Sports News

നാല് കളികളില്‍ വിക്കറ്റില്ലാതെ ബുംറ, താളം തെറ്റി മുംബൈ ബൗളിങ്ങ്; ബുംറയ്ക്ക് പിന്തുണയുമായി അശ്വിന്‍

സീസണിലെ ഏറ്റവും മോശം ബൗളിങ് റെക്കോര്‍ഡുമായി മുബൈ ഇന്ത്യന്‍സ്

Madism Desk

സീസണിലെ നാലാം പോരാട്ടവും അവസാനിക്കുമ്പോൾ വിക്കറ്റ് വേട്ടയിൽ പതറുന്ന ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യൻസിന് വലിയ ആശങ്കയാകുന്നു. കഴിഞ്ഞ സീസണിലെ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ വിക്കറ്റുകൾക്ക് ശേഷം ബുംറയുടെ പന്തുകൾക്ക് പഴയ മൂർച്ചയില്ലെന്ന വിമർശനം ആരാധകർക്കിടയിൽ തന്നെ ശക്തമാണ്. തുടർച്ചയായ നാല് മത്സരങ്ങളിൽ വിക്കറ്റ് കണ്ടെത്താനാകാതെ പോയതോടെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾ ഉയരുന്നതിനിടെയാണ് ബുംറയ്ക്ക് പിന്തുണയുമായി ആർ. അശ്വിൻ രംഗത്തെത്തിയത്. വിക്കറ്റുകൾ ലഭിക്കുന്നില്ലെങ്കിലും ബുംറയുടെ ഇക്കണോമി റേറ്റും പന്തുകളിലെ കൃത്യതയും വിസ്മരിക്കരുതെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു.

അശ്വിന്റെ വാക്കുകള്‍

വിക്കറ്റുകള്‍ ലഭിക്കുന്നില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരില്‍ ഈ സീസണിലെ ഏറ്റവും മികച്ച ബൗളര്‍ ബുംറ തന്നെയാണെന്ന് അശ്വിന്‍ പറഞ്ഞു. ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിയുന്നത് ഇപ്പോഴും ബുംറയാണെന്നും, ഇന്നലെ നടന്ന ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ പോലും ബുംറക്കായിരുന്നു ഏറ്റവും മികച്ച ഏക്കോണമിയെന്നും അശ്വിന്‍ പറഞ്ഞു.

അതോടൊപ്പം, രജത് പട്ടിദാറിനെതിരെ മായങ്ക് മര്‍ക്കാണ്ടെയെ ഉപയോഗിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനത്തെ അശ്വിന്‍ വിമര്‍ശിച്ചു.

ബുറയുടെ പ്രതികരണം

"വിക്കറ്റ് നേടുന്നതിലുപരി യോര്‍ക്കറുകള്‍ കൊണ്ടും, ശ്വാസം മുട്ടിക്കുന്ന ബൗളിങ് കൊണ്ടും എതിരാളികള്‍ റണ്‍സെടുക്കുന്നത് തടയലാണ് എന്റെ ലക്ഷ്യം, പ്രത്യേകിച്ച് വാംഖഡെ പോലൊരു പിച്ചില്‍" ബുംറ പറഞ്ഞു. നമ്മുടെ വിക്കറ്റ് നേട്ടത്തെ, സഹതാരങ്ങളുടെ പ്രകടനവും ബാധിക്കുമെന്നും ബുംറ അഭിപ്രായപ്പെട്ടു.

ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഹാര്‍ദിക്

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ബോളിങ്ങിലും ബാറ്റിങ്ങിലും തങ്ങള്‍ക്ക് എതിരാളിക്കുമേല്‍ ആധിപത്യം പുലര്‍ത്താനാവുന്നില്ലെന്നും, പ്രശ്‌നം പരിഹരിച്ച് തിരിച്ച് വരുമെന്നും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

പ്രതീക്ഷ തെറ്റിച്ച് മറ്റു ബൗളേഴ്‌സ്

ട്രെന്റ് ബോള്‍ട്ടിനെ പോലുള്ള പരിചയസമ്പന്നനായ ഒരു ബൗളര്‍ വലിയ എക്കോണമി വഴങ്ങി ബോള്‍ ചെയ്യുന്നതും ആശങ്കപ്പെടേണ്ടതാണ്. സീസണില്‍ വെറും ഒരു വിക്കറ്റ് മാത്രമാണ് ബോള്‍ട്ടിന്റെ സമ്പാദ്യം. മുംബൈയുടെ ഒരു ബൗളര്‍ പോലും 10 വിക്കറ്റ് നേടിയവരുടെ പട്ടികയിലില്ല. ഷര്‍ദുല്‍ താക്കൂര്‍ വിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും എക്കോണമി വളരെ മോശമാണ്. സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്‌നര്‍ക്കും, മായങ്ക് മാര്‍ക്കണ്ടെയ്ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. അശ്വനി കുമാറിനെ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാത്തതും, ദീപക് ചഹറിനെ പോലുള്ള ബൗളേഴ്‌സിന് വന്ന വേഗതക്കുറവും ടീമിന് വിനയായി.

English Summary: Jasprit Bumrah is going through a rare wicketless run in the current IPL season, with four matches without a wicket, as Mumbai Indians struggle with poor bowling performances overall. Despite criticism, Ravichandran Ashwin has backed Bumrah, highlighting his excellent economy rate and impact.