവിനെ പിന്നിലാക്കി ഏകദിന ടീമിലെത്താൻ ഇഷാനെ സഹായിച്ചത്.
രോഹിത് ശർമയ്ക്കു ശേഷം ഏകദിന ഓപ്പണറായി ഇഷാൻ കിഷൻ പരിഗണനയിലുണ്ട്. സഞ്ജുവിനേക്കാൾ പ്രായവും കുറവാണ്. ഈ ഘടകങ്ങളെല്ലാം ഇഷാൻ കിഷനു ഗുണകരമാകും. രവീന്ദ്ര ജഡേജയുടെ ഏകദിന കരിയറിൽ സെലക്ടർമാർ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സമീപകാലത്ത് ഇന്ത്യക്കായി ഏകദിനത്തിൽ തിളങ്ങാൻ ജഡേജയ്ക്കു സാധിച്ചിട്ടില്ല. ജഡേജയ്ക്കു പകരം അക്‌സർ പട്ടേലിനെ സ്പിൻ ഓൾറൗണ്ടർ എന്ന നിലയിൽ പ്രധാന പരിഗണന നൽകും.
വിരാട് കോലി, രോഹിത് ശർമ എന്നിവർ ഏകദിന ടീമിൽ തുടരും. ശുഭ്മാൻ ഗിൽ തന്നെയായിരിക്കും നായകൻ. യശസ്വി ജയ്‌സ്വാളിനു ടീമിൽ ഇടമുണ്ടാകില്ല.
English Summary: The Board of Control for Cricket in India is set to announce India’s squad for the upcoming ODI series against Afghanistan. The selection committee, led by chief selector Ajit Agarkar, has already begun discussions regarding the team combination and player selections. The official squad announcement is expected on May 19.